കില തളിപ്പറമ്പ് ക്യാമ്പസ് അന്താരാഷ്ട്ര നേതൃ പഠന കേന്ദ്രമാകുന്നു; മുഖ്യമന്ത്രി ജൂണ്‍ 13ന് ഉദ്ഘാടനം ചെയ്യും
തളിപ്പറമ്പ്: കില തളിപ്പറമ്പ് ക്യാംപസ്അന്താരാഷ്ട്ര നേതൃ പഠന കേന്ദ്രമാകുന്നു.
ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ലീഡര്‍ഷിപ്പ് സ്റ്റഡീസ് കേരള ജൂണ്‍ 13ന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
കേന്ദ്രത്തിന് കീഴിലുള്ള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പബ്ലിക് പോളിസി ആന്‍ഡ് ലീഡര്‍ഷിപ്പ് കോളേജിന്റെയും ഹോസ്റ്റലിന്റെയും തറക്കല്ലിടലും മുഖ്യമന്ത്രി നിര്‍വ്വഹിക്കും.
ചടങ്ങില്‍ തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിക്കും.
കോളേജിനോട് അനുബന്ധിച്ച് സെന്റര്‍ ഓഫ് എക്‌സലന്‍സ് കേന്ദ്രവും ഒരുക്കും. ആദ്യഘട്ടത്തില്‍ കണ്ണൂര്‍ സര്‍വ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്തുകൊണ്ട് ഇന്‍സ്റ്റിറ്യൂട്ട് ഓഫ് പബ്ലിക് പോളിസി ആന്റ് ലീഡര്‍ഷിപ്പ് പോസ്റ്റ് ഗ്രാജുവേറ്റ് കോളേജിന്റെ പ്രവര്‍ത്തനമാണ് ആരംഭിക്കുക.
അന്താരാഷ്ട്ര നിലവാരമുള്ള പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്‌സുകളാണ് ആരംഭിക്കുന്നത്.
ഭരണ നിര്‍വഹണത്തില്‍ ആഗോള പ്രശസ്തരായ വിദഗ്ധരും സ്ഥാപനങ്ങളും ഈ പഠന പ്രക്രീയയുടെ ഭാഗമാകും.
കേരളത്തിന്റെ ഭരണ രംഗത്തിന് തന്നെ വഴികാട്ടികളാകാന്‍ കഴിയുന്ന ബിരുദാനന്തര ബിരുദധാരികളാകും കോളേജില്‍ പഠിച്ചിറങ്ങുക.
മാനവിക സാമൂഹിക വിഷയങ്ങള്‍ക്ക് പുറമെ ശാസ്ത്ര സാങ്കേതിക കമ്മ്യൂണിക്കേഷന്‍ ആസൂത്രണ വിഷയങ്ങളില്‍ അന്താരാഷ്ട്ര നിലവാരത്തില്‍ ഗവേഷണങ്ങള്‍ക്കും പഠന പ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യമായ സൗകര്യങ്ങള്‍ ഇവിടെ ഒരുക്കും.
രാജ്യത്തിന് അകത്തും പുറത്തുമുള്ള വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന നേതാക്കള്‍ക്കും പൊതു പ്രവര്‍ത്തകര്‍ക്കുമായി റസിഡന്‍ഷ്യല്‍ പരിശീലന കേന്ദ്രം ക്യാമ്പസില്‍ ഉണ്ടാകും.
പൊതു പ്രവര്‍ത്തകര്‍ക്കൊപ്പം മറ്റ് മേഖലകളില്‍ ഉള്ള നേതൃശേഷി ആര്‍ജിക്കാന്‍താല്പര്യമുള്ളവര്‍ക്കും കേന്ദ്രത്തിന്റെ സഹായത്തോടെ ഹൃസ്വകാല പരിശീലന കോഴ്‌സുകള്‍ ഇവിടെ താമസിച്ച് നടത്താനാകും.
ടൂറിസത്തിനും മറ്റ് പ്രാദേശിക സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്കും ഊര്‍ജ്ജം നല്‍കുന്ന ഒന്നായി നേതൃപഠന കേന്ദ്രം മാറും.
തദ്ദേശ സ്ഥാപനതല നേതാക്കള്‍ക്ക് കൂട്ടായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാന്‍ പ്രാദേശിക ഭരണ നൈപുണ്യ വികസനത്തിന് പ്രാപ്തമാക്കുന്ന ഒരു നോളജ് സിറ്റി രൂപപ്പെടുത്തുകയാണ് അടുത്ത ഘട്ടം പ്രവര്‍ത്തനം.
ആഗോള തലത്തിലുള്ള വിദഗ്ധരുടെ ഒരു വലിയശൃംഖല രൂപീകരിച്ചുകൊണ്ടാകും ഈ പ്രവര്‍ത്തനം നടത്തുക. ലോകത്താകമാനം ഭരണതലത്തിലടക്കം സംഭവിക്കുന്ന മാറ്റങ്ങളും,
പ്രാദേശിക വികസനത്തിന്റെ നൂതന സാധ്യതകള്‍ തേടുന്ന ഗവേഷണങ്ങളും അവയുടെ പ്രായോഗിക പരീക്ഷണങ്ങളുമുള്‍പ്പെടെ വിപുലമായ മേഖലകളില്‍ പഠനകേന്ദ്രം ശ്രദ്ധചെലുത്തും.
ജനാധിപത്യ സംവിധാനത്തില്‍ ജനങ്ങളുടെ നേതൃത്വശേഷി ഉയര്‍ത്തുകയും ഭരണനിര്‍വ്വഹണം ശാക്തീകരിക്കുകയും ചെയ്യുക എന്നതാണ് അന്താരാഷ്ട്ര നേതൃ പഠന കേന്ദ്രത്തിന്റെ പ്രധാന ലക്ഷ്യം.
പുതിയ കാലത്തിനനുസരിച്ച് ചിന്തിക്കുകയും, വെല്ലുവിളികള്‍ ഏറ്റെടുക്കുകയും ചെയ്യുന്ന യുവതലമുറയെയും നേതാക്കളെയും വാര്‍ത്തെടുക്കാന്‍ ഉതകുന്ന കേന്ദ്രമാകും തളിപ്പറമ്പില്‍ ഒരുക്കുകയെന്ന് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.
നവകേരളം സൃഷ്ടിക്കുന്നതിലെ നിര്‍ണ്ണായക ചുവടുവെപ്പായിരിക്കും ഇത്. ജനാധിപത്യ പഠനത്തിന്റെ ആഗോള കേന്ദ്രമാക്കി കേരളത്തെ മാറ്റാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
ലോകത്തെ നേതൃ പഠനരംഗത്തെ വിദഗ്ധരെ കേരളവുമായി കൂട്ടിയിണക്കുന്ന കണ്ണിയാകും കേന്ദ്രമെന്നും മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.
കില ക്യാമ്പസില്‍ ചേര്‍ന്ന സംഘാടക സമിതി യോഗം തദ്ദേശ സ്വയംഭരണ,എക്‌സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.
തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.എം കൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു.
തളിപ്പറമ്പ് മുന്‍സിപ്പല്‍ ചെയര്‍മാന്‍ മുര്‍ഷിദ കൊങ്ങായി,ആന്തൂര്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍ പി മുകുന്ദന്‍, കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ഷാജിര്‍, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വേലായുധന്‍, കുറുമാത്തുര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി എം സീന,
പരിയാരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി ഷീബ, മയ്യില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.കെ.റിഷ്ണ, നാറാത്ത് പഞ്ചായത്ത് പ്രസിഡണ്ട് രമേശന്‍, ഏഴോം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ഗോവിന്ദന്‍ കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ പ്രൊഫ.എ.സാബു,
തദ്ദേശസ്വയംഭരണ, വകുപ്പ് കണ്ണൂര്‍ ജെ ഡി സി പി.ജെ.അരുണ്‍ ദാരിദ്ര ലഘൂകരണ യൂണിറ്റ് പ്രൊജക്ട് ഡയരക്ടര്‍ ടൈനി സൂസന്‍, അസിസ്റ്റന്റ് ഡെവലപ്‌മെന്റ് കമ്മീഷണര്‍ അബ്ദുള്‍ ജലീല്‍ തുടങ്ങിയര്‍ ചടങ്ങില്‍ സംസാരിച്ചു. കില ഡയരക്ടര്‍ ഡോ.ജോയ് ഇളമന്‍ സ്വാഗതവും ഇ ടി സി പ്രിന്‍സിപ്പാള്‍ സുരേന്ദ്രന്‍ നന്ദിയും പറഞ്ഞു.