കിണറില്‍ വീണ മൂന്നുവയസുകാരനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി.

ചിറ്റാരിക്കല്‍: കിണറില്‍ വീണ കുഞ്ഞിനെയും രക്ഷിക്കാനിറങ്ങിയവരേയും അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി.

ഇന്നലെ പകല്‍ മൂന്നോടെയാണ് കടുമേനി കടയക്കര കോളനിക്ക് സമീപത്തെ വയലില്‍ സിബിയുടെ മൂന്ന് വയസ്സുള്ള മകന്‍ എമില്‍ ടോം കളിച്ചുകൊണ്ടിരിക്കെ വീട്ടുമുറ്റത്തെ കിണറില്‍ വീണത്.

10 കോല്‍ താഴ്ച്ചയുള്ള ആള്‍മറയുള്ള കിണറില്‍ വീണ കുഞ്ഞിനെ രക്ഷിക്കാനായി അയല്‍ക്കാരായ രണ്ടുപേര്‍ പിറകെ കിണറിലിറങ്ങിയെങ്കിലും കരക്കെത്തിക്കാനായില്ല.

ഇവര്‍ കുട്ടിയെ മുങ്ങിപ്പോകാതിരിക്കാന്‍ പിടിച്ചു നിര്‍ത്തുകയായിരുന്നു.

ഇതേതുടര്‍ന്ന് പെരിങ്ങോത്തുനിന്നും സ്‌റ്റേഷന്‍ ഓഫീസര്‍ പി.വി.അശോകന്റെ നേതൃത്വത്തിലുള്ള അഗ്‌നിരക്ഷാസേനയെത്തി കുട്ടിയേയും രക്ഷിക്കാനിറങ്ങിയ രവി, ജയന്‍ എന്നിവരേയും സേഫ്റ്റിനെറ്റിന്റെ സഹായത്തോടെ കരയിലെത്തിച്ചു.

കുഞ്ഞിന് പരിക്കില്ല. സേനാംഗങ്ങളായ ഇ.ടി.സന്തോഷ്‌കുമാര്‍, പി.വി. ബിനോയ്, പി.എ.അനൂപ്, കെ.സജീവ്, വി.പി.സജിലാല്‍, ജോര്‍ജ് ജോസഫ്, പി.സി.മാത്യു, പി.എന്‍.ജോസഫ്, വി.എന്‍.രവീന്ദ്രന്‍ എന്നിവരും രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു.

 

വീഡിയോ കാണാം-