കോളാമ്പി ബഹളം ബഹുകേമം–സഹികെട്ട് പോലീസില്‍ പരാതി.

തളിപ്പറമ്പ്: കോളാമ്പികൊണ്ട് സഹികെട്ടു, ഒടുവില്‍ പരാതിയുമായി പോലീസിലെത്തിയെങ്കിലും നീതി ലഭിച്ചില്ലെന്ന് ആക്ഷേപം.

തൃച്ചംബരം പെട്രോള്‍ പമ്പിന് സമീപത്തെ പി.മനോജ്കുമാറാണ് പോലീസില്‍ പരാതി നല്‍കിയത്.

തൃച്ചംബരം ക്ഷേത്രോല്‍സവത്തോടനുബന്ധിച്ച് നാല് ദിവസം മുമ്പാണ് മനോജ്കുമാറിന്റെ വീടിന് സമീപത്തെ മരത്തില്‍ ഹൈക്കോടതി വിലക്കേര്‍പ്പെടുത്തിയ വലിയ കോളാമ്പിമൈക്ക് സ്ഥാപിച്ചത്.

വൈകുന്നേരം മുതല്‍ പുലര്‍ച്ചെവരെ നീളുന്ന മൈക്കിലൂടെയുള്ള ശബ്ദം കാരണം എസ്.എസ്.എല്‍.സി പരീക്ഷയഴുതുന്ന മകന് പഠിക്കാന്‍ സാധിക്കുന്നില്ലെന്നാണ് പരാതി.

ഇതേവരെ ഈ സ്ഥലത്ത് മൈക്ക് സ്ഥാപിച്ചിട്ടില്ലെന്നും ആദ്യമായാണ് ഇതെന്നും മനോജ് പറഞ്ഞു. ക്ഷേത്രകമ്മറ്റി ഭാരവാഹികളെ സമീപിച്ചപ്പോള്‍ കമ്മറ്റി തീരുമാനമാണെന്നും മാറ്റാന്‍ സാധിക്കില്ലെന്നും പറഞ്ഞതിനെ തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്.

ഈ മൈക്ക് സ്ഥാപിച്ചതിന്റെ 100 മീറ്റര്‍ ചുറ്റളവിലായി 2 പ്ലസ്ടു വിദ്യാര്‍ത്ഥികളും മനോജിന്റെ മകന്‍ ഉള്‍പ്പെടെ 3 എസ്.എസ്.എല്‍.സി പരീക്ഷാര്‍ത്ഥികളുമുണ്ട്.

ഇവര്‍ക്കൊന്നും പഠിക്കാന്‍ സാധിക്കുന്നില്ലെന്നും അതുകൊണ്ട് മൈക്ക് മാറ്റണമെന്നുമാണ് ആവശ്യം.

എന്നാല്‍ പരാതി നല്‍കി ദിവസം നാലുകഴിഞ്ഞിട്ടും പോലീസും ഒന്നും ചെയ്യുന്നില്ലെന്ന് പരാതിക്കാരന്‍ പറഞ്ഞു.