അടുത്ത പ്രധാനമന്ത്രി കേജ്രിവാളെന്ന്
ന്യൂഡെല്‍ഹി: അടുത്ത പ്രധാനമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ആയിരിക്കുമെന്നും, അദ്ദേഹത്തെ തടയാന്‍ ബി.ജെ.പിക്ക് കഴിയില്ലെന്നും ഡല്‍ഹി പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ് പറഞ്ഞു.
ഡല്‍ഹിയിലെ മദ്യനയത്തെച്ചൊല്ലിയുള്ള വിവാദങ്ങള്‍ക്കിടെയായിരുന്നു മന്ത്രിയുടെ അവകാശവാദം.
ഡല്‍ഹി നിയമസഭയുടെ പ്രത്യേക സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
‘ഞങ്ങളുടെ എല്ലാ മന്ത്രിമാരെയും എം.എല്‍.എമാരെയും അറസ്റ്റ് ചെയ്യാന്‍ ബി.ജെ.പിക്ക് കഴിയും.
എന്നാല്‍, 2024 ല്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ മാത്രമേ ഇന്ത്യയുടെ പ്രധാനമന്ത്രിയാകൂ.
അദ്ദേഹവുമായും ആം ആദ്മി പാര്‍ട്ടിയുമായും (എഎപി) ബി.ജെ.പി എത്രത്തോളം ഏറ്റുമുട്ടുന്നുവോ അത്രത്തോളം അവരുടെ കുഴിമാടങ്ങള്‍ കുഴിക്കുന്നതിന് തുല്യമാണത്.
ഞങ്ങള്‍ എം.എല്‍.എമാരായാലും ഇല്ലെങ്കിലും, ഞങ്ങളുടെ സര്‍ക്കാര്‍ അധികാരത്തില്‍ നിന്ന് പുറത്തുപോയാലും, ഞങ്ങള്‍ രാജ്യത്തിനായി ജീവിക്കും, അതിനായി മരിക്കുമെന്ന് പ്രതിജ്ഞയെടുക്കും’, ഗോപാല്‍ റായ് പറഞ്ഞു.
കഴിഞ്ഞ ഏഴ് ദിവസമായി ബി.ജെ.പി നേതാക്കളുടെ എല്ലാ നുണകളും ഗിമ്മിക്കുകളും തങ്ങള്‍ തുറന്നുകാട്ടിയെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി എം.എല്‍.എമാര്‍ നിയമസഭയില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയായിരുന്നുവെന്നും, അവരുടെ ഗൂഢാലോചന കേന്ദ്ര വിദ്യാഭ്യാസമന്ത്രി മൂടിവെയ്ക്കുകയായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മനീഷ് സിസോദിയയുടെ വസതിയില്‍ സി.ബി.ഐ റെയ്ഡ് നടത്തിയതിന് ശേഷം ആം ആദ്മി പാര്‍ട്ടി തങ്ങളുടെ മുന്നില്‍ തലകുനിക്കുമെന്ന തെറ്റിദ്ധാരണയിലായിരുന്നു ബി.ജെ.പിയെന്നും റായ് പറഞ്ഞു.