കല്ലിങ്കീലിന്റെ വീഴ്ച്ചക്ക് പിന്നില്‍ അഡ്വ. വിനോദ് രാഘവന്റെ ഒറ്റയാള്‍പോരാട്ടം-

തളിപ്പറമ്പ്: കല്ലിങ്കീല്‍ പത്മനാഭന്റെ ബേങ്ക് പ്രസിഡന്റ് സ്ഥാനത്തുനിന്നുള്ള രാജിയിലേക്ക് നയിച്ചത് അഡ്വ.വിനോദ് രാഘവന്റെ നിരന്തരമായ നിയമപോരാട്ടം.

ബാങ്കില്‍ നടന്ന നിയമനക്രമക്കേടുകളേക്കുറിച്ച് ഹൈക്കോടതിയില്‍ ഉള്‍പ്പെടെ പരാതിയുമായി എത്തിയ തളിപ്പറമ്പ് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടെറി കൂടിയായ വിനോദ് രാഘവന് 2018 ല്‍ നടന്ന ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെടുകയും ചെയ്തു.

ഇതേതുടര്‍ന്ന് ഭരണസമിതിയിലേക്ക് സ്വതന്ത്രനായി മല്‍സരിച്ച ഇദ്ദേഹത്തിന് 500 ലേറെ വോട്ടുകളും ലഭിച്ചു.

അന്നു മുതല്‍ അഴിമതിക്കെതിരെ എന്ന മുദ്രാവാക്യവുമായി നടത്തിയ പോരാട്ടത്തിന്റെ വിജയമാണ് പ്രസിഡന്റ് സ്ഥാനത്തുനിന്നുള്ള രാജിയെന്ന് അഡ്വ.വിനോദ് രാഘവന്‍ പറഞ്ഞു.

2020 ലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ പാളയാട് വാര്‍ഡില്‍ വിനോദ് രാഘവന്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ചിരുന്നു.

ഈ തെരഞ്ഞെടുപ്പില്‍ 3 വോട്ടിന് കഷ്ടിച്ചാണ് കല്ലിങ്കീല്‍ വിജയിച്ചത്. തുടര്‍ന്നും സഹകരണ വകുപ്പിലും കോടതിയിലുമായി വിനോദ് രാഘവന്‍ കല്ലിങ്കീലിനെതിരെ പോരാട്ടത്തിലായിരുന്നു.

ഒടുവില്‍ പടിച്ചുനില്‍ക്കാന്‍ കഴിയാതെയാണ് കല്ലിങ്കീല്‍ പത്മനാഭന്‍ പ്രസിഡന്റ് സ്ഥാനത്തുനിന്നും പടിയിറങ്ങുന്നത്.

കോണ്‍ഗ്രസ് തളിപ്പറമ്പ് ബ്ലോക്ക് ജന.സെക്രട്ടെറി കെ.എന്‍.അഷറഫിനെയാണ് കോണ്‍ഗ്രസ് നേതൃത്വം പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നതെന്നാണ് സൂചന.