കോണ്‍ഗ്രസ് സി.പിഎമ്മിന്റെ കാഡര്‍ ശൈലി ഏറ്റെടുത്ത് കരുത്താര്‍ജിക്കുന്നു, അണികളെ ചേര്‍ത്തുനിര്‍ത്തുമെന്ന സന്ദേശം വ്യക്തം-

  സുരേന്ദ്രദാസ് മുഴപ്പിലങ്ങാട്‌

 കോണ്‍ഗ്രസ് പ്രസ്ഥാനം കേഡര്‍ ശൈലിയില്‍ കേരളത്തില്‍ കരുത്താര്‍ജിക്കുന്നു. അഖിലേന്ത്യാടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് തകര്‍ച്ചയെ നേരിടുന്നുവെങ്കിലും കേരളത്തില്‍ വലിയ തോതില്‍ പാര്‍ട്ടി കരുത്താര്‍ജിക്കുന്ന കാഴ്ച്ചകളാണ് കാണുന്നത്.

തുടര്‍ഭരണത്തിന്റെ മാറ്റ്‌നോക്കുന്നതെന്ന് സി.പി.എം തന്നെ ആവകാശപ്പെട്ട തൃക്കാക്കര തെരഞ്ഞെടുപ്പും, പിന്നാലെ വന്ന സ്വപ്‌നയുടെ വെളിപ്പെടുത്തലും മുഖ്യമന്ത്രിക്കെതിരായ സമരങ്ങളും കേരളത്തില്‍ വീണ്ടും കോണ്‍ഗ്രസിന് കരുത്ത് തിരിച്ചുനല്‍കിയിരിക്കയാണ്.

കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരന്‍ അവകാശപ്പെട്ടതുപോലെ സെമി കാഡറല്ല, ഫുള്‍ കേഡറായിതന്നെ പാര്‍ട്ടി മാറുന്ന കാഴ്ച്ചയാണ് ജൂണ്‍ മാസത്തിന്റെ ബാക്കിപത്രം.

വിമാനത്തില്‍ പോലും പ്രതിഷേധമുയര്‍ത്തുകയും മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചതിന് കേസെടുക്കുകയും ചെയ്ത യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ അവര്‍ ചെയ്തത് ശരിയായില്ലെന്ന് ശാസിച്ചുകൊണ്ടുതന്നെ ചേര്‍ത്തുനിര്‍ത്താനും സംരക്ഷിക്കാനും കെ.സുധാകരന്‍ കാണിച്ച ആര്‍ജവം കേഡര്‍ കരുത്തല്ലാതെ മറ്റെന്താണ്.

ധീരജ് വധക്കേസിലെ പ്രതികളായ യൂത്ത് കോണ്‍ഗ്രസുകാരെയും ചേര്‍ത്തുനിര്‍ത്തിയ കോണ്‍ഗ്രസ് അണികളെ അങ്ങനെയങ്ങ് ഉപേക്ഷിക്കില്ലെന്ന വ്യക്തമായ സന്ദേശമാണ് നല്‍കിയത്.

സി.പി.എം വിമര്‍ശനമുയര്‍ത്തിയെങ്കിലും ഈ രണ്ട് കാര്യങ്ങളിലും കോണ്‍ഗ്രസിനെതിരെ വന്ന വിമര്‍ശനങ്ങളുടെ മുനയൊടിക്കാന്‍ സുധാകരനും കോണ്‍ഗ്രസിനും സാധിച്ചു.

നേരെ മറിച്ച് വയനാട് എം.പി.രാഹുല്‍ ഗാന്ധിയുടെ ഓഫീസ് എസ്.എഫ് ഐക്കാര്‍ തല്ലിത്തകര്‍ത്തതിനെ ന്യായീകരിക്കാന്‍ സ്വന്തം പാര്‍ട്ടിക്ക് പോലും സാധിക്കുന്നില്ല.

എസ്.എഫ്.ഐക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കേണ്ടി വരികയും ചെയ്തു.

വിമാനത്തില്‍ പ്രതിഷേധിച്ചതിന് വധശ്രമക്കേസില്‍ അറസ്റ്റിലായവര്‍ക്ക് ജാമ്യം ലഭിച്ചശേഷം കണ്ണൂരില്‍ നല്‍കിയ സ്വീകരണവും കരുത്തുറപ്പിക്കുന്ന കാഡര്‍ പാര്‍ട്ടിയായി കോണ്‍ഗ്രസിനെ മാറ്റിയിരിക്കുന്നു.

ഒരു കാലത്ത് തിരുത്തല്‍ശക്തിയായി പ്രവര്‍ത്തിച്ചിരുന്ന യൂത്ത് കോണ്‍ഗ്രസ് കെ.സുധാകരന്റെയും വി.ഡി.സതീശന്റെയും നേതൃത്വത്തില്‍ പഴയകാലപ്രതാപം വീണ്ടെടുക്കുമെന്ന തോന്നല്‍ ശക്തമായിരിക്കുന്നു.

പക്ഷെ, എല്‍.ഡി.എഫിന്റെ കരുത്ത് ചോര്‍ന്നുപോകുന്ന സംഭവങ്ങളാണ് അനുദിനവും സംഭവിക്കുന്നത്.

സ്വപ്‌ന തുറന്നുവിട്ട ആരോപണഭൂതങ്ങളെ നേരിടാന്‍ എല്‍.ഡി.എഫ് പരാജയപ്പെടുന്നു.

പ്രതിഷേധം നിലനിര്‍ത്തുന്ന കോണ്‍ഗ്രസും യൂത്ത്‌കോണ്‍ഗ്രസും സജീവമാണെങ്കിലും മുഖ്യമന്ത്രി പൊതുപരിപാടികളില്‍ സജീവമാകുന്നില്ല.

ഇതിനൊക്കെ പുറമെയാണ് പയ്യന്നൂരില്‍ പാര്‍ട്ടി സ്വീകരിച്ച നിലപാടുകളെ അണികള്‍ക്ക് പോലും ന്യായീകരിക്കാന്‍ സാധിക്കാതെ വന്നിരിക്കുന്നത്.

എന്തൊക്കെയോ എവിടെയൊക്കെയോ ചീഞ്ഞുനാറുന്നുണ്ടെന്ന തോന്നല്‍ വളരെ ശക്തമാണ്.