കുതിരവട്ടം മോഡല്‍- പട്ടുവം പന്ത്രണ്ടാം വാര്‍ഡില്‍ പണിത ബോട്ട് ജെട്ടിക്ക് ഒന്നാം വാര്‍ഡിന്റെ പേര്(മുതുകുട ബോട്ട് ജെട്ടി).

കരിമ്പം.കെ.പി.രാജീവന്‍

തളിപ്പറമ്പ്: പന്ത്രണ്ടാം വാര്‍ഡായ പട്ടുവം പടിഞ്ഞാറേച്ചാലില്‍ പണിത ബോട്ട് ജെട്ടിക്ക് നാല് കിലോമീറ്റര്‍ ദൂരെയുള്ള ഒന്നാം വാര്‍ഡായ മുതുകുടയുടെ പേര് നല്‍കി ടൂറിസം വകുപ്പിന്റെ തമാശ.

കേരള ടൂറിസം വകുപ്പ് നടപ്പിലാക്കുന്ന മലബാര്‍ ക്രൂയിസ് പദ്ധതിയുടെ ഭാഗമായിട്ടാണ് പട്ടുവത്ത് മനോഹരമായ ബോട്ട് ജെട്ടി പൂര്‍ത്തീകരിച്ചത്.

പക്ഷെ, പേരിട്ടപ്പോള്‍ നാട്ടുകാര്‍ അന്തംവിട്ടുപോയി, പ്രദേശവുമായി ഒരു ബന്ധവുമില്ലാത്ത പട്ടുവം പഞ്ചായത്ത് ഒന്നാം വാര്‍ഡിന്റെ പേരായ മുതുകുടയുടെ പേരാണ് ബോട്ട് ജെട്ടിക്ക് നല്‍കിയത്.

നാട്ടുകാര്‍ എം.എല്‍.എ ഉള്‍പ്പെടെയുള്ളവരുമായി ബന്ധപ്പെട്ടപ്പോള്‍ എല്ലാവരും കൈമലര്‍ത്തുകയാണ്.

ടൂറിസം വകുപ്പ് ഉദ്യോഗസ്ഥരെ കണ്ട് പരാതി പറഞ്ഞ നാട്ടുകാരോട് പേര് മാറ്റുന്ന കാര്യം ആലോചിക്കാമെന്ന മറുപടിയാണ് അവര്‍ നല്‍കിയത്.

ടൂറിസം വകുപ്പ് തന്നെ മുന്‍കൈയെടുത്ത് പട്ടുവം ബോട്ട് ജെട്ടിയെന്ന് പേര് മാറ്റാത്തപക്ഷം തങ്ങള്‍ തന്നെ പേര് മാറ്റേണ്ടി വരുമെന്ന് നാട്ടുകാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

മലബാര്‍ ക്രൂയിസിന്റെ ബോട്ട് ജെട്ടികളുടെ പേര് സംബന്ധിച്ച രേഖകളില്‍ മുതുകുട ബോട്ട് ജെട്ടിയെന്നാണ് പേര് നല്‍കിയതെന്നും അത് മാറ്റി പട്ടുവം ബോട്ട് ജെട്ടിയെന്നാക്കിയാല്‍ കരാറുകാരന് പണം

പാസായി കിട്ടാന്‍ ബുദ്ധിമുട്ട് വരുമെന്നും അതിനാല്‍ പണം വാങ്ങിയ ശേഷം പേര് മാറ്റാമെന്ന തീരുമാനത്തിലാണ് ടൂറിസം വകുപ്പെന്നാണ് അണിയറ സംസാരം.