കണ്ണൂര്‍ ഗവമെഡിക്കല്‍ കോളേജില്‍ മികച്ച ട്രോമാകെയര്‍ സംവിധാനം ഒരുക്കും: മന്ത്രി വീണാ ജോര്‍ജ്ജ്
തിരുവനന്തപുരം: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മികച്ച ട്രോമാകെയര്‍ സംവിധാനം ഒരുക്കുന്നതിനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞു.
കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിന്റെ സമഗ്ര വികസനവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ എം.വിജിന് എം എല്‍ എ അവതരിപ്പിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.
മെഡിക്കല്‍ കോളേജിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി കിഫ്ബിയില്‍ ഉള്‍പ്പെടുത്തി ട്രോമാകെയര്‍ ഒന്നാം ഘട്ടത്തിന് 51.29 കോടിയും, രണ്ടാംഘട്ടത്തിന് 37.47 കോടിയും, ആശുപത്രിയുടെ അറ്റകുറ്റപണികള്‍ക്ക് 29.78 കോടിയും ഉള്‍പ്പടെ 124.94 കോടി രൂപയുടെ ഭരണാനുമതി നല്കി.
ഭരണാനുമതിയുടെ അടിസ്ഥാനത്തില്‍ പദ്ധതി നിര്‍വഹണ ഏജന്‍സിയായ വാപ്കോസ് തയ്യറാക്കിയ വിശദമായ പദ്ധതി രേഖക്ക് കിഫ്ബി സാമ്പത്തികനുമതിയും നല്‍കിയിട്ടുണ്ട്.
ഇതില്‍ ട്രോമാകെയര്‍ ഒന്നാം ഘട്ട പദ്ധതി ഇന്റര്‍നാഷണല്‍ ഫിനാന്‍സ് കോര്പ്പറേഷന് (IFC) ല്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്നതിന് വേണ്ടി നടപടികള്‍ സ്വീകരിച്ചു വരികയാണ്.
നിലവിലുള്ള ആശുപത്രിയുടെ അറ്റകുറ്റപണികള്‍ക്ക് സാങ്കേതിക അനുമതി നല്‍കുകയും പുതുക്കിയ ഷെഡ്യൂള്‍ ഓഫ്റേറ്റ് പ്രകാരം പ്രവൃത്തി ടെഡര്‍ ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണ്.
കിഫ്ബിയില്‍ നിന്നുള്ള അനുമതി ലഭിക്കുന്ന മുറക്ക് നിലവിലുള്ള ആശുപത്രിയുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തികരിക്കും.
കേരളത്തിന്റെ വടക്കന്‍ മേഖലയില്‍ സര്‍ക്കാര്‍ തലത്തില്‍ പൊതുജനങ്ങള്‍ക്ക് മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങള്‍ നല്‍കുന്നതിനും, മെഡിക്കല്‍ വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനും
വേണ്ടി കണ്ണൂര്‍ പരിയാരത്തുള്ള സഹകരണ ആശുപത്രിയും അനുബന്ധ സ്ഥാപനങ്ങളും 2.3.2019 തീയതി പ്രാബല്യം മുതല്‍ സര്‍ക്കാര്‍ ഏറ്റെടുക്കുകയും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്റെ ഭരണ നിയന്ത്രണത്തില്‍ പ്രവര്‍ത്തിച്ചുവരികയാണ്.
സര്‍ക്കാര്‍ ഏറ്റെടുത്ത ശേഷം വിവിധ തരത്തിലുള്ള വികസന പ്രവര്‍ത്തനങ്ങളാണ് മെഡിക്കല്‍ കോളേജില്‍ ആവിഷ്ക്കരിച്ച് നടപ്പാക്കി വരുന്നത്.
കണ്ണൂര്‍ സഹകരണ മെഡിക്കല്‍ കോളേജില്‍ ഉണ്ടായിരുന്ന റെഗുലര്‍ ജീവനക്കാരെ (നോണ്‍ മെഡിക്കല്‍ വിഭാഗം ഒഴികെ) ഏറ്റെടുക്കുന്നതിനും മെഡിക്കല്‍ കോളേജിന്റെ സുഗമമായ പ്രവര്‍ത്തനത്തിനുമായി 1551 തസ്തികകള്‍ സൃഷ്ടിച്ചിട്ടുണ്ട്.
ഇതിന് പുറമെ നോണ്‍ മെഡിക്കല്‍ വിഭാഗം ജീവനക്കാരെ ഉള്‍കൊള്ളുന്നതിനും, ആവശ്യമായ തസ്തികകള്‍ സൃഷ്ട്ടിക്കുന്നതിനുമുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്.
സൃഷ്ടിച്ച തസ്തികകളില്‍ ഏറ്റെടുത്ത ജീവനക്കാരെ ആഗീരണം ചെയ്യുന്നതിന്റെ ആദ്യപടിയായി 7.10.21 ല്‍ ഇതുമായി ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേരുകയും, ജീവനക്കാരുടെ ഏറ്റെടുക്കല്‍ നടപടികള്‍ ത്വരിതഗതിയില്‍ തീര്‍പ്പാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തിട്ടുണ്ട്.
ഈ വര്‍ഷത്തെ ബഡ്ജറ്റില്‍ മെഡിക്കല്‍ കോളേജിന് റവന്യൂ ഹെഡില്‍ 1870 ലക്ഷവും, ക്യാപിറ്റല്‍ ഹെഡില്‍ 500 ലക്ഷവും വകയിരുത്തിട്ടുണ്ട്. ഇതില്‍ ഉപകരണങ്ങള്‍ വാങ്ങുന്നതിനും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കുമായി 16.63 കോടിയുടെ ഭരണാനുമതി 13.9.21 ന് നല്‍കിയിട്ടുണ്ട്.
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ക്യാപ്പിറ്റല്‍ ഹെഡില്‍ തുക വകയിരുത്തിരുന്നുവെങ്കിലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ചില സാങ്കേതിക കാരണങ്ങളാല്‍ പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്തിട്ടില്ല.
ഈകാര്യം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെയും എംഎല്‍എ യുടെയും സാന്നിദ്ധ്യത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം ചേരുകയും, ഇതിന്റെ അടിസ്ഥാനത്തില്‍ നിര്‍മ്മാണ പ്രര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനുള്ള നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു.