സര്‍ക്കാര്‍ കെട്ടിടനിര്‍മ്മാണം ഒച്ചിഴയുന്നതുപോലെയാവരുതെന്ന് എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എ

തളിപ്പറമ്പ്: സര്‍ക്കാര്‍ കെട്ടിട നിര്‍മ്മാണം ഒച്ചിഴയുന്നത് പോലെയാവുന്നത് അംഗീകരിക്കാനാവില്ലെന്ന് എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എ.

കരിമ്പം കില പരിശീലന കേന്ദ്രത്തില്‍ ആരംഭിച്ച പുതിയ കോളേജില്‍ കോഴ്‌സുകളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രി തറക്കല്ലിട്ട ഒരു പ്രധാന സ്ഥാപനത്തിന്റെ നിര്‍മ്മാണ പ്രവൃത്തികളാണ് എവിടെയുമെത്താതെ നീണ്ടുപോകുന്നത്.

ഇത് അംഗീകരിക്കാനാവില്ലെന്നും, ആവശ്യമെങ്കില്‍ കരാറുകാരനെ മാറ്റണമെന്നും എം.എല്‍.എ.ആവശ്യപ്പെട്ടു.

കെട്ടിട സൗകര്യമില്ലാത്തതിനാല്‍ കോഴ്‌സ് ഈ വര്‍ഷം ആരംഭിക്കാന്‍ തടസം നേരിട്ടിരുന്നു.

എം.എല്‍.എ.മുന്‍കൈയെടുത്താണ് ഈ വര്‍ഷം തന്നെ കോഴ്‌സ് തുടങ്ങാന്‍ നിര്‍ദ്ദേശം നല്‍കിയത്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ അധ്യക്ഷത വഹിച്ചു.

കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.ഗോപിനാഥ് രവീന്ദ്രന്‍ മുഖ്യാതിഥിയായിരുന്നു.

കില ഡയരക്ടര്‍ ഡോ.ജോയ് ഇളമണ്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കണ്ണൂര്‍ സര്‍വകലാശാല പ്രോ-വൈസ് ചാന്‍സലര്‍ എ.സാബു, ഡയരക്ടര്‍ ഡോ.പീറ്റര്‍ എം.രാജ്, കില പ്രിന്‍സിപ്പാള്‍ പി.എം.രാജീവ് എന്നിവര്‍ പ്രസംഗിച്ചു.