കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് കവാടത്തിന്റെ തൂണ്‍ തകര്‍ന്നു–നിര്‍മ്മാണത്തിലെ അപാകതയെന്ന് ആക്ഷേപം

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് കവാടത്തിന്റെ തൂണ്‍ തകര്‍ന്നു.

ഇടതുഭാഗത്തെ തൂണിന്റെ അടിഭാഗത്ത് പ്രത്യക്ഷപ്പെട്ട വിള്ളലിന്റെ വ്യാപ്തി ദിവസംതോറും വര്‍ദ്ധിച്ചുവരികയാണ്.

നിര്‍മ്മാണം പൂര്‍ത്തീകരിച്ച ഉടനെ ചെറിയതോതില്‍ പ്രത്യക്ഷപ്പെട്ട വിള്ളല്‍ കഴിഞ്ഞ വര്‍ഷം സിമന്റ് കൊണ്ട് അടച്ചിരുന്നുവെങ്കിലും

ദിവസം കഴിയുന്തോറും വിള്ളല്‍ വര്‍ദ്ധിച്ചുവരുന്നത് ഇതുവഴി കടന്നുപോകുന്നവരെ ആശങ്കയിലാക്കിയിട്ടുണ്ട്.

അഞ്ച് വര്‍ഷം മുമ്പാണ് മെഡിക്കല്‍ കോളേജിനായി പുതിയ കവാടം നിര്‍മ്മിച്ചത്.

നേരത്തെ പരിയാരം മെഡിക്കല്‍ കോളേജ് എന്ന് രേഖപ്പെടുത്തിയ കവാടത്തില്‍ രണ്ട് വര്‍ഷം മുമ്പാണ് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് എന്ന് മാറ്റിയെഴുതിയത്.

ലക്ഷക്കണക്കിന് രൂപ ചെലവഴിച്ചാണ് കൂറ്റന്‍കവാടം നിര്‍മ്മിച്ചത്. എന്നാല്‍ ഇതിന്റെ അടിഭാഗത്തെ ഫൗണ്ടേഷന്‍ വേണ്ടത്ര ബലപ്പെടുത്തിയല്ല നിര്‍മ്മിച്ചതെന്നാണ് നാട്ടുകാര്‍ പറയുന്നത്.

നേരത്തെ ടാര്‍ചെയ്ത റോഡിന് മുകളില്‍ കുഴിയെടുക്കാതെ കോണ്‍ക്രീറ്റ് ചെയ്ത് തൂണുകള്‍ പണിതതാണ് തൂണ്‍ തകരാന്‍ കാരണമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം.

നിത്യേന വിള്ളല്‍ വര്‍ദ്ധിച്ചുവരുന്നത് കവാടത്തിന്റെ ബലക്ഷയത്തിന് വഴിവെക്കുമെന്നതിനാല്‍ അടിയന്തിര അറ്റകുറ്റപ്പണികള്‍ നടത്തണമെന്ന ആവശ്യം ശക്തിപ്പെട്ടിരിക്കയാണ്.