പി.എന്‍.മേനോന്റെ ചെമ്പരത്തിക്ക് 51 തികഞ്ഞു-
പാലിശ്ശേരി നാരായണന്‍കുട്ടി മേനോന്‍ എന്ന സിനിമാസംവിധായകനെ ആര്‍ക്കുമറിയില്ലെങ്കിലും പി.എന്‍.മേനോനെ മലയാളസിനിമ അറിയും.
കലാസംവിധായനും പോസ്റ്റര്‍ ഡിസൈനറുമൊക്കെയായ സംവിധായകനെ.
സംവിധായകന്‍ ഭരതന്റെ ഇളയച്ഛനായ പി.എന്‍.മേനോന്‍ 19 മലയാളം സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്.
അല്ലിയാമ്പല്‍ കടവിലന്നരയ്ക്കുവെള്ളം എന്ന പ്രശസ്തമായ ഗാനമുള്ള റോസിയാണ് ആദ്യത്തെ സംവിധാന സംരംഭം.
കവിയൂര്‍ പൊന്നമ്മയുടെ ഭര്‍ത്താവും രാജന്‍ പറഞ്ഞ കഥയുടെ സംവിധായകനുമായ മണിസ്വാമിയായിരുന്നു നിര്‍മ്മാതാവ്.
പിന്നീട് പി.എ.ബക്കര്‍ നിര്‍മ്മിച്ച എം.ടി രചിച്ച ഓളവും തീരവും(1970), 71 ല്‍ എം.ടിയുടെ തന്നെ തിരക്കഥയില്‍ മേനോന്‍ തന്നെ നിര്‍മ്മിച്ച കുട്ട്യേടത്തിയും സംവിധാനം ചെയ്തു.
പി.എന്‍.മേനോന്‍ സംവിധാനം ചെയ്ത നാലാമത്തെ സിനിമയാണ് ചെമ്പരത്തി.
മലയാളനാട് വാരികയുടെ പത്രാധിപരായ എസ്.കെ.നായര്‍ നിര്‍മ്മിച്ച ചെമ്പരത്തി 1972 ലെ മികച്ച വിജയം നേടിയ സിനിമയായിരുന്നു.
മലയാറ്റൂര്‍ രാമകൃഷ്ണന്റെ കഥക്ക് തിരക്കഥയും സംഭാഷണവും രചിച്ചത് തോപ്പില്‍ ഭാസി.
അശോക് കുമാര്‍ ക്യാമറയും രവി കിരണ്‍ ചിത്രസംയോജനവും നിര്‍വ്വഹിച്ചു.
ന്യൂ ഇന്ത്യാ ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിച്ച ചിത്രം വിതരണം ചെയ്തത് തിരുമേനി പിക്‌ച്ചേഴ്‌സായിരുന്നു.
ഭരതന്‍ കലാസംവിധാനവും എസ്.എ.നായര്‍ പോസ്റ്റര്‍ ഡിസൈനിംഗും നിര്‍വ്വഹിച്ചു.
വലിയൊരു താരനിര തന്നെ ഈ സിനിമയിലുണ്ടായിരുന്നു.
മധു, രാഘവന്‍, റാണിചന്ദ്ര, സുധീര്‍, അടൂര്‍ഭാസി, കൊട്ടാരക്കര ശ്രീധരന്‍ നായര്‍, ബഹദൂര്‍, ശങ്കരാടി, കുതിരവട്ടം പപ്പു, പറവൂര്‍ ഭരതന്‍, ശോഭന, ബാലന്‍.കെ.നായര്‍, നിലമ്പൂര്‍ ബാലന്‍, സുധര്‍മ്മ, ടി.പി.രാധാമണി, പി.ഒ.തോമസ്, പാതിയില്‍ മാധവന്‍ പിള്ള, പത്മ ജനാര്‍ദ്ദനന്‍ എന്നിവരായിരുന്നു പ്രധാന വേഷത്തില്‍.
ഗാനങ്ങള്‍(രചന-വയലാര്‍ രാമവര്‍മ്മ. സംഗീതം-ദേവരാജന്‍).
1-അമ്പാടി തന്നിലൊരുണ്ണി-പി.മാധുരി.
2-ചക്രവര്‍ത്തിനി നിനക്കുഞാനന്റെ-യേശുദാസ്.
3-കുണുക്കിട്ട കോഴി-പി.മാധുരി.
4-പൂവേ പൊലി പൂവേ-പി.മാധുരി.
5-ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ-യേശുദാസ്.
6-ഉണ്ണിക്ക് കളിക്കാന്‍-പി.മാധുരി.
(ചക്രവര്‍ത്തിനി എന്ന ഗാനം പി.മാധുരിയും പാടുന്നുണ്ട്)
