ആയുര്‍വേദത്തോട് അലോപ്പതിക്കാരുടെ തൊട്ടുകൂടായ്മ–രണ്ട് തവണയും ഇന്റര്‍വ്യൂ ബഹിഷ്ക്കരിച്ച് അലോപ്പതിക്കാര്-ആഞ്ഞടിച്ച് മുന്‍ എം.എല്‍.എ ടി.വി.രാജേഷ്-
Report By–കരിമ്പം.കെ.പി.രാജീവന്
പരിയാരം: അലോപ്പതി ഡോക്ടര്‍മാരുടെ തൊട്ടുകൂടായ്മക്കെതിരെ ആഞ്ഞടിച്ച് മുന്‍ എം.എല്‍.എ.യും സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവുമായ ടി.വി.രാജേഷ്.
മലബാര്‍ മേഖലയിലെ ആദ്യത്തെയും കേരളത്തിലെ രണ്ടാമത്തേതുമായ ആയുര്‍വേദ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയെ ഞെരിച്ചു കൊല്ലാന്‍ ശ്രമിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
പരിയാരം ഗവ.ആയുര്‍വേദ കോളേജില്‍ കഴിഞ്ഞ വര്‍ഷം ഉദ്ഘാടനം ചെയ്ത ആശുപത്രിയുടെ ഒ.പി. പ്രവര്‍ത്തന ഉദ്ഘാടന വേളയില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രണ്ട് തവണ ഇന്റര്‍വ്യുവിന് വിളിച്ചിട്ടും ആയുര്‍വേദത്തോടുള്ള തൊട്ടുകൂടായ്മയുടെ പേരില്‍ അലോപ്പതി ഡോക്ടര്‍മാര്‍ ഹാജരായില്ലെന്നും അദ്ദേഹം പറഞ്ഞു.
ഒരു ഗൈനക്കോളജിസ്റ്റ്, പീഡിയാട്രീഷ്യന്‍, ആര്.എം.ഒ. തസ്തികകളില്‍ അലോപ്പതി ഡോക്ടര്‍മാര്‍ ഉണ്ടായാല്‍ മാത്രമേ ആശുപത്രിയില്‍ കിടത്തി ചികിത്സ ആരംഭിക്കാനാവൂ.
ആധുനിക സര്‍ജറി തിയറ്റര്‍, ലേബര്‍ റൂം, പോസ്റ്റ് ഓപ്പറേറ്റീവ് വാര്‍ഡ്, കുട്ടികളുടെ വാര്‍ഡ് എന്നിവ കൂടാതെ അത്യാധുനിക പരിശോധന സംവിധാനവും ഒരുക്കിയിട്ടുള്ള ആശുപത്രിക്കു മാത്രമായി 37 ഓളം പുതിയ തസ്തികകളും അനുവദിച്ചിട്ടുണ്ട്.
എന്നാല്‍ അലോപ്പതിക്കാരുടെ നിസഹകരണം കാരണമാണ് ആശുപത്രി പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കാത്തത്.
അലോപ്പതി ഡോക്ടര്‍മാരുടെ മൂന്ന് തസ്തികകള്‍ കഴിഞ്ഞ വര്‍ഷം തന്നെ അനുവദിച്ചതാണെങ്കിലും ആയുര്‍വേദത്തോടുള്ള ഡോക്ടര്‍മാരുടെ തൊട്ടുകൂടായ്മ കാരണം 15 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ച ആശുപത്രി ജനങ്ങള്‍ക്ക് ഉപകാരപ്പെടുത്താന്‍ സാധിക്കാതെ വന്നത് ഖേദകരമാണെന്നും, നിസഹകരണം അലോപ്പതി ഡോക്ടര്‍മാര്‍ ഉപേക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി 50 ബെഡുകളാണ് ഈ ആശുപത്രിയില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.