ജോലിഭാരം കൊണ്ട് വീര്‍പ്പുമുട്ടി കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ന്യൂറോ മെഡിസിന്‍ വിഭാഗം

പരിയാരം: ജോലിഭാരം കൊണ്ട് വീര്‍പ്പുമുട്ടി കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ ന്യൂറോ മെഡിസിന്‍ വിഭാഗം.

ഇവിടെ ചികില്‍സ തേടിയെത്തുന്ന നൂറുകണക്കിന് രോഗികളെ പരിശോധിച്ച് ചികില്‍സ നിശ്ചയിക്കാന്‍ ആകെയുള്ളത് ഒരു ന്യൂറോ ഫിസിഷ്യന്‍മാത്രം.

ഇപ്പോള്‍ കോഴിക്കോട് നിന്നും വര്‍ക്ക് അറേഞ്ച്‌മെന്റ് അടിസ്ഥാനത്തില്‍ ഡോക്ടര്‍ ഹര്‍ഷ കൂടി പരിയാരത്ത് എത്തിയിട്ടുണ്ടെങ്കിലും മറ്റ് മെഡിക്കല്‍ കോളേജുകളില്‍ അഞ്ചും

പത്തും ന്യൂറോ ഫിസിഷ്യന്‍മാരുള്ളപ്പോള്‍ ഇവിടെ ഇപ്പോഴും എന്തു കൊണ്ട് ഡോക്ടര്‍മാര്‍ക്ക് ക്ഷാമം തുടരുന്നു എന്ന ചോദ്യം ഉയര്‍ന്നു വരുന്നുണ്ട്.

ന്യൂറോ സര്‍ജറിയില്‍ പ്രമുഖ ന്യൂറോ സര്‍ജര്‍ ഡോ. പ്രേംലാല്‍ അടക്കം നാലോളം ഡോക്ടര്‍മാര്‍ ഉള്ളതുപോലെ ന്യൂറോ മെഡിസിന്‍ വിഭാഗത്തിലും കൂടുതല്‍ ഡോക്ടര്‍മാരെ നിയമിക്കാന്‍ ഉത്തരവാദിത്തപ്പെട്ടവര്‍ തയ്യാറായിട്ടില്ല.

രോഗികള്‍ ദൈവതുല്യയായി കാണുന്ന ഡോ.സോണി സ്മിത എന്ന വനിതാഡോക്ടറെ കണ്ടു ചികില്‍സ തേടുന്നതിനു വേണ്ടിയാണ് ഒ പി ദിവസം ഒട്ടേറെ രോഗികളെത്തുന്നത്.

ഒരു രോഗിയെ പരിശോധിച്ച് ചികില്‍സ നിര്‍ണയിക്കാന്‍ ചുരുങ്ങിയത് അരമണിക്കൂറോളം സമയമെടുക്കുന്ന ഇവിടെ രാവിലെ എട്ടുമണിക്ക് എത്തുന്ന ഡോക്ടര്‍ തിരികെ വീട്ടിലേക്ക് പോകുന്നത് പലപ്പോഴും രാത്രിയിലായിരിക്കും.

ഇതിനിടയില്‍ അഡ്മിറ്റ് ചെയ്ത രോഗികളെ കാണാനും ഫോറന്‍സിക് വിഭാഗത്തില്‍ ഉള്‍പ്പെടെ മറ്റു ചില പ്രാധാനപ്പെട്ട കേസുകള്‍ കൈകാര്യം ചെയ്യുന്നതിനും സമയം കണ്ടെത്തുന്നുണ്ട്.

സ്വകാര്യ ആശുപത്രികളില്‍ നിന്നും വലിയ ഓഫറുകള്‍ നല്‍കി ഡോക്ടറെ അങ്ങോട്ടേക്ക് മാറുന്നതിന് ചിലര്‍ പ്രേരണ

നല്‍കിയിരുന്നെങ്കിലും അതൊന്നും ഗൗനിക്കാതെ പാവപ്പെട്ട രോഗികള്‍ക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുെവച്ചിരിക്കുകയാണ് ഇവരെന്നാണ് സഹപ്രവര്‍ത്തകര്‍ പറയുന്നത്.

ദിവസവും ഡോക്ടര്‍ക്ക് താങ്ങാനാവുന്നതിലപ്പുറമാണ് രോഗികളുടെ ബാഹുല്യം. ഈ സാഹചര്യത്തില്‍ കൂടുതല്‍ ഡോക്ടര്‍മാരെ ന്യൂറോ മെഡിസിന്‍ വിഭാഗത്തിലേക്ക് നിയമിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.

വയനാട്, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്‍പ്പെടെ എത്തുന്ന രോഗികള്‍ക്ക് പലപ്പോഴും ന്യൂറോ ഫിസിഷ്യനെ കാണാന്‍ വളരെയേറെ ബുദ്ധിമുട്ടുകളാണ് അനുഭവപ്പെടുന്നത്.

ഈ മാസം 14 ന് കണ്ണൂരിലെത്തുന്ന ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജിന്റെ ശ്രദ്ധയില്‍ പൊതുപ്രവര്‍ത്തകരുള്‍പ്പെടെയുള്ളവര്‍ ഈ വിഷയം കൊണ്ടുവരാന്‍ തീരുമാനിച്ചതായി അറിയുന്നു.