അച്ചാണിയുടെ സുവര്‍ണ്ണ ജൂബിലി ഇന്ന്

 

ജൂലായ് എട്ടിന് നിര്യാതനായ പ്രമുഖ ചലച്ചിത്ര നിര്‍മ്മാതാവ് കെ.രവീന്ദ്രനാഥന്‍ നായര്‍ എന്ന ജനറല്‍പിക്‌ച്ചേഴ്‌സ് രവിയെ അച്ചാണി രവിയാക്കി മാറ്റിയ സിനിമ അച്ചാണി റിലീസ് ചെയ്തിട്ട് ഇന്നേക്ക് 50 വര്‍ഷം പൂര്‍ത്തിയാവുന്നു.

1973 ജൂലായ്-12 നാണ് അച്ചാണി റിലീസ് ചെയ്തത്.

അന്വേഷിച്ചു കണ്ടെത്തിയില്ല, ലക്ഷപ്രഭു, കാട്ടുകുരങ്ങ് എന്നീ സിനിമകള്‍ക്ക് ശേഷം ജനറല്‍ പിക്‌ച്ചേഴ്‌സ് നിര്‍മ്മിച്ച സൂപ്പര്‍ഹിറ്റ് സിനിമ.

4 ലക്ഷം രൂപക്ക് പൂര്‍ത്തിയായ ഈ സിനിമ അന്ന് കളക്ട് ചെയ്തത് 18 ലക്ഷം രൂപയായിരുന്നു.

പ്രമുഖ തമിഴ് നാടകകൃത്ത് കാരൈക്കുടി നാരായണന്റെ അച്ചാണി എന്ന നാടകം കാണാനിടയായ രവി ഇത് തന്റെ മൂത്ത സഹോദരന്റെ കഥയുമായി ഏറെ ബന്ധമുള്ളതായി തോന്നിയതോടെയാണ് സിനിമയാക്കാന്‍ തീരുമാനിച്ചത്.

(ഇതേ പേരില്‍ 1978 ല്‍ അച്ചാണി കാരൈക്കുടി നാരായണന്‍ തന്നെ തമിഴില്‍ സംവിധാനം ചെയ്തിരുന്നു-ആശൈ മച്ചാന്‍, നല്ലത് നടന്ത തീരും, അന്‍പേ സംഗീത, എന്നടി മീനാക്ഷി, അഗ്നിപ്രവേശം എന്നീ സിനിമകളും അദ്ദേഹം സംവിധാനം ചെയ്തു).

കള്ളം പറയുകയോ കടംവാങ്ങുകയോ ചെയ്യാത്ത വാസു എന്ന തയ്യല്‍കടക്കാരന്റെയും കുടുംബത്തിന്റെയും കഥയാണ് അച്ചാണി.

ദുരന്തങ്ങള്‍ വിടാതെ പിന്തുടര്‍ന്നപ്പോഴും തന്റെ ആദര്‍ശങ്ങള്‍ കൈവിടാത്ത വാസുവിന്റെ കഥ സിനിമ കണ്ടവരുടെയല്ലാം കണ്ണ് നനയിച്ചു.

പ്രേംനസീര്‍, വിന്‍സെന്റ്, സുധീര്‍, നന്ദിതാബോസ്, സുജാത, അടൂര്‍ഭാസി, കൊട്ടാരക്കര ശ്രീധരന്‍നായര്‍, ശങ്കരാടി, ബഹദൂര്‍, ജോണ്‍വര്‍ഗീസ്, ജെ.എ.ആര്‍.ആനന്ദ്, ശ്രീലത, മീന, പറവൂര്‍ ഭരതന്‍ എന്നിവരോടൊപ്പം ഗായകന്‍ കെ.ജെ.യേശുദാസും പാടി അഭിനയിച്ചു.

തോപ്പില്‍ ഭാസിയാണ് തിരക്കഥയും സംഭാഷണവും എഴുതിയത്.

എ.വെങ്കട്ട്, എന്‍.പ്രകാശ് എന്നിവരാണ് ക്യാമറ കൈകാര്യം ചെയ്തത്.

ജി.വെങ്കിട്ടരാമനാണ് എഡിറ്റര്‍.

പ്രതാപ് ഫിലിംസാണ് വിതരണക്കാര്‍.

ഗാനങ്ങള്‍(രചന-പി.ഭാസ്‌ക്കരന്‍, സംഗീതം-ദേവരാജന്‍)

1-എന്റെ സ്വപ്‌നത്തിന്‍ താമരപൊയ്കയില്‍-യേശുദാസ്.

2-മല്ലികാബാണന്‍ തന്റെ വില്ലെടുത്തു-ജയചന്ദ്രന്‍, മാധുരി.

3-മുഴുതിങ്കള്‍ മണിവിളക്കമഞ്ഞു-പി.സുശീല.

4-നീലനീല സമുദ്രത്തിന്‍ അക്കരെയായി-പി.മാധുരി.

5-സമയമാംനദി പുറകോട്ടൊഴുകി-പി.സുശീല.