ദേശീയപാത വീണ്ടും താഴുന്നു-തളിപ്പറമ്പ്-പയ്യന്നൂര്‍ റോഡില്‍ മറവില്‍ തിരിവ് സൂക്ഷിക്കുക-
തളിപ്പറമ്പ്: ദേശീയപാതയിലെ അടച്ച അപകടകുഴി വീണ്ടും താഴ്ന്നു. കുപ്പം പാലത്തിന് സമീപം മൂന്നാഴ്ച്ചമുമ്പ് പ്രത്യക്ഷപ്പെട്ട കുഴി കണ്ണൂര്‍ ഓണ്‍ലൈന്‍ ന്യൂസ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പിറ്റേന്നുതന്നെ ദേശീയപാത വിഭാഗം അടച്ചിരുന്നു.
എന്നാല്‍ ഈ അടച്ച സ്ഥലം ഇപ്പോള്‍ വീണ്ടും താഴാന്‍ തുടങ്ങിയിരിക്കയാണ്. റോഡിന്റെ പാലത്തോട് ചേര്‍ന്ന ഭാഗത്തെ മണ്ണ് അടര്‍ന്നുപോയത് കാരണമാണ് റോഡ് താഴ്ന്നതെന്ന് നാട്ടുകാര്‍ പറയുന്നു.
എന്നാല്‍ ദേശീയപാത അധികൃതര്‍ അത് അടച്ച് ശാശ്വതമായി പ്രശ്‌നം പരിഹരിക്കാതെ റോഡിന്റെ ഉപരിതലത്തിലെ കുഴിയില്‍ ടാര്‍ ചെയ്ത് എളുപ്പപ്പണി നടത്തുകയായിരുന്നു.
പാത ഇരട്ടിപ്പിക്കല്‍ സംബന്ധിച്ച പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ പഴയ ദേശീയപാത അറ്റകുറ്റപ്പണി നടത്താന്‍ ആവശ്യമായ ഫണ്ട് ലഭിക്കുന്നില്ലെന്നാണ് അധികൃതര്‍ പറയുന്നത്. വീണ്ടും ടാര്‍ചെയ്ത ഭാഗം താഴ്ന്നുതുടങ്ങിയതോടെ വാഹനയാത്രികര്‍ ഭീതിയിലാണ്.