കാരായിരാജനും കാരായി ചന്ദ്രശേഖരനും നവംബര്‍ 5ന് തലശേരിയില്‍ സ്വീകരണം-

തലശേരി: ഫസല്‍ വധക്കേസില്‍ ജാമ്യവ്യവസ്ഥയിലെ ഇളവിനെ തുടര്‍ന്ന് നാട്ടിലേക്ക് തിരിച്ചെത്തുന്ന സി.പി.എം നേതാക്കളായ കാരായിരാജനും, കാരായിചന്ദ്രശേഖരനും നവംബര്‍ അഞ്ചിന് വെള്ളിയാഴ്ച്ച തലശേരിയില്‍ സ്വീകരണം ഒരുക്കുന്നു.

റൂറല്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ വൈകുന്നേരം അഞ്ചിന് സി.പി.എം ഏരിയകമ്മിറ്റി നല്‍കുന്ന സ്വീകരണം ജില്ല സെക്രട്ടറി എം.വി ജയരാജന്‍ ഉദ്ഘാടനം ചെയ്യും.

സംസ്ഥാന-ജില്ല നേതാക്കള്‍ പങ്കെടുക്കും. തലശേരിയില്‍ നിന്ന് ജന്മദേശങ്ങളായ കതിരൂര്‍ സി എച്ച് നഗറിലേക്കും തിരുവങ്ങാട് കുട്ടിമാക്കൂലിലേക്കും സ്വീകരിച്ചാനയിക്കും.

ഫസല്‍കേസില്‍ ഗുഢാലോചന കുറ്റം ചുമത്തപ്പെട്ട കാരായിരാജനും കാരായിചന്ദ്രശേഖരനും 2002 ജൂണ്‍ 22-നാണ് എറണാകുളം മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരായത്.

ഒന്നരവര്‍ഷം ജയിലിലും ജാമ്യവ്യവസ്ഥ പ്രകാരം എട്ട് വര്‍ഷത്തോളം എറണാകുളം ഇരുമ്പനത്തുമായിരുന്നു.

ആഗസ്ത് അഞ്ചിന് ജാമ്യവ്യസ്ഥയില്‍ ഹൈക്കോടതി ഇളവ് അനുവദിച്ചതോടെയാണ് നാട്ടിലേക്കുള്ള മടക്കം.

നീണ്ട കാത്തിരിപ്പിനൊടുവിലാണ് നേതാക്കള്‍ തിരിച്ചെത്തുന്നത്.