മലയാറ്റൂരിന്റെ യക്ഷിക്ക് ഇന്ന് 56 വയസ്.
മഞ്ഞിലാസിന്റെ ബാനറില്‍ എം.ഒ.ജോസഫ് നിര്‍മ്മിച്ച് കെ.എസ്.സേതുമാധവന്‍ സംവിധാനം ചെയ്ത സിനിമയാണ് യക്ഷി. ഇതേ പരിലുള്ള മലയാറ്റൂര്‍ രാമകൃഷ്ണന്റെ നോവലിന് തിരക്കഥയും സംഭാഷണവും എഴുതിയത് തോപ്പില്‍ഭാസി. ചിത്രസംയോജനം-എം.എസ്.മണി
കലാസംവിധാനം-ആര്‍.ബി.എസ.മണി, ക്യാമറ-മല്ലി ഇറാനി, പരസ്യ ഡിസൈന്‍-എസ.എ.സലാം. സത്യന്‍, അടൂര്‍ ഭാസി, ശാരദ, ഉഷാകുമാരി
ബഹദൂര്‍, എന്‍.ഗോവിന്ദന്‍കുട്ടി, സുകുമാരി, രാജകോകില, രാധിക എന്നിവരാണ് പ്രധാന വേഷങ്ങളില്‍. വയലാറിന്റെ വരികള്‍ക്ക് സംഗീതം പകര്‍ന്നത് ദേവരാജന്‍. 1968 ജൂണ്‍-30 ന് 56 വര്‍ഷം മു്മ്പാണ് സിനിമ റിലീസ് ചെയ്തത്.
ഗാനങ്ങള്‍-
1-ചന്ദ്രോദയത്തിലെ-എസ്.ജാനകി
2-ചന്ദ്രോദയത്തിലെ-കെ.ജെ.യേശുദാസ്, എസ. ജാനകി
3-പത്മരാഗപ്പടവുകള്‍ കയറി-പി.സുശീല
4-സ്വര്‍ണ്ണച്ചാമരം വീശിയെത്തുന്ന-കെ.ജെ.യേശുദാസ്, പി.ലീല, കല്യാണി.
5-വിളിച്ചു ഞാന്‍ വിളികേട്ടൂ-പി.സുശീല
കഥാസാരം
യക്ഷികളെപ്പറ്റി ഗവേഷണം നടത്തുന്നതില്‍ തല്‍പ്പരനായ കെമിസ്ട്രി പ്രഫസര്‍ ശ്രീനി. അദ്ദേഹം അതിസുന്ദരനും വിജയലക്ഷ്മി എന്ന യുവസുന്ദരിയുടെ കാമുകനുമാണ്. യക്ഷികളുണ്ടെന്നുള്ള ശ്രീനിയുടെ ദൃഢവിശ്വാസം അദ്ദേഹത്തെ സുഹൃത്തുക്കളുടേയും മറ്റുള്ളവരുടേയും പരിഹാസപാത്രമാക്കി.
ഒരുദിവസം ലബോറട്ടറിയില്‍ ശ്രീനി ഒരു പരീക്ഷണം നടത്തി. യക്ഷികളുടെ രക്തപാനത്തെപ്പറ്റി. പരീക്ഷണത്തിനിടയിലുണ്ടായ ഒരു സ്‌ഫോടനത്തിന്റെ ഫലമായി ശ്രീനിയുടെ മുഖം മുഴുവനും പൊള്ളി വികൃതമായി. അതോടെ വിജയലക്ഷ്മി ശ്രീനിയെ വെറുത്തുതുടങ്ങി. ശ്രീനി തന്റെ പരീക്ഷണശാലയിലേക്കു മടങ്ങി.
യക്ഷിബാധയുണ്ടെന്നു പരക്കെ വിശ്വസിക്കപ്പെട്ടിരുന്ന ഒരു വീട് വാടകയ്‌ക്കെടുത്ത് പേടിക്കോമരനായ ഭൃത്യന്‍ രാമുവുമൊത്ത് ശ്രീനി അങ്ങോട്ടു താമസം മാറ്റി. ഒരു വെള്ളിയാഴ്ച്ച അര്‍ദ്ധരാത്രി സമയം. ആരോ കതകില്‍ മുട്ടുന്ന ശബ്ദം കേട്ടു വാതില്‍ തുറന്ന ശ്രീനി അതിഭയങ്കരമായ മഴയത്തു നനഞ്ഞു കുതിര്‍ന്ന വേഷവുമായി നില്‍ക്കുന്ന അതിസുന്ദരിയായ ഒരു സ്ത്രീയെയാണ് കണ്ടത്. തന്റെ പേരു രാഗിണി എന്നാണെന്നും, സ്വദേശം കൊട്ടാരക്കരയാണെന്നും, അമ്മൂമ്മ ആശുപത്രിയിലാണെന്നും മറ്റുമുള്ള വിവരങ്ങള്‍ അവള്‍ ശ്രീനിയെ ധരിപ്പിച്ചു. ശ്രീനി അവള്‍ക്ക് മാറിയുടുക്കുവാന്‍ വസ്ത്രങ്ങളും മറ്റും കൊടുത്തു. അവര്‍തമ്മില്‍ സംസാരിച്ചു. അന്നുരാത്രിയില്‍ അവിടെ തങ്ങുവാനുള്ള സൌകര്യവും ഏര്‍പ്പാടുചെയ്തു. പക്ഷെ അവള്‍ പോയത്് ആരും കണ്ടില്ല. തന്റെ വിശ്വസ്ത ഭൃത്യന്‍ രാമു ചോര ഛര്‍ദ്ദിച്ചു മരിച്ചുകിടക്കുന്നതാണ് ശ്രീനി പിറ്റേന്ന് രാവിലെ കണ്ടത്.
ശ്രീനിയുടെ അയല്‍വാസിയാണ് അനന്തന്‍. അനന്തന്റെ ഭാര്യ കല്യാണിയമ്മ. അവരുടെ ഇണക്കമുള്ള നായ് ജുഡി, രാഗിണി വന്ന രാത്രിയില്‍ വല്ലാതെ ഓലിയിട്ടു. ശ്രീനിയും അനന്തനും പരിചയക്കാരായി. മറ്റൊരുദിവസം ശ്രീനി രാഗിണിയെ വീണ്ടും കണ്ടു. അധികം താമസിയാതെ അവര്‍ വിവാഹിതരായി. രാഗിണിയെ കാണുമ്പോഴെല്ലാം നായ് ജുഡി, നീട്ടി മോങ്ങും. ശ്രീനിയും രാഗിണിയും സ്‌നേഹമായി ജീവിതം തുടങ്ങി. പൂക്കാത്ത പാല രാഗിണി പറഞ്ഞ ദിവസം പൂത്തു. ഇതുകണ്ട് ശ്രീനി അത്ഭുതപ്പെട്ടു. മധുവിധു ആഘോഷിക്കുവാനായി ഇരുവരും ചേര്‍ന്ന്് കന്യാകുമാരിക്കു പുറപ്പെട്ടു. ശ്രീനി അവിടെവെച്ച് ഒരുദിവസം രാവിലെ തന്റെ ചുണ്ടത്ത് ഒരു മുറിവു കണ്ടു. പല്ലുകൊണ്ടു മുറിഞ്ഞതുപോലെ. ശ്രീനി ബോധരഹിതനായി നിലംപതിച്ചെന്നും അപ്പോള്‍ പറ്റിയ മുറിവാണെന്നുമായിരുന്നു രാഗിണിയുടെ സമാധാനം. അന്നു രാഗിണിയുമായി രതിക്രീടക്കു ശ്രമിച്ച ശ്രീനി തളര്‍ന്നു വീണു. പലതവണ ശ്രമിച്ചിട്ടും അപ്പോഴെല്ലാം തളര്‍ന്നുപോകുകയാണുണ്ടായത്.. മധുവിധുവിനുപോയ ഇരുവരും വീട്ടില്‍ മടങ്ങിയെത്തി.
അനന്തന്റെ ഭാര്യ കല്യാണിയമ്മ ഗര്‍ഭിണിയായി. രാഗിണിയാണ് കല്യാണിയമ്മക്കു കൂട്ട്.. ഒരു ദിവസം രാഗിണി ജുഡിയെ തലോടി. ആ നായ ഉടന്‍ ചത്തുവീണു. കല്യാണിയമ്മയുടെ ഗര്‍ഭം അലസി. ഇത്രയുമായപ്പോള്‍ രാഗിണി യക്ഷിയാണെന്ന് ശ്രീനിക്ക് നേരത്തെ ഉണ്ടായിരുന്ന സംശയം ബലപ്പെട്ടു. അവളുടെ പെട്ടി പരിശോധിച്ച ശ്രീനി അതിനകത്തു് ചരിത്രാതീതകാലത്തെ ചില ആഭരണങ്ങള്‍ കണ്ടെത്തി. തന്റെ അമ്മൂമ്മ തനിക്കു സമ്മാനിച്ചതാണ് അവയെന്നായിരുന്നു രാഗിണിയുടെ മറുപടി.
തുടര്‍ന്നു് ശ്രീനിയും രാഗിണിയും തമ്മില്‍ പിണക്കമായി. രാത്രിയില്‍ ശ്രീനി വരാന്തയില്‍ കിടന്നുറങ്ങി. പാലമരത്തില്‍നിന്നും ഒരു ഗന്ധര്‍വ്വന്‍ വന്നു രാഗിണിയുമായി സല്ലപിക്കുന്നത് അയാള്‍ സ്വപ്നം കണ്ടു. നൂറ്റാണ്ടുകളായി ഏതോ ശാപത്തില്‍പ്പെട്ടുഴലുന്ന ഒരു യക്ഷിയാണ് രാഗിണിയെന്നും പുരുഷന്മാരെ വധിച്ച് അവരുടെ രക്തം ഊറ്റിക്കുടിച്ചു ശാപമോക്ഷം നേടുതിനുവേണ്ടിയുള്ള അവളുടെ അവസാനത്തെ ലക്ഷ്യം താനാണെന്നും മറ്റും ശ്രീനിക്കുതോന്നി. ശ്രീനിയുടെ മാനസികനില ആകെ തെറ്റി. വളരെയധികം സൌന്ദര്യവതിയായിട്ടും, വിരൂപിയായ തന്നെ വിവാഹം കഴിച്ചതും, തനിക്കു ലൈംഗിക ശേഷിയില്ലാതായതും മറ്റും രാഗിണി യക്ഷിതന്നെ ആയതുകൊണ്ടാണെന്ന് ശ്രീനി ധരിച്ചുവശായി.
ശ്രീനിക്കു ഭ്രാന്താണെന്ന് എല്ലാവരും ധരിച്ചു. ലൈംഗികമായ കഴിവുകേടില്‍ നിന്നുടലെടുത്ത വിഭ്രാന്തിയാണെന്ന്് ശ്രീനിയുടെ ഉറ്റ ചങ്ങാതിയും സഹപ്രവര്‍ത്തകനുമായ ചന്ദ്രശേഖരന്‍ പോലും വിധിയെഴുതി. രാഗിണി അവളുടെ കൊട്ടാരക്കരയിലുള്ള വസതിയിലേക്കുപോയി. ശ്രീനി കൊട്ടാരക്കരെ ചെന്ന്് അവളെ മടക്കിവിളിച്ചുകൊണ്ടു വന്നു. വീട്ടിലെത്തിയ രാഗിണിയെ അവള്‍ യക്ഷിയാണെന്നുതന്നെ ശ്രീനി ദൃഢമായി വിശ്വസിച്ചു. പിന്നീട് ശ്രീനി, അവളെ കഴുത്തുഞെരിച്ചു കൊന്നു. ശ്രീനി പോലീസ് കസ്റ്റഡിയിലായി. തന്നോടു കഥകളെല്ലാം പറഞ്ഞിട്ട് ഒരു പുകച്ചുരുളായി മറഞ്ഞുപോയതാണ്് രാഗിണി എന്നാണ്് ശ്രീനിയുടെ വിവരണം. പക്ഷെ രാഗിണിയെ കൊന്നു മൃതദേഹം ആസിഡില്‍ കലക്കിക്കളഞ്ഞു എന്നായിരുന്നു പോലീസിന്റെ കേസ്.
