പരിയാരത്തെ സര്‍ക്കാര്‍ മേഖലയിലുള്ള ഏക ഫാം.ഡി കോഴ്‌സ് പുനരാരംഭിക്കണമെന്ന് ഫാം.ഡി ഡോക്ടേഴ്‌സ് അസോസിയേഷന്‍.
പരിയാരം: സര്‍ക്കാര്‍ ഫാര്‍മസി കോളേജുകളിലെ ഫാം.ഡി കോഴ്‌സ് നിര്‍ത്തലാക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് ഫാം.ഡി ഡോക്ടേഴ്‌സ് അസോസിയേഷന്‍ ഇന്ത്യ കേരളാ ബ്രാഞ്ച് ഭാരവാഹികള്‍പരിയാരം പ്രസ്‌ക്ലബ്ബില്‍ നടത്തിയ
വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
2012 ല്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ആരംഭിച്ച കോഴ്‌സ് ഇനി ബാക്കിയുള്ള രണ്ട് ബാച്ചുകളോടെ അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിനെതിരെ സംഘടന മെഡിക്കല്‍ കോളേജിന് മുന്നില്‍ അഞ്ച് ദിവസത്തെ സത്യാഗ്രഹം ആരംഭിച്ചിരിക്കയാണ്.
കേരളത്തില്‍ സര്‍ക്കാര്‍ കോളേജുകളില്‍ എവിടെയും ഈ കോഴ്‌സ് ഇല്ലെന്ന കാരണം പറഞ്ഞാണ് കോഴ്‌സ് നിര്‍ത്തലാക്കിയത്.
ഫാം.ഡി കോഴ്‌സ് ഏറ്റെടുത്തുനടത്തി പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ കോളേജില്‍ ഈ കോഴ്‌സ് പഠിക്കാനുള്ള സാഹചര്യമുണ്ടാക്കുവാനും ലോകം അംഗീകരിച്ച ക്ലിനിക്കല്‍ ഫാര്‍മസിസ്‌റ് തസ്തിക ഗവണ്മെന്റ് മേഖലയില്‍ തുടങ്ങുവാനും, ഫാം.ഡി ബിരുദധാരികള്‍ക്ക് അര്‍ഹിക്കപ്പെട്ട ജോലിസാധ്യതകള്‍ സൃഷ്ടിക്കാനും ആവശ്യമായ നടപടികളുണ്ടാവണമെന്നാണ് ഇവരുടെ ആവശ്യം.
2008 ലെ ഫാം.ഡി റെഗുലേഷന്‍ പ്രകാരമാണ് , ഡോക്ടര്‍ ഓഫ് ഫാര്‍മസിഎന്ന കോഴ്‌സ് ഇന്ത്യയില്‍ തുടങ്ങുവാനുള്ള അംഗീകാരം ലഭിച്ചത്. 2010 ല്‍ പി.കെ.ശ്രീമതി ആരോഗ്യമന്ത്രി ആയിരിക്കെ കേരളാ ആരോഗ്യ സര്‍വ്വകലാശാലയുടെ കീഴില്‍ എല്‍ ബി എസ് ന്റെ സഹകരണത്തോടുകൂടിയാണ് കോഴ്‌സ് ആരംഭിച്ചതും, കോഴ്‌സിലേക്ക് അലോട്ട്‌മെന്റ് പ്രകാരം ഗവണ്‍മെന്റ് മെറിറ്റ് സീറ്റിലേക്ക് പ്രവേശനം നല്‍കിയതും.
ആറു വര്‍ഷത്തെ പാഠ്യപദ്ധതിയില്‍ നീണ്ട അഞ്ചു വര്‍ഷം 27 ലധികം സബ്ജക്ടുകളും അതിന്റെ പ്രാക്ടിക്കലുകളും രണ്ടാം വര്‍ഷം മുതല്‍ തുടങ്ങുന്ന ഹോസ്പിറ്റല്‍ പോസ്റ്റിങ്, അഞ്ചാം വര്‍ഷത്തിലുള്ള തീസിസ്, ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന നിര്‍ബന്ധിത റെസിഡന്‍സിയില്‍ ജനറല്‍ മെഡിസിന്‍, സര്‍ജറി, ശിശുരോഗ വിഭാഗം എന്നിവയില്‍ പരിശീലനം നടത്തുകയും ചെയ്യുന്നുണ്ട്. പരിയാരം കോളേജില്‍ നിലവിലുണ്ടായിരുന്ന ഫാംഡി കോഴ്‌സ് കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്തതോടെ പുതുതായുള്ള പ്രവേശനം നിര്‍ത്തലാക്കിയ അവസ്ഥയിലാണ്.
2018 ലാണ് അവസാനമായി കണ്ണൂര്‍ ഗവണ്മെന്റ് മെഡിക്കല്‍ കോളേജില്‍ ഒന്നാം വര്‍ഷ ഡോക്ടര്‍ ഓഫ് ഫര്‍മസിയിലേക്ക് പ്രവേശനം നടത്തിയത്.
ഇപ്പോള്‍ 3 ബാച്ച് ബിരുദധാരികളാണ് ഇതുവരെ പുറത്തിറങ്ങിയിട്ടുള്ളത്. എന്നാല്‍ ഈ കോളേജില്‍ കീം എന്‍ട്രന്‍സ് വഴി ബി.ഫാം കോഴ്‌സിലേക്ക് പ്രവേശനം തുടരുന്നുമുണ്ട്.
ഇങ്ങനെ സംഭവിക്കുമ്പോള്‍ നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് ഈ കോഴ്‌സ് പഠിക്കാനുള്ള സാഹചര്യം നഷ്ടപ്പെടുന്നുവെന്നത് മൗലീകാവകാശ ലംഘനം കൂടിയാണ്.
സ്വകാര്യ കോളേജുകളില്‍ നിന്ന് ഈ കോഴ്‌സ് പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്നവര്‍ക്ക് 20 ലക്ഷത്തോളം രൂപ ഫീസിനത്തില്‍ ചെലവാകുന്നുണ്ട്.
സര്‍ക്കാര്‍ അതീനതയിലുള്ള മലബാര്‍ കാന്‍സര്‍ സെന്ററില് ( എംസിസി തലശ്ശേരി ) ഫാംഡിക്കാര്‍ക്ക് നിയമനം നല്കുവാന്‍ പരിഗണിച്ച സംസ്ഥാന സര്‍ക്കാര്‍ നടപടി അഭിനന്ദനര്‍ഹമായിരുന്നു.
അധ്യാപനമേഖലയില്‍ ഫാംഡി യോഗ്യതയാണെന്നു കേന്ദ്ര ഗസറ്റില്‍ ഫാര്‍മസി കൗണ്‍സില്‍ ഓഫ് ഇന്ത്യ പറയുന്നുണ്ട്. അതുപോലെതന്നെ നാട്ടിലെ ആശുപത്രികളെയും പുറത്തെ ഫാര്‍മസികളെയും തരം
തിരിച്ചു കൊണ്ടുവന്നാല്‍ ഉയര്‍ന്ന നിലവാരത്തിലുള്ളആശുപത്രികള്‍ക്കും ഫാര്‍മസികള്‍ക്കും ക്ലിനിക്കല്‍ ഫാര്മസിസ്റ്റുകളായി ഫാംഡി ക്കാരെ നിയമിക്കുവാന്‍ കഴിയുമല്ലോ,
അതുപോലെ പൊതുമേഖലയിലെ ഔഷധ നിര്‍മ്മാണ മേഖലയില്‍ (Kerala Medical Services Corporation -KMSCL ) ഫാംഡി ക്കാര്‍ക്ക് അവസരങ്ങള്‍ നല്‍കാമല്ലോ, ചുരുക്കത്തില്‍ മറ്റുള്ളവരുടെ അവസരങ്ങള്‍ നഷ്ടപ്പെടുത്താതെ തന്നെ ഫാംഡി ക്കാരെ നിയമിക്കാന്‍ സര്‍ക്കാറിന് സാധിക്കുെമന്നും ഭാരവാഹികള്‍ പറഞ്ഞു.
കേരളത്തിലെ 21 സ്വാശ്രയ സ്വകാര്യ കോളേജുകളില്‍ ഈ കോഴ്‌സ് പഠിപ്പിക്കുമ്പോഴും സര്‍ക്കാര്‍ മേഖലയില്‍ പരിയാരത്ത് മാത്രമാണ് കോഴ്‌സ് നിലവിലുള്ളത്. ഈ കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ക്ക് പേരിനൊപ്പം ഡോക്ടര്‍ എന്നുകൂടി ചേര്‍ക്കാന്‍ അംഗീകാരമുള്ളതിനാല്‍ ചില സംഘടനകളുടെ ഇടപെടലാണ്
സര്‍ക്കാര്‍ മേഖലയിലെ അവശേഷിച്ച കോഴ്‌സ് കൂടി ഇല്ലാതാക്കാനുള്ള നീക്കമെന്നും ഇതിനെതിരെ പ്രത്യക്ഷ സമരപരിപാടികള്‍ ആരംഭിക്കുമെന്നും കേരളാ ബ്രാഞ്ച് പ്രസിഡന്റ് സൈമണ്‍ ജോഷ്വ, എ.കുഞ്ഞഹമ്മദ്, ഡോ.ലയ രാഘവന്‍, ടി.കെ.രാഘവന്‍, നഫീശ അഷ്‌റിന്‍ എന്നിവര്‍ അറിയിച്ചു.