കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ്-വിരമിച്ച ജീവനക്കാര്‍ക്ക് പെന്‍ഷനും ആനുകൂല്യങ്ങളും നല്‍കും-കണ്ണൂര്‍ ഓണ്‍ലൈന്‍ ന്യൂസ് ഇംപാക്ട്

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ നിന്നും വിരമിച്ച ജീവനക്കാര്‍ക്ക് പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവായി.

മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്ത 2018 ന് ശേഷം വിരമിച്ച ജീവനക്കാര്‍ക്ക് പെന്‍ഷന്‍ ഉള്‍പ്പടെ ഒരു ആനുകൂല്യങ്ങളും ലഭിച്ചിരുന്നില്ല.

ഇതിന്റെ ജീവിക്കുന്ന രക്തസാക്ഷിയായ ഹരീന്ദ്രന്റെ കഥ കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് പ്രസിദ്ധീകരിച്ചിരുന്നു.

മാധ്യമങ്ങളില്‍ ഇത് വലിയ വാര്‍ത്തയായതോടെയാണ് ഇടപെടലുണ്ടായത്. ഇരുപത്തിയഞ്ചോളം ജീവനക്കാര്‍ക്കാണ് ആനുകൂല്യം ലഭിക്കാതിരുന്നത്.

ഇവര്‍ക്കുള്ള ആനുകുല്യങ്ങള്‍ മെഡിക്കല്‍ കോളേജിന്റെ തനത് ഫണ്ടില്‍ നിന്ന് നല്‍കാനാണ് ഉത്തരവ്.

കേരളാ എന്‍.ജി.ഒ.അസോസിയേഷന്‍ സപ്തംബര്‍ 29 ന് നടത്തിയ പ്രതിഷേധ സത്യാഗ്രഹ സമരത്തില്‍ പങ്കെടുക്കാന്‍ ഊന്നുവടിയുമായി അവശനിലയിലെത്തിയ ഹരീന്ദ്രന്റെ കഥ വാര്‍ത്താ പ്രാധാന്യം നേടിയതാണ് കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പ് പ്രത്യേക ഉത്തരവ് പുറത്തിറക്കാന്‍ കാരണമായത്.