പ്രതിയെ ഡോക്ടര്‍ പരിശോധിക്കുമ്പോള്‍ പോലീസ് അടുത്തുവേണ്ടാ എന്നത് സര്‍ക്കാര്‍ ഉത്തരവ്-

തിരുവനനതപുരം: പ്രതിയെ ഡോക്ടര്‍ പരിശോധിക്കുമ്പോള്‍ പോലീസ് അടുത്തുനില്‍ക്കരുതെന്ന് സര്‍ക്കാര്‍ നേരത്ത ഉത്തരവിറക്കിയിരുന്നു.
അറസ്റ്റിലായ വ്യക്തികളെ ആശുപത്രിയിലെത്തിച്ചു വൈദ്യപരിശോധനയ്ക്കു വിധേയമാക്കുമ്പോള്‍ ഒപ്പം വരുന്ന പോലീസുദ്യോഗസ്ഥര്‍ ഡോക്ടറും പ്രതിയും തമ്മിലുള്ള സംസാരം കേള്‍ക്കാതെ ദൂരെ മാറിനില്‍ക്കണമെന്നാണ് ഉത്തരവ്.

ഡോക്ടറുമായി പ്രതിയുടെ ആശയവിനിമയത്തിന് സ്വകാര്യത ഉറപ്പുവരുത്താനാണ് നടപടി.

എന്നാല്‍ പ്രതിക്ക് രക്ഷപ്പെടാന്‍ കഴിയാത്തത്ര അകലം പോലീസ് പാലിക്കണമെന്നും ഉത്തരവില്‍ നിര്‍ദേശിക്കുന്നു. പോലീസ് കസ്റ്റഡിയില്‍ മര്‍ദനമേറ്റിട്ടുണ്ടെങ്കില്‍ പ്രതിയോട് ചോദിച്ചുമ നസ്സിലാക്കാന്‍ ഇതനുസരിച്ച് ഡോക്ടര്‍ക്ക് അവസരമുണ്ട്.

പ്രതികളുടെ മുന്‍കാല രോഗവിവരങ്ങള്‍ ചോദിച്ചറിഞ്ഞ് റിപ്പോര്‍ട്ട് തയ്യാറാക്കുകയും ചെയ്യാം.

കസ്റ്റഡി പീഡനങ്ങള്‍ കണ്ട ത്തുന്നതിന് ജസ്റ്റിസ് കെ.നാരായണക്കുറുപ്പ് കമ്മിഷന്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങളില്‍പെട്ടതായിരുന്നു പ്രതികളെ പരിശോധിക്കുമ്പോള്‍ പോലീസ് സാന്നിധ്യം ഒഴിവാക്കണമെന്നത്.

താനൂര്‍ സ്വദേശിയും താനാളൂര്‍ കുടുംബാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസറുമായ ഡോ.കെ.പ്രതിഭ ഇതു നടപ്പാക്കിക്കിട്ടാന്‍ പലവട്ടം സര്‍ക്കാരിനെ സമീപിച്ചു. ഒടുവിലവര്‍ ഹൈക്കോടതിയെ സമീപിച്ചു.

കോടതി ഡോക്ടറുടെ ആവശ്യം അംഗീകരിച്ചതോടെയാണ് ഉത്തരവിറക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായത്.

2018-ല്‍ കണ്ണൂര്‍ ജില്ലാ ആശുപ ത്രിയില്‍ അത്യാഹിതവിഭാഗത്തില്‍ സേവനം ചെയ്യവേ പ്രതികളുടെ വൈദ്യപരിശോധന ചട്ടപ്രകാരം നടത്തിയതിന് പോലീസ് തന്നോട് പ്രതികാരം കാട്ടിയെന്ന് ഡോ.പ്രതിഭ വെളിപ്പെടുത്തിയിരുന്നു.

പരിശോധനയില്‍ കണ്ടെത്തിയ പരിക്കുകളും രോഗവിവരങ്ങളും വിശദമാക്കി കോടതിക്ക് നല്‍കിയതാണ് പോലീസിനെ ചൊടിപ്പിച്ചത്. തുടര്‍ന്നാണ് ഡോ.പ്രതിഭ സര്‍ക്കാരിനെയും കോടതിയെയും സമീപിച്ചത്