ജ്വല്ലറി കവര്‍ച്ച-പ്രതികള്‍ കൊയിലാണ്ടിയില്‍ കുടുങ്ങി-ഒരാള്‍ ഓടിരക്ഷപ്പെട്ടു.

കൊയിലാണ്ടി: സ്വര്‍ണക്കടകളില്‍ മോഷണം നടത്തുന്ന സ്ത്രീകളില്‍ രണ്ടുപേര്‍ കൊയിലാണ്ടിയില്‍ പിടിയിലായി. ഒപ്പമുണ്ടായിരുന്ന സ്ത്രീ ഓടിരക്ഷപ്പെട്ടു.

കഴിഞ്ഞ ദിവസം കണ്ണൂരിലെ ജ്വല്ലറിയില്‍ നിന്നു മോഷണം നടത്തിയ സ്ത്രീകളാണ് കൊയിലാണ്ടിയില്‍ എത്തിയത്.

കൊയിലാണ്ടിയിലെ സന്തോഷ് ജ്വല്ലറിയില്‍ സ്വര്‍ണം വാങ്ങാനെന്ന വ്യാജേനെ എത്തിയതായിരുന്നു ഇവര്‍.

ജ്വല്ലറി ഉടമ ഉമ്മത്ത്‌സേട്ടുവിന്റെ മകന്‍ കടയിലേക്ക് കയറിയപ്പോള്‍ തന്നെ ഇവരെ മനസ്സിലാക്കുകയും കടയില്‍ പിടിച്ചു വെക്കുകയുമായിരുന്നു.

ഇതിനിടയിലാണ് നേരത്തെ ജ്വല്ലറിയില്‍ എത്തിയ സംഘാംഗമായ ഒരാള്‍ ഓടി രക്ഷപ്പെട്ടത്.

കടയില്‍ ഉണ്ടായിരുന്ന സ്ത്രീകളെ കൊയിലാണ്ടി പോലീസെത്തി കസ്റ്റഡിയിലെടുത്തു.

ഇവര്‍ കണ്ണൂരിലെ ജ്വല്ലറിയില്‍ മോഷണം നടത്തുന്ന വീഡിയോ സംസ്ഥാന വ്യാപകമായി ജ്വല്ലറി ഗ്രൂപ്പുകളില്‍ ഷെയര്‍ ചെയ്തിരുന്നു.

ഇതാണ് ഇവരെ പെട്ടെന്ന് മനസിലാക്കാന്‍ സാധിച്ചത്. തളിപ്പറമ്പിലെ അറ്റ്‌ലസ് ജ്വല്ലറിയില്‍ കവര്‍ച്ച നടത്തുമ്പോഴും മൂന്നാമത്തെ സ്ത്രീ ജ്വല്ലറിയില്‍ ഉണ്ടായിരുന്നു.

ഇന്നലെ വൈകുന്നേരം ആറോടെയാണ് തളിപ്പറമ്പിലെ അറ്റ്‌ലസ് ജ്വല്ലറിയില്‍ സ്വര്‍ണം വാങ്ങാനെന്ന വ്യാജേനയെത്തി ഇവര്‍ കവര്‍ച്ച നടത്തിയത്.

ഒരു പവന്‍ തൂക്കം വരുന്ന മൂന്ന് വളകളാണ് ഇവര്‍ സെയില്‍സ്‌മേന്റെ കണ്ണുവെട്ടിച്ച് മോഷ്ടിച്ച് കടന്നത്. അരമണിക്കൂറിനുള്ളില്‍ തന്നെ ജ്വല്ലറി ഉടമക്ക് മോഷണം നടന്നതായി മനസിലായിരുന്നു.

സി.സി.ടി.വി കാമറയിലെ ദൃശ്യങ്ങള്‍ സംസ്ഥാനത്തെ മുഴുവന്‍ ജ്വല്ലറി ഉടമകള്‍ക്കും വാട്‌സ്ആപ്പ് വഴി കൈമാറിയിരുന്നു. പ്രതികളെ കസ്റ്റഡിയിലെടുക്കാന്‍

തളിപ്പറമ്പ് എസ്.ഐ കെ.ദിനേശന്‍ കൊയിലാണ്ടിയിലേക്ക് പോയിട്ടുണ്ട്. രാത്രിയോടെ ഇവരെ തളിപ്പറമ്പ് സ്റ്റേഷനിലേക്ക് കൊണ്ടുവരും.