ആര്‍ക്കുവേണ്ടിയാണപ്പാ ഈ തുരുമ്പ് ബോര്‍ഡ്–?

കരിമ്പം.കെ.പി.രാജീവന്‍

തളിപ്പറമ്പ്: ജനകീയാസൂത്രണത്തിന്റെ സ്മാരകം തുരുമ്പിക്കുന്നു, കാല്‍നടയാത്രക്കാര്‍ക്ക് ഉപദ്രവമായി മാറിയ ഈ തുരുമ്പന്‍ ബോര്‍ഡ് നീക്കം ചെയ്യണമെന്ന ആവശ്യവുമായി നാട്ടുകാര്‍.

പാലകുളങ്ങര ക്ഷേത്രം റോഡിലാണ് ആര്‍ക്കും വേണ്ടാത്ത ഈ ബോര്‍ഡ് ജനത്തിന് ശല്യമായി നിലകൊള്ളുന്നത്.

1996 ല്‍ ജനകീയാസൂത്രണ പ്രസ്ഥാനം ആരംഭിച്ച ഘട്ടത്തിലാണ് തളിപ്പറമ്പ് നഗരസഭയിലെ മുഴുവന്‍ വാര്‍ഡുകളിലും പടുകൂറ്റന്‍ നോട്ടീസ് ബോര്‍ഡുകള്‍ സ്ഥാപിച്ചത്.

പൊതുജനങ്ങളുടെ ശ്രദ്ധ പതിയുന്ന സ്ഥലത്ത് അറിയിപ്പുകള്‍ പ്രദര്‍ശിപ്പിക്കുക എന്ന നല്ല ഉദ്ദേശത്തോടെയാണ് അന്നത്തെ ആന്തൂര്‍ ഉള്‍പ്പെടെയുള്ള തളിപ്പറമ്പ് നഗരസഭയിലെ 42 വാര്‍ഡുകളിലും
നോട്ടീസ് ബോര്‍ഡ് വന്നത്.

തുടക്കത്തില്‍ വാര്‍ഡിലെ എല്ലാ അറിയിപ്പുകളും ഈ ബോര്‍ഡുകളില്‍ പ്രദര്‍ശിപ്പിച്ചുവെങ്കിലും പിന്നീട് പാര്‍ട്ടി

നോട്ടീസുകളും സിനിമാ പോസ്റ്ററുകളും വരെ ഈ ബോര്‍ഡില്‍ പതിച്ചുതുടങ്ങുകയും ക്രമേണ ജനകീയാസൂത്രണത്തില്‍ നിന്നും ബോര്‍ഡുകള്‍ പുറത്താവുകയും ചെയ്തു.

ഇപ്പോഴും അപൂര്‍വ്വം സ്ഥലങ്ങളില്‍ ജനകീയാസൂത്രണ സ്മാരകമായി ഈ ബോര്‍ഡുകള്‍ അവശേഷിച്ചിട്ടുണ്ട്.

അത്തരത്തിലൊരു ബോര്‍ഡാണ് പാലകുളങ്ങരയിലേത്. റോഡ് വീതികൂട്ടുന്ന സമയത്താണ് ഇത് പിഴുതുമാറ്റി റോഡരികില്‍ തന്നെ വെച്ചത്.

പലഭാഗങ്ങളിലും തുരുമ്പ് കയറിയിട്ടുണ്ടെങ്കിലും ഇപ്പോള്‍ ഇത് ലേലം ചെയ്താല്‍ ചെറിയൊരു തുക എന്തായാലും നഗരസഭാ ഫണ്ടിലേക്ക് മുതല്‍കൂട്ടാനാവും, നാട്ടുകാരുടെ ശല്യം ഒഴിയുകയും ചെയ്യും.