പിലാത്തറയില്‍ ജ്വല്ലറിയില്‍ കവര്‍ച്ചാശ്രമം-മോഷ്ടാവ് അറസ്റ്റില്‍-

പരിയാരം: ജ്വല്ലറിയില്‍ കവര്‍ച്ച നടത്താന്‍ ശ്രമിക്കവെ മോഷ്ടാവ് പിടിയിലായി.

കുപ്രസിദ്ധ മോഷ്ടാവായ കാസര്‍ഗോഡ് ബളാലിലെ ഹരീഷ്‌കുമാര്‍(49)നെയാണ് പരിയാരം പോലീസ് പിടികൂടിയത്.

സംഘത്തില്‍ ഉണ്ടായിരുന്ന മറ്റ് രണ്ടുപേര്‍ ഓടിരക്ഷപ്പെട്ടു.

ഇന്ന് പുലര്‍ച്ചെ മൂന്നോടെയാണ് സംഭവം.

പിലാത്തറ ലാസ്യ കോളേജിന് സമീപത്തെ ഐശ്വര്യ ജ്വല്ലറിയോട് ചേര്‍ന്ന ജ്വല്ലറിയുടെ ഉടമസ്ഥതയിലുള്ള മുറിയുടെ ഷട്ടറാണ് തകര്‍ക്കാന്‍ ശ്രമിച്ചത്.

ലാസ്യ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.കലാമണ്ഡലം ലതയും സംഘവും ഈ സമയത്ത് കലാപരിപാടികള്‍ അവതരിപ്പിച്ച് കോളേജില്‍ എത്തിയിരുന്നു.

ഇവര്‍ ശബ്ദം കേട്ട് ഭര്‍ത്താവ് തമ്പാനെ വിളിച്ചുണര്‍ത്തി.

ആരാണെന്ന് തൊട്ടടുത്ത ചിക്കന്‍ സ്റ്റാളില്‍ നിന്നാണ് ശബ്ദം കേള്‍ക്കുന്നതെന്ന് കരുതി വിളിച്ചു ചോദിച്ചപ്പോള്‍ ഷട്ടര്‍ തകര്‍ക്കുന്ന ശബ്ദം നിലച്ചു.

ഇതോടെ തമ്പാന്‍ പുറത്തേക്കിറങ്ങി നേക്കിയപ്പോഴാണ് ജ്വല്ലറിയുടെ റൂമിന് സമീപം ഒരാളെ കണ്ടത്.

ആരാണെന്ന് തിരക്കിയപ്പോല്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച മോഷ്ടാവിനെ തമ്പാന്‍ പിന്നാലെ ചെന്ന് പിടിക്കുകയായിരുന്നു.

ഇരുവരും തമ്മില്‍ പിടിവലിയായതോടെ തമ്പാന്‍ ബഹളംവെച്ചപ്പോള്‍ മറ്റൊരു കടയുടെ പെയിന്റിംഗ് നടത്തിവരികയായിരുന്ന സംഘം എത്തിയാണ് മോഷ്ടാവിനെ കീഴടക്കിയത്.

ഈ സമയത്താണ് പരിസരത്ത് ഒളിച്ചുനിന്ന രണ്ടുപേര്‍ ഓടിരക്ഷപ്പെട്ടത്.

പരിയാരം പോലീസിനെ വിവരമറിയിച്ചത്പ്രകാരം പ്രിന്‍സിപ്പല്‍ എസ്.ഐ പി.സി.സഞ്ജയ്കുമാറിന്റെ നേതൃത്വത്തിലെത്തിയ സംഘം മോഷ്ടാവിനെ കസ്റ്റഡിയിലെടുത്തു.

പോലീസ് പിലാത്തറയിലും പരിസരങ്ങളിലും വ്യാപകമായ പരിശോധന നടത്തിയെങ്കിലും ഓടിരക്ഷപ്പെട്ട രണ്ടുപേരെ കണ്ടെത്താന്‍ കഴിഞ്ഞില്ല.

പിലാത്തറയിലും പരിയാരം സ്റ്റേഷന്‍ പരിധിയിലെ മറ്റ് സ്ഥലങ്ങളിലും നടന്ന മോഷണത്തിന് പിന്നില്‍ ഹരീഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണെന്ന് സംശയിക്കുന്നുണ്ട്.

ഏതോ ക്ഷേത്രത്തില്‍ നിന്ന് ഭണ്ഡാരം കവര്‍ച്ച ചെയ്ത് എടുത്ത ചില്ലറ നാണയങ്ങളും നോട്ടുകളും പോലീസ് പിടിച്ചെടുത്തു.

മോഷണക്കേസുകളില്‍ പ്രതിയായി നിരവധിതവണ ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്. പോലീസ് ഇയാളെ ചോദ്യം ചെയ്തുവരികയാണ്.