സീബ്രയുടെ വരകള്‍ ഇല്ലാതാവുന്നു—വരയന്‍ എപ്പോള്‍ വരും-????????
തളിപ്പറമ്പ്: തളിപ്പറമ്പ് നഗരത്തില്‍ ദേശീയപാതയിലെ സീബ്രാലൈനുകള്‍ ഇല്ലാതാവുന്നു.

മഴക്കാലവും സ്‌കൂള്‍ തുറക്കലും വരുമ്പോള്‍ സീബ്രാ ലൈനില്ലാത്തത് അപായ സാധ്യത കൂട്ടും.
ലൈന്‍ ഉണ്ടായിട്ട് തന്നെ അമിതവേഗത്തില്‍ ഓടിച്ചുപോകുന്ന വാഹനങ്ങള്‍ കാല്‍നടക്കാരെ ശ്രദ്ധിക്കാത്ത സ്ഥിതിയാണ്.
ലൈന്‍ ഇല്ലാതാവുന്നതോടെ സ്ഥിതി എന്താകുമെന്നത് ചിന്തിക്കുന്നതിലും അപ്പുറമാണ്.
പ്രത്യേക ചായക്കൂട്ടുകളുപയോഗിച്ച് മെഷീനുകള്‍ വരക്കുന്ന സീബ്രാലൈനുകള്‍ ദീര്‍ഘകാലം നിലനില്‍ക്കുമ്പോള്‍ തളിപ്പറമ്പ്
ദേശീയപാതയില്‍ മാത്രം ഇത് വളരെ പെട്ടെന്ന് മാഞ്ഞുപോകുകയാണ്.
തളിപ്പറമ്പിലെ തിരക്കേറിയ ദേശീയപാതയില്‍ റോഡ് മുറിച്ചുകടക്കുന്നതിന് വിദ്യാര്‍ത്ഥികളും പ്രായമേറിയവരും അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല.
നഗരസഭാ ബസ്റ്റാന്റിന് മുന്‍വശം അണ്ടര്‍പാസേജ് ഏര്‍പ്പെടുത്താന്‍ തളിപ്പറമ്പ് നഗരസഭ ബജറ്റ് വിഹിതം പ്രഖ്യാപിച്ചിട്ട് വര്‍ഷം 5 കഴിഞ്ഞിട്ടും എവിടെയുമെത്തിയിട്ടില്ല.
ഇപ്പോള്‍ നഗരസഭാ ബസ്റ്റാന്റിന്റെ മുന്‍വശം, റോട്ടറി ജംഗ്ഷന്‍, കോഫിഹൗസിന് മുന്‍വശം,
ലൂര്‍ദ്ദ് ആശുപത്രിക്ക് മുന്‍വശം, പ്ലാസാ ജംഗ്ഷന്‍ എന്നിവിടങ്ങളില്‍ സീബ്രാലൈന്‍ അപ്രത്യക്ഷമായിക്കൊണ്ടിരിക്കയാണ്.
കാലവര്‍ഷം തുടങ്ങുന്നതിന് മുമ്പായിതന്നെ സീബ്രാലൈനുകള്‍ പുന:സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായിരിക്കയാണ്.
