24 ന്യൂസിനെതിരെ എന്‍.ജി.ഒ യൂണിയന് നേതാവ് പി.ആര്.ജിജേഷ് നിയമനടപടിക്ക്
പരിയാരം: 24 വാര്‍ത്ത മാനനഷ്ടത്തിന് വക്കീല്‍ നോട്ടീസയച്ചു. കഴിഞ്ഞ ദിവസം 24 ചാനലില്‍ സംപ്രേഷണം ചെയ്ത വാര്‍ത്തക്കെതിരെ കേരള എന്‍ജിഒ യൂണിയന് മെഡിക്കല്‍ കോളജ് സെക്രട്ടറി പി ആര് ജിജേഷ് നിയമനടപടികള്‍ സ്വീകരിച്ചു.
ഹൈക്കോടതി അഡ്വ. എംപി ഷൈനി മുഖേനയാണ് അപകീര്‍ത്തികരമായ വാര്‍ത്തക്കെതിരെ മാനനഷ്ടത്തിനും നോട്ടീസ് നല്‍കിയത്.
23 10 2024ന് രാത്രി 24 ന്യൂസ് എന്ന വാര്‍ത്താ പ്രക്ഷേപണ ചാനല്‍ പുറത്തുവിട്ട ഒരു വാര്‍ത്ത സംബന്ധിച്ച് തികച്ചും അപകീര്‍ത്തികരവും വസ്തുതാ വിരുദ്ധവുമാണെന്നും കണ്ണൂര്‍ എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ടുകൊണ്ട് കേരള സര്‍ക്കാര്‍ ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജന് ഖോബ്രഗഡേ 23 10 2024ന് വൈകുന്നേരം കണ്ണൂര്‍ ഗവണ്മെന്റ് മെഡിക്കല്‍ കോളേജില്‍ എത്തിച്ചേരുകയും മെഡിക്കല്‍ കോളേജ് ജീവനക്കാരനായ ടി.വി പ്രശാന്തന്റെ മൊഴിയെടുക്കല്‍ നടപടിഉണ്ടാവുകയും ചെയ്തിട്ടുണ്ട്.
ഈ സന്ദര്‍ഭത്തില്‍ ടി.വി.പ്രശാന്തന് മെഡിക്കല്‍ കോളേജില്‍ എത്തിച്ചേരുന്നതിനും മറ്റും വിവിധ സഹായങ്ങള്‍ ഞാന്‍ ചെയ്തു കൊടുത്തു എന്ന നിലയിലാണ് വാര്‍ത്ത വന്നിട്ടുള്ളത്.
അതോടൊപ്പം തന്നെ അഡീഷണല്‍ ചീഫ് സെക്രട്ടറി നടത്തിയ മൊഴിയെടുപ്പ് സന്ദര്‍ഭത്തില്‍ ഞാന്‍ ഇടപെടുകയും പ്രസ്തുത മുറിയില്‍ പ്രവേശിക്കുകയും യോഗത്തില്‍ പങ്കെടുക്കുകയും ചെയ്തു എന്ന നിലയിലുള്ള പ്രചരണവും ഈ വാര്‍ത്തയില്‍ ഉണ്ടായിട്ടുണ്ട്.
എന്നാല്‍ വസ്തുതകള്‍ പരിശോധിക്കാതെയാണ് ഈ വീഡിയോ ദൃശ്യവും വാര്‍ത്തയും പ്രസ്തുത ചാനല്‍ സംപ്രേഷണം ചെയ്തിട്ടുള്ളത്.
കേരള സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള പരിശോധന സംഘം വിവിധ മെഡിക്കല്‍ കോളേജുകളില്‍ സന്ദര്‍ശനം നടത്തി മെഡിക്കല്‍ കോളേജുകളിലെ പ്രവര്‍ത്തനങ്ങളും വികസന പദ്ധതികളുടെ പുരോഗതിയും പരിശോധിക്കുന്നതിനായി ഇരുപത്തിമൂന്നാം തീയതി എത്തിച്ചേരുമെന്ന് നേരത്തെ അറിയിച്ചിട്ടുള്ളതുമാണ് കൂടാതെ പ്രസ്തുത പരിശോധനാ വേളയില്‍ ഓഫീസ് ജീവനക്കാര്‍ക്ക് യാതൊരുവിധത്തിലുള്ള അവധിയും പ്രിന്‍സിപ്പാളിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ അനുവദിക്കില്ല എന്ന സര്‍ക്കുലര്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ 22 10 2024 ന് പുറത്തിറക്കിയിട്ടുമുണ്ട്.
കണ്ണൂര്‍ ഗവണ്മെന്റ് മെഡിക്കല്‍ കോളേജിലെ പ്രിന്‍സിപ്പല്‍ ഓഫീസിലെ E4 എന്ന ജനറല്‍ സെക്ഷന്‍ കൈകാര്യം ചെയ്യുന്ന ജീവനക്കാരന് എന്ന നിലയില്‍ പരിശോധന സംഘം ഓഫീസില്‍ ഉണ്ടാകുന്ന സന്ദര്‍ഭത്തില്‍ മറ്റ് ഓഫീസ് ജീവനക്കാരോടൊപ്പമാണ് ഞാനും അവിടെ ഉണ്ടായിട്ടുള്ളത്.
ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മൊഴിയെടുപ്പ് നടത്തുന്ന ഘട്ടത്തില്‍ ആ മുറിയിലേക്ക് മറ്റ് ഒരാളെയും പ്രവേശിപ്പിച്ചില്ല എന്നാണ് പിന്നീട് മനസ്സിലാക്കിയിട്ടുള്ളത്. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളിന്റെ നിര്‍ദ്ദേശാനുസരണം ഔദ്യോഗികമായിട്ടുള്ള ഉത്തരവാദിത്വം നിര്‍വഹിക്കുന്നതിന്റെ ഭാഗമായിട്ട് ഓഫീസില്‍ ഉണ്ടായതിന്റെ ഫലമായിട്ടാണ് ഇത്തരമൊരു വീഡിയോ ദൃശ്യം പകര്‍ത്തുന്നതിന് ചാനല്‍ തയ്യാറായിട്ടുള്ളത്.
മാത്രവുമല്ല ഇതാണ് വസ്തുത എന്നിരിക്കെ 24 ചാനല്‍ വസ്തുതാ വിരുദ്ധമായി സംപ്രേഷണം ചെയ്തിട്ടുള്ള ഈ വാര്‍ത്ത മറ്റു മാധ്യമങ്ങളില്‍ കൂടി പ്രചരിപ്പിക്കുന്നതിനും നവമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് എനിക്കെതിരെ വ്യക്തിഹത്യ നടത്തുന്നതിനും പല കോണുകളില്‍ നിന്നും തയ്യാറായിട്ടുണ്ട്.
ഇതിനെല്ലാം കാരണം 24 ചാനല്‍ സംപ്രേഷണം ചെയ്ത ഈ വാര്‍ത്തയാണ് .കേരളത്തില്‍ വലിയ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച ഈ പ്രശ്നത്തില്‍ എന്നെയും ഇതിന്റെ ഭാഗമാക്കാന്‍ നടത്തിയ ഗൂഢാലോചനയാണ് ഈ വാര്‍ത്ത സംപ്രേഷണം ചെയ്തതിന്റെ ഉദ്ദേശം. സമൂഹത്തിലെ വിവിധ സംഭവങ്ങളെ വാര്‍ത്തയാക്കി നല്കുമ്പോള് പാലിക്കേണ്ട സത്യസന്ധതയും സാമാന്യ മര്യാദയും മാനുഷിക മൂല്യങ്ങളും സംരക്ഷിക്കുന്നതിന് ഒരു വാര്‍ത്താമാധ്യമ ചാനല്‍ തയ്യാറാക്കേണ്ടതായിട്ടുണ്ട്.
എന്നാല്‍ ഔദ്യോഗിക കൃത്യനിര്വഹണത്തിന്റെ ഭാഗമായി ഓഫീസില്‍ നില്ക്കുന്ന എന്റെ ദൃശ്യം പകര്‍ത്തി തെറ്റായ വാര്‍ത്തയും സംഭവവും യാതൊരുവിധ തെളിവുമില്ലാതെ അടിസ്ഥാനരഹിതമായ നല്‍കുന്നത് തികച്ചും മനുഷ്യാവകാശ ലംഘനവും ആണ്.
വാര്‍ത്ത പ്രചരിപ്പിച്ചതിനു ശേഷം തിരുത്തല്‍ നടപടികളുമായി മുമ്പോട്ടു പോകണമെന്ന് ചാനല്‍ അധികൃതരോട് ആവശ്യപ്പെട്ടിട്ടും ഈ വാര്‍ത്തയില്‍ ഖേദം പ്രകടിപ്പിക്കുന്നതിനോ ഈ വാര്‍ത്ത നല്‍കിയത് തെറ്റാണെന്ന് ചൂണ്ടിക്കാണിക്കുന്നതിനോ പ്രസ്തുത ചാനല്‍ തയ്യാറായിട്ടില്ല
എന്നതുകൊണ്ടുതന്നെ മാനനഷ്ടത്തിനും മനുഷ്യാവകാശ ലംഘനത്തിനും അപകീര്‍ത്തിക്കും നഷ്ടപരിഹാരം പ്രസ്തുത ചാനല്‍ നല്‍കണമെന്നും ഈ വാര്‍ത്തയില്‍ ഖേദം പ്രകടിപ്പിച്ചുകൊണ്ടുള്ള തിരുത്ത് അടിയന്തരമായി നല്‍കണമെന്നും നോട്ടീസിലൂടെ ആവശ്യപ്പെട്ടു.