മിഫ്‌സാലു റഹ്മാന് അന്ത്യാഞ്ജലി-കബറടക്കം രാത്രി എട്ടിന്

പരിയാരം: വാഹനാപകടത്തില്‍ മരണപ്പെട്ട കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് മൂന്നാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ത്ഥി മിഫ്‌സാലു റഹ്മാന് മെഡിക്കല്‍ കോളേജില്‍ സഹപാഠികളും അധ്യാപകരും ജീവനക്കാരും അന്ത്യാഞ്ജലിയര്‍പ്പിച്ചു.

കബറടക്കം രാത്രി എട്ടോടെ നടക്കും.

മിഫ്‌സാലു റഹ്മാന്റെ മാതാപിതാക്കളും സഹോദരങ്ങളും വൈകുന്നേരം 6.45 ഓടെയാണ് വിദേശത്തുനിന്നും എത്തിയത്.

സൗത്ത് സോണ്‍ ഇന്റര്‍ യൂണിവേഴ്‌സിറ്റി ചാമ്പ്യന്‍ഷിപ്പിനായുള്ള കേരള ആരോഗ്യ സര്‍വ്വകലാശാല ടീമിലേക്കുള്ള സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കുന്നതിനായുള്ള യാത്രാ മദ്ധ്യേ തളിപ്പറമ്പ് വച്ചാണ് അപകടം സംഭവിച്ചത്.

രണ്ടുമാസം മുമ്പ് കോഴിക്കോട് നടന്ന കേരള ആരോഗ്യ സര്‍വകലാശാല ഡി സോണ്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ മികച്ച കളിക്കാരനായി മിഫ്‌സാലു റഹ്മാന്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

അന്ന് കണ്ണൂര്‍ ഗവ മെഡിക്കല്‍ കോളജ് മൂന്നാം സ്ഥാനത്തെത്തുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചത് ടീമിലെ പ്രധാന കളിക്കാരനായ ഈ വിദ്യാര്‍ത്ഥി ആയിരുന്നു.

മിഫ്‌സാലു റഹ്മാന്റെ ആകസ്മിക വിയോഗത്തെത്തുടര്‍ന്ന് മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് തിങ്കളാഴ്ച പ്രിന്‍സിപ്പാള്‍ അവധി നല്‍കി.

ഉച്ചയ്ക്ക് 1 മണി മുതല്‍ മെഡിക്കല്‍ കോളേജ് അക്കാദമിക് ബ്ലോക്കില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചു.

മുന്‍ എം.എല്‍.എ ടി വി രാജേഷ്, പ്രിന്‍സിപ്പാള്‍ ഡോ എസ്.പ്രതാപ്, വൈസ് പ്രിന്‍സിപ്പാള്‍ ഡോ ഷീബാ ദാമോദര്‍, ആശുപത്രി സൂപ്രണ്ട് ഡോ.കെ.സുദീപ്, ഡന്റല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.പി.സജി,

മെഡിക്കല്‍ കോളേജ് പി.ടി.എ ഭാരവാഹികള്‍, വിവിധ കോളേജ് യൂണിയന്‍ ഭാരവാഹികള്‍, ജീവനക്കാരുടെ സംഘടനകള്‍ തുടങ്ങിയവര്‍ മൃതദേഹത്തില്‍ പുഷ്പചക്രമര്‍പ്പിച്ചു.

നൂറുകണക്കിന് വിദ്യാര്‍ത്ഥികളും ജീവനക്കാരുമാണ് അക്കാദമിക് ബ്ലോക്കിലെത്തി അന്തിമോപചാരമര്‍പ്പിച്ചത്.

അകാലത്തില്‍ വിടപറഞ്ഞ മൂന്നാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥി മിഫ്‌സാലു റഹ്മാന്റെ വിയോഗത്തില്‍ എം വിജിന്‍ എം.എല്‍.എ, പ്രിന്‍സിപ്പാള്‍ ഡോ.എസ.പ്രതാപ്, ആശുപത്രി സൂപ്രണ്ട് ഡോ.കെ.സുദീപ് തുടങ്ങിയവര്‍ അനുശോചിച്ചു.

നാളെ ചൊവ്വാഴ്ച രാവിലെ 11 മണിക്ക് മെഡിക്കല്‍ കോളേജിലെ മെഡിക്കല്‍ എഡ്യുക്കേഷന്‍ ഹാളില്‍ അനുശോചനയോഗം നടക്കുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.