സൈനിക സേവനം തൊഴിലുറപ്പ് പദ്ധതിയല്ല–സുധീഷ് കടന്നപ്പള്ളി

.പരിയാരം: സെനികസേവനം തൊഴിലുറപ്പ് പദ്ധതിയല്ലെന്നും അഗ്നിപഥ് പദ്ധതി വേണ്ടെന്നുവെക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണമെന്നും കെ.എസ്.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് സുധീഷ് കടന്നപ്പള്ളി.

കേന്ദ്ര സര്‍ക്കാരിന്റെ അഗ്‌നിപഥ് പദ്ധതിക്ക് എതിരെ ഇന്ത്യന്‍ ഹൃദയ ഭൂമിയില്‍ പ്രതിഷേധം ആളിപ്പടരുകയാണ്.

കോവിഡ് മഹാമാരി വിതച്ച കൊടിയ സാമ്പത്തിക പ്രതിസന്ധിയില്‍ സാധാരണക്കാര്‍ നട്ടം തിരിയുന്ന കാലത്ത് ഗ്രാമീണ ഇന്ത്യയുടെ മുഖവും മനസ്സും കാണാത്ത ഭരണ വര്‍ഗ്ഗത്തിന്റെ മറ്റൊരു ഏകാധിപത്യ വാഴ്ചയുടെ ഉദാഹരണമാണ് ഈ പദ്ധതിയെന്ന് അദ്ദേഹം പ്രസ്താവനയില്‍ ആരോപിച്ചു.

സൈനിക സേവനം ദേശസ്‌നേഹത്തില്‍ അധിഷ്ഠിതമായ ഒരു സുരക്ഷിത തൊഴിലായാണ് ഇന്ത്യയിലെ സാധാരണക്കാര്‍ കണ്ടത്. 4 വര്‍ഷത്തെ ഹ്രസ്വകാല തൊഴില്‍ സംസ്‌കാരം യുവതയുടെ ഭാവിയെ ഇരുട്ടിലാക്കും എന്നതാണ് യാഥാര്‍ത്ഥ്യം.

ഓരോ വര്‍ഷത്തിലും ആര്‍ജ്ജിക്കുന്ന അറിവും കഴിവും രാജ്യസുരക്ഷക്കായി സമര്‍പ്പിത ജീവിത മായി കാണുന്ന പരമ്പരാഗതവും വൈകാരികവുമായ സൈനികന്റെ മനോഭാവം തന്നെ തകിടം മറിക്കുന്ന പദ്ധതിയാണ്.

സുരക്ഷിതമായ തൊഴില്‍ ഒരു സ്വപ്നമായി മാറി കൊണ്ടിരിക്കുന്ന ആധുനിക ഭാരതത്തില്‍ യുവാക്കളുടെ രാജ്യസ്‌നേഹത്തെപ്പോലും വില കുറച്ചു കാണുന്ന നടപടിയാണിത്. തൊഴിലുറപ്പ് പദ്ധതിയെ പോലെ കാണേണ്ട ഒന്നല്ല ഇത്.

റിക്രൂട്ട്‌മെന്റ് റാലികള്‍ ക്രമേണ ഇല്ലാതാക്കി സര്‍ക്കാര്‍ ഒരു സ്വകാര്യ ഏജന്‍സിയുടെ മനോനിലയിലേക്ക് സൈനിക സേവനത്തെ ചുരുക്കി നിര്‍ത്താനുള്ള നടപടിക്കെതിരെ സമസ്ത കോണുകളില്‍ നിന്നും പ്രതിഷേധം ഉണ്ടാകേണ്ടതാണെന്നും സുധീഷ് കടന്നപ്പള്ളി പ്രസ്താവനയില്‍ പറയുന്നു.