ചൂരലിലെ വെട്ടുകേസ്-അക്ഷയ് റിമാന്‍ഡില്‍-
പെരിങ്ങോം: മകളെ വിവാഹം ചെയ്തുതരാത്ത വിരോധത്തിന് രണ്ടാനച്ഛനെ കെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതി റിമാന്‍ഡില്‍.
കണ്ണൂര്‍സിറ്റി തയ്യില്‍ കൊയിലോട്ടി വീട്ടില്‍ അക്ഷയ്(28)നെയാണ് കേസില്‍ ഇന്ന് രാവിലെ കണ്ണൂര്‍ സിറ്റി പോലീസ് പിടികൂടി പെരിങ്ങോം പോലീസിന് കൈമാറിയത്.
ഇയാളുടെ കൂട്ടുപ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇയാള്‍ പോലീസിന്റെ വലയിലാണെന്നും സൂചനയുണ്ട്.
ഇന്ന് പുലര്‍ച്ചെ രണ്ടോടെയാണ് ഇരിക്കൂര്‍ മാമാനം സ്വദേശിയും മാത്തില്‍ ചൂരല്‍ അരിയില്‍ വെള്ളച്ചാട്ടത്തിന് സമീപം വാടകവീട്ടില്‍ താമസക്കാരുമായ എ.സി.രാജേഷ് (45)ന് വെട്ടേറ്റത്.
ചെങ്കല്‍ ലോഡിംഗ് തൊഴിലാളിയായ രാജേഷിന്റെ ഭാര്യ റീത്തയുടെ ആദ്യ വിവാഹബന്ധത്തിലുള്ള മകളുമായി അക്ഷയ് പ്രണയത്തിലായിരുന്നു.
എന്നാല്‍ വീട്ടുകാര്‍ ഈ ബന്ധത്തെ എതിര്‍ക്കുകയും കാസര്‍ഗോഡ് സ്വദേശിയുമായി വിവാഹം നടത്തുകയും ചെയ്തു.
ഈ വിവരമറിഞ്ഞ് ചൂരലിലെത്തിയ അക്ഷയ് വാതിലില്‍ മുട്ടി രാജേഷിനെ വിളിച്ചുണര്‍ത്തി ബഹളം വെക്കുകയും വടിവാള്‍കൊണ്ട് വെട്ടുകയുമായിരുന്നു
. ഭാര്യ പെട്ടെന്ന് വാതില്‍ അടച്ചത് കൊണ്ട് മാത്രമാണ് രാജേഷ് കൂടുതല്‍ വെട്ടേല്‍ക്കാതെ മരണത്തില്‍ നിന്ന് രക്ഷപ്പെട്ടത്.
വിവരമറിഞ്ഞ് എത്തിയ പെരിങ്ങോം എസ്.ഐ.എന്‍.പി.രാഘവന്റെ നേതൃത്വത്തിലാണ് രാജേഷിനെ ആദ്യം പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചത്. രാജേഷ് അപകടനില തരണം ചെയ്തിട്ടുണ്ട്.
പെരിങ്ങോം പോലീസ് വിവരം നല്‍കിയത് പ്രകാരം കണ്ണൂര്‍ സിറ്റി പോലീസ് ഇന്ന് പുലര്‍ച്ചെ തന്നെ പിടികൂടി പെരിങ്ങോം പോലീസിന് കൈമാറിയിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.