തൈക്വാണ്ടോ അദ്ധ്യാപകന്റെ സമയോചിതമായ ഇടപെടല്‍ കാരണം കുപ്പം വളവില്‍ വഴിമാറി പോയത് വന്‍ ദുരന്തം-
തളിപ്പറമ്പ്: റോഡില്‍ വീണ അരിയില്‍ ഇരുചക്രവാഹനങ്ങള്‍ തെന്നിവീണു.
ഏറെ അപകട സാധ്യതയുള്ള കുപ്പം കപ്പണത്തട്ട് വളവിലാണ് അജ്ഞാത വാഹനത്തില്‍ നിന്നും അരി മറിഞ്ഞൊഴുകി വാഹനങ്ങള്‍ തെന്നിമാറിപ്പോകുന്ന സ്ഥിതിയുണ്ടായത്.
രണ്ട് ബൈക്കുകള്‍ നിയന്ത്രണം വിട്ട് വീഴുകയും യാത്രക്കാര്‍ക്ക് സാരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ഇത് കണ്ടതോടെ അതു വഴി യാത്ര ചെയ്യുകയായിരുന്ന പയ്യന്നൂര്‍ റാങ്ദ്വീവ് മാസ്‌റ്റേഴ്‌സ് തൈക്വാണ്ടോ അക്കാദമി അദ്ധ്യാപകന്‍ ഡോ.വേണുഗോപാല്‍ കൈപ്രത്ത് അപകടത്തില്‍പെട്ടവരെ
ആശുപത്രിയിലെത്തിക്കാന്‍ സഹായിക്കുകയും, റോഡിലിറങ്ങി അരി മുഴുവന്‍ നീക്കം ചെയ്ത് റോഡിലെ അപകടാവസ്ഥ ഒഴിവാക്കുകയും ചെയ്തു.
ഇദ്ദേഹത്തിന്റെ തക്കസമയത്തുള്ള ഇടപെടല്‍ കാരണം വന്‍ദുരന്തങ്ങളാണ് വഴി മാറി പോയത്.
ഇരുചക്ര വാഹനങ്ങളടക്കം ഓരോ നിമിഷവും നിരവധി വാഹനങ്ങളാണ് ഇതിലൂടെ കടന്നു പോകുന്നത്.
ചെറുവാഹനങ്ങള്‍ റോഡില്‍ തെന്നി പോയാല്‍ പിറകെ വരുന്ന വാഹനങ്ങളുടെ അടിയില്‍ യാത്രക്കാര്‍ അകപ്പെട്ട് അപകടങ്ങളുണ്ടാകുവാനുള്ള സാധ്യതയും പ്രദേശത്തുണ്ടായിരുന്നു.
അക്കാദമിയിലെ വിദ്യാര്‍ത്ഥികളുടെ സഹായത്തോടു കൂടിയാണ് ഉദ്യമം പൂര്‍ത്തിയാക്കിയത് .