തളിപ്പറമ്പ്: കോണ്‍ഗ്രസിനുവേണ്ടി പ്രതിപക്ഷത്തെ പ്രതിരോധിക്കാന്‍ ഒന്നരവര്‍ഷമായി കോണ്‍ഗ്രസില്‍ നിന്ന് സസ്പെന്റ് ചെയ്ത കല്ലിങ്കീല്‍ മാത്രം.
ഇന്ന് ഉച്ചക്ക് ശേഷം നടന്ന തളിപ്പറമ്പ് നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ കോണ്‍ഗ്രസ് മന്ദിരം വളപ്പില്‍ അനുമതിയില്ലാതെ മതില് കെട്ടി പേ പാര്‍ക്കിംഗ് കേന്ദ്രം ആരംഭിച്ചതിനും ഒരുലക്ഷം രൂപ വിലവരുന്ന കൂറ്റന്‍ ഹോര്‍ഡിംഗ്സ് സ്ഥാപിച്ചതിനുമെതിരെ
പ്രതിപക്ഷത്തെ സിപി.എം ഒന്നിച്ചുനിന്ന് നടത്തിയ പ്രതിഷേധം കെ.രമേശന്, സി.പി.മനോജ്, കെ.നബീസാബീവി എന്നീ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ കേട്ടിരുന്നപ്പോഴാണ് കല്ലിങ്കീല്‍ ഒറ്റക്ക് പ്രതിരോധിക്കാനിറങ്ങിയത്, ലീഗ് കൗണ്‍സിലര്‍മാരില്‍ ചിലര്‍ കല്ലിങ്കീലിനെ പിന്തുണക്കാനെത്തുകയും ചെയ്തു.
തുടര്‍ന്നുണ്ടായ ബഹളത്തിനിടിയില്‍ സിപി.എം കൗണ്‍സിലര്‍മാരായ സി.വി.ഗിരീശനും കെ.എം.ലത്തീഫും ഒ.സുഭാഗ്യവും വൈസ് ചെയര്മാന് നേരെ ഓടിയടുത്ത് കയര്‍ക്കുകയും ചെയ്തു.
ഒടുവില്‍ പേ പാര്‍ക്കിംഗ് കേന്ദ്രത്തിന് സ്റ്റോപ്പ് മെമ്മോ നല്കാന് നഗരസഭ തീരുമാനിച്ചു.
കൗണ്‍സില്‍ യോഗത്തില്‍ സി.പി.എം കൗണ്‍സിലര്‍മാരായ ഒ.സുഭാഗ്യം, സി.വി.ഗിരീശന്, കെ.എം.ലത്തീഫ് എന്നിവരാണ് കോണ്‍ഗ്രസ് മന്ദിരത്തിന്റെ അധീനതയിലുള്ള സ്ഥലത്ത് അനുമതി ഇല്ലാതെ
ചുറ്റുമതില്‍ നിര്‍മ്മിച്ചതും പിന്നീട് നഗരസഭയുടെ ലൈസന്‍സ് വാങ്ങാതെ ഇവിടെ പേ പാര്‍ക്കിംഗ് കേന്ദ്രം ആരംഭിച്ചതും ഹോര്‍ഡിംഗ്സ് സ്ഥാപിച്ചതും കൗണ്‍സില്‍ മുമ്പാകെ ഉന്നയിച്ചത്.
പ്രതിപക്ഷത്തെ സി.പി.എം കൗണ്‍സിലര്‍മാര്‍ ഇതിനെതിരെ ഒറ്റക്കെട്ടായി രംഗത്തിറങ്ങിയെങ്കിലും ഭരണപക്ഷത്തിന് കാര്യമായി പ്രതിരോധിക്കാന്‍ കഴിഞ്ഞില്ല.
സീനിയര്‍ നേതാവായ കെ.രമേശന്റെ മൗനം പ്രതിപക്ഷത്തെ പോലും ഞെട്ടിച്ചു.
ഒച്ചപ്പാടിനും ബഹളത്തിനുമിടയില്‍ ഒ.സുഭാഗ്യം ചെയര്പേഴ്സന് മുര്‍ഷിദ കൊങ്ങായിക്ക് നേരെ ഓടിയടുത്ത് കയര്‍ക്കുകയും ചെയ്തു.
ഒടുവില്‍ അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന പേ പാര്‍ക്കിംഗ് കേന്ദ്രം അടച്ചുപൂട്ടാനായി ഇന്ന് തന്നെ നോട്ടീസ് നല്കാന് തീരുമാനിച്ചതോടെയാണ് രംഗം ശാന്തമായത്.
ഈ വിഷയത്തില്‍ കഴിഞ്ഞ ദിവസം നടന്ന കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റി യോഗത്തിലും പ്രവര്‍ത്തകര്‍ തമ്മില്‍ ചേരിതിരിഞ്ഞ് ബഹളം നടന്നിരുന്നു.