തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് കേന്ദ്രത്തിലേക്കുള്ള റോഡ് കുഴിഞ്ഞു താഴ്ന്നു.

 

തളിപ്പറമ്പ്: തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് സെന്ററിലേക്ക് പോകേണ്ട റോഡ് ഇടിഞ്ഞു താഴ്ന്നു.

ആശുപത്രിയിലെ പുതിയ ബ്ലോക്കിന് മുന്നിലൂടെ പോകുന്ന, അടുത്ത കാലത്ത് നവീകരിച്ച റോഡാണ് തകര്‍ന്നത്.

റോഡില്‍ വലിയ കുഴി രൂപപ്പെട്ടതോടെ തളിപ്പറമ്പ് നഗരസഭാ അധികൃതര്‍ കുഴിയിലേക്ക് സിമന്റ് കോണ്‍ക്രീറ്റ് മിശ്രിതമിട്ട് നിറച്ചുവെങ്കിലും മഴ പെയ്തതോടെ അതും താഴ്ന്നിരിക്കയാണ്.

നേരത്തെ ഇവിടെയുണ്ടായിരുന്ന കുഴി ശരിയായി മൂടാതെ റോഡ് നിര്‍മ്മിച്ചത് കാരണമാണ് കുഴിഞ്ഞ് താഴാന്‍ കാരണമെന്നാണ് സൂചന.

ഇതുവഴിയാണ് ഡയാലിസിസ് നടത്തേണ്ട രോഗികളെ വാഹനത്തില്‍ കൊണ്ടുപോകുന്നത് റോഡ് തകര്‍ന്നതോടെ രോഗികള്‍ കടുത്ത ബുദ്ധിമുട്ടിലാണ്.

ഇത് കൂടാതെ ആശുപത്രി ജീവനക്കാരുടെ ക്വാര്‍ട്ടേഴ്‌സിലേക്കും വാഹനവുമായി പോകാന്‍ സാധിക്കുന്നില്ല.

അശാസ്ത്രീയമായി തട്ടിക്കൂട്ടിയത് കാരണമാണ് റോഡ് ഇത്തരത്തില്‍ പെട്ടെന്ന് കുഴിഞ്ഞു താഴാന്‍ കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

അടിയന്തിര നടപടി വേണമെന്ന ആവശ്യം ശക്തമാണ്.