കള്ളന്‍മാരെ തോല്‍പ്പിക്കാന്‍ ആവില്ല മക്കളേ–പടച്ചോനെ ഇങ്ങള് കാത്തോളീ.

പരിയാരം: ഒടുവില്‍ പരിയാരം പോലീസ് അത് സമ്മതിച്ചു. കള്ളന്‍മാരെ തോല്‍പ്പിക്കാന്‍ ആവില്ല മക്കളേ-

കഴിഞ്ഞ രണ്ട് വര്‍ഷമായി പരിയാരം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നടന്ന മോഷണങ്ങളൊന്നും തങ്ങള്‍ക്ക് കണ്ടെത്താനാവില്ലെന്ന തുറന്ന സമ്മതം എന്ന രീതിയിലാണ് പോലീസ് പൊതുജനങ്ങള്‍ക്കായി ജാഗ്രതാ നിര്‍ദ്ദേശങ്ങല്‍ പുറത്തിറക്കിയത്.

സി.സി.ടി.വി വെക്കണം, വീട് പൂട്ടി പോകുന്നവര്‍ അയല്‍ക്കാകരെ അറിയിക്കണം, പണവും സ്വര്‍ണവും വീട്ടില്‍ സൂക്ഷിക്കരുത്, തെരുവ് വിളക്കുകള്‍ തെളിയിക്കണം—ഇതൊന്നും പോരാതെ മോഷ്ടാക്കള്‍ വിദഗ്ദ്ധന്‍മാരാണെന്നും സി.സി.ടിവി കാമറകള്‍ക്കും വിരലടയാള വിദഗ്ദ്ധര്‍ക്കും സൈബര്‍ പോലീസിനും അപ്പുറത്താണ് കള്ളന്‍മാരെന്നും പോലീസ് അടിവരിയിട്ടുപറയുന്നു.

അടുത്ത കാലത്ത് ഇറങ്ങിയ ഒരു സിനിമയുടെ പേര് പോലെ പടച്ചോനെ ഇങ്ങള് കാത്തോളീ എന്നല്ലാതെ എന്ത് പറയാന്‍.

പരിയാരം പോലീസിന്റെ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍-

പെരുകുന്ന മോഷണം; മോഷ്ടാക്കള്‍ക്കെതിരെ ജാഗ്രതാ നിര്‍ദ്ദേശവുമായി പരിയാരം പോലീസ്

പരിയാരം: ചെറുതാഴം, കടന്നപ്പള്ളി-പാണപ്പുഴ, പരിയാരം പഞ്ചായത്ത് പ്രദേശങ്ങളില്‍ അടുത്ത കാലത്ത് തുടര്‍ച്ചയായി കവര്‍ച്ചകള്‍ ഉണ്ടായ സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദ്ദേശവുമായി പരിയാരം പോലീസ്. അഞ്ച് കവര്‍ച്ചകളും നിരവധി മോഷണശ്രമങ്ങളും പരിയാരം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ അടുത്തിടെ നടന്നിരുന്നു. പൊതു ജനങ്ങളുടെ ശ്രദ്ധയും ജാഗ്രതയും കൂടി കവര്‍ച്ച തടയാന്‍ ആവശ്യമാണെന്ന് പോലീസ് ചൂണ്ടിക്കാട്ടുന്നു. പോലീസ് നിര്‍ദ്ദേശങ്ങള്‍-

ദൂരെ യാത്ര പോകുന്നവര്‍ അയല്‍ക്കാരെ അറിയിക്കണം

വീട്ടില്‍ നിന്ന് മാറി താമസിക്കേണ്ടി വരുന്ന സാഹചര്യത്തില്‍ യാത്ര പോകുന്ന വിവരം അയല്‍ക്കാരെ അറിയിക്കണം. വീട്ടില്‍ രണ്ട് ദിവസത്തിലധികം ലൈറ്റുകള്‍ അണഞ്ഞ് കിടക്കുന്നത് ആളില്ലാത്ത വീടായി മോഷ്ടാക്കള്‍ തിരിച്ചറിയുന്നു. രാത്രിയും പകലും കവര്‍ച്ച നടത്താന്‍ പറ്റിയ വീട് തെരഞ്ഞെടുക്കുകയാണിവര്‍. വീട്ടില്‍ ഒച്ച കേട്ടാല്‍ പോലും ആളുണ്ടെന്ന് കരുതി അയല്‍ക്കാര്‍ ശ്രദ്ധിക്കാത്ത അവസ്ഥക്ക് വിവരം പറഞ്ഞ് പോയാല്‍ ശ്രദ്ധയുണ്ടാകും.

സി.സി.ടി.വി.കള്‍ കാര്യക്ഷമമാക്കണം

പല സ്ഥലങ്ങളിലും സി.സി.ടി.വി.ഉണ്ടെങ്കിലും പ്രവര്‍ത്തിക്കാത്ത അവസ്ഥയാണ്. മോഷണം നടന്ന വീടുകളുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലുള്ള സി.സി.ടി.വിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ അവ്യക്തമാണ്. ക്യാമറകള്‍ സ്വന്തം വീടിനൊപ്പം സമീപ സ്ഥലം കൂടി കവര്‍ ചെയ്യുന്ന രീതിയില്‍ സ്ഥാപിക്കണം

പണവും സ്വര്‍ണ്ണവും വീട്ടില്‍ സൂക്ഷിക്കരുത്

വീട് വിട്ട് പോകുമ്പോള്‍ പണവും സ്വര്‍ണ്ണവും വീട്ടില്‍ വെച്ച് പോകുന്ന പ്രവണത ഒഴിവാക്കണം. മോഷണം നടന്ന വിടുകളിലെല്ലാം നിരവധി സ്വര്‍ണ്ണവും പണവും സൂക്ഷിച്ചത് മോഷ്ടാക്കള്‍ക്ക് പ്രേരണയാകുന്നു. കള്ളനെ പിടികിട്ടിയാലും നഷ്ടപ്പെട്ട മുതലുകള്‍ തിരിച്ച് കിട്ടാത്ത അവസ്ഥയാണ്.

മോഷ്ടാക്കള്‍ വിദഗ്ദ്ധര്‍

വിദഗ്ദമായ രീതിയിലാണ് അടുത്ത കാലത്ത് നടന്ന മോഷണങ്ങള്‍ എന്നാണ് പോലീസ് കണ്ടെത്തിയത്. സൂക്ഷ്മ നിരീക്ഷണത്തിന് ശേഷം വളരെ ആസൂത്രണം ചെയ്താണ് മോഷ്ടാക്കള്‍ എത്തുന്നത്. മോബൈല്‍ ഫോണ്‍ ലൊക്കേഷന്‍ പോലും ലഭിക്കാത്ത നിലയില്‍ ഇവര്‍ കരുതലോടെയാണ് കവര്‍ച്ച നടത്തുന്നത്. സി.സി.ടി.വി.യില്‍ മനസിലാകാതിരിക്കാന്‍ ശരീരം മൂടിയ വസ്ത്രങ്ങളാണ് ധരിക്കുന്നത്.പോലീസ് അന്വേഷണത്തെ മറികടക്കാന്‍ അഡ്വാന്‍സ്ഡ് രീതികളാണ് മോഷ്ടാക്കള്‍ കൈക്കൊള്ളുന്നത്.

ലൈറ്റുകള്‍ തെളിയിക്കണം

തെരുവ് വിളക്കുകളും റോഡുകളിലേക്കുള്ള വീടുകളിലെ ലൈറ്റുകളും തെളിയിക്കാന്‍ ശ്രദ്ധ വേണം.

പിടി കിട്ടാതെ മോഷ്ടാക്കള്‍

സാങ്കേതിക വിദ്യയുടെ സഹായത്താല്‍ പോലും മോഷ്ടാക്കളെ പിടികൂടാന്‍ പറ്റാത്ത നിലയിലേക്ക് മോഷ്ടാക്കള്‍ അതീവ ശ്രദ്ധയോടെയാണ് കൃത്യം നിര്‍വ്വഹിക്കുന്നത്. അടുത്തിടെ നടന്ന മോഷണങ്ങളില്‍ വിരലടയാളം പോലും പതിയാതെയാണ് ഉള്ളത്. വണ്ടി ദൂരെ വെച്ച് മോഷ്ടാക്കള്‍ കിലോമീറ്ററുകളോളം നടന്ന് ചെന്നാണ് കവര്‍ച്ച നടത്തുന്നത്.പോലീസ് നായയുടെ സഹായം പോലും വിഫലമായ സ്ഥിതിയാണ്. ഇത്തരത്തിലുള്ള കാര്യങ്ങള്‍ ജനങ്ങള്‍ തിരച്ചറിഞ്ഞ് ശ്രദ്ധാലുവാകണമെന്ന് പോലിസ് അറിയിച്ചു.

വാല്‍ക്കഷണം-അപ്പോ ഈ സ്‌റ്റേഷന്‍ പിന്നെ എന്തിനാണെന്ന് എന്തിനാ ചോദിക്കുന്നതെന്ന് നിങ്ങള് ചോദിച്ചാ—ഒന്നും പറയാനില്ല.