സി.ഐ.ഡി സിനിമകളുടെ തമ്പുരാന്‍ വേണു-രാത്രിയിലെ യാത്രക്കാര്‍-@47.

        മലയാളത്തില്‍ സി.ഐ.ഡി സിനിമകള്‍ ജനകീയമാക്കിയ സംവിധായകനാണ് വേണു.

ഡിറ്റക്ടീവ് 909 കേരളത്തില്‍, സി.ഐ.ഡി.നസീര്‍, ടാക്‌സികാര്‍, പ്രേതങ്ങളുടെ താഴ്‌വര, രാത്രിയിലെ യാത്രക്കാര്‍, ആള്‍മാറാട്ടം എന്നീ കുറ്റാന്വേഷണചിത്രങ്ങള്‍ ഒരുക്കിയ വേണു സംവിധാനം ചെയ്ത 19 സിനിമകളുടെ കഥയും തിരക്കഥയും സംഭാഷണവും എഴുതി.

വേണു എന്ന പി.വേണുഗോപാല മേനോന്‍ തൃശൂര്‍ പുറനാട്ടുകര സ്വദേശിയാണ്.

കുടുംബചിത്രമായാലും ആക്ഷന്‍-ത്രില്ലര്‍ സിനിമയായാലും തമാശപ്പടമായാലും പ്രണയചിത്രമായാലും എല്ലാം വ്യത്യസ്തമായ രീതിയില്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിച്ച സംവിധായകനായിരുന്നു വേണു.

21 സിനിമകള്‍ സംവിധാനം ചെയ്ത വേണുവിന്റെ ആദ്യത്തെ സിനിമ 1967 ലെ ഉദ്യോഗസ്ഥ. 68 ല്‍ വിരുതന്‍ ശങ്കു, 69 ല്‍ വീട്ടുമൃഗം, വിരുന്നുകാരി, 70 ല്‍ ഡിറ്റക്ടീവ് 909 കേരളത്തില്‍, 71 ല്‍ സി.ഐ.ഡി.നസീര്‍,

72 ല്‍ ടാക്‌സികാര്‍, 73 ല്‍ പ്രേതങ്ങളുടെ താഴ്‌വര, 75 ല്‍ ബോയ്ഫ്രണ്ട്, 76 ല്‍ രാത്രിയിലെ യാത്രക്കാര്‍, 78 ല്‍ ആള്‍മാറാട്ടം, 79 ല്‍ അവളുടെ പ്രതികാരം, പിച്ചാത്തികുട്ടപ്പന്‍, അമൃതചുംബനം, വാര്‍ഡ് നമ്പര്‍-7,

81 ല്‍ അറിയപ്പെടാത്ത രഹസ്യം, 82 ല്‍ അരഞ്ഞാണം, 84 ല്‍ തച്ചോളി തങ്കപ്പന്‍, 90 ല്‍ ശേഷം സ്‌ക്രീനില്‍, 1999 ല്‍ പാറശ്ശാല പാച്ചന്‍ പയ്യന്നൂര്‍ പരമു, 2004 ല്‍ പരിണാമം.(NFDC).

രാത്രിയിലെ യാത്രക്കാര്‍(1976 ആഗസ്ത്-20-47 വര്‍ഷം)

അശ്വതി ഫിലിംസിന്റെ ബാനറില്‍ അശ്വതി സുകു നിര്‍മ്മിച്ച സിനിമ.

ആന്റണി ചാമനാടന്‍ കഥ, തിരക്കഥ, സംഭാഷണം രചിച്ചു.

വിപിന്‍ദാസാണ് ക്യാമറാമാന്‍, കല്യാണസുന്ദരം എഡിറ്റര്‍.

കലാസംവിധാനം കെ.ബാലന്‍, ഡിസൈന്‍-എസ്.എ.സലാം.

ഡിന്നി ഫിലിംസാണ് വിതരണക്കാര്‍.

വിന്‍സെന്റ്, കെ.പി.ഉമ്മര്‍, അടൂര്‍ഭാസി, ജയഭാരതി, ബഹദൂര്‍, സാധന, ശ്രീലത, ശ്രീജ രവി എന്നിവര്‍ മുഖ്യവേഷത്തിലെത്തി.

കഥാസൂചന-

രാജശേഖരനെന്ന അഭ്യസ്ഥവിദ്യനായ ചെറുപ്പക്കാരന്‍ കള്ളക്കടത്തുകാരനായത് സ്വന്തം അമ്മാവനോടുള്ള വാശിയും വൈരാഗ്യവും കാരണമാണ്.അമ്മാവനേക്കാള്‍ വലിയ പണക്കാരനാവുക എന്ന ലക്ഷ്യത്തോടെയാണ് അയാള്‍ ബോംബെയിലേക്ക് വണ്ടി കയറിയത്. വര്‍ഷങ്ങള്‍ക്കു ശേഷം നാട്ടില്‍ അയാള്‍ തിരിച്ചെത്തിയത് ആ പ്രതീക്ഷകളൊക്കെ പൂവണിയുമെന്ന ഉത്തമ വിശ്വാസത്തിലാണ്.പണം അയാള്‍ക്ക് ഒരു പ്രശ്‌നമായിരുന്നില്ല. നാട്ടിലെത്തിയ രാജശേഖരന്‍ ഒരു കൊലപാതകിയായി മാറിയത് തികച്ചും സാഹചര്യങ്ങളുടെ സമര്‍ദ്ദത്തിലാണ്.സമര്‍ത്ഥനായ ഒരു സഹചാരിയെ പിരിച്ചയക്കാന്‍ ഇഷ്ടപ്പെടാത്ത കള്ളക്കടത്തു സംഘക്കാര്‍ക്ക് രാജശേഖരന്‍ ഒരു കൊലപാതകിയായി മാറിയ രംഗം വളരെ സന്തോഷമുളവാക്കി. ഈ തുറുപ്പു ചീട്ടുപയോഗിച്ച് അവര്‍ അയാളെ എപ്പോഴും ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നു.എന്നാല്‍ രാജശേഖരനെ വേദനിപ്പിച്ചത് മറ്റു ചില സംഭവങ്ങളായിരുന്നു.ആരുടെ സന്തോഷത്തിനും സുഖത്തിനും വേണ്ടി താന്‍ ഇത്രയും യാതനകള്‍ സഹിച്ചുവോ , ആ ആളുകളുടെ ജീവിതസ്വപ്നമാണ് ഈ കൊലപാതകം വഴി രാജശേഖരന്‍ നശിപ്പിച്ചത്.രാജശേഖരനാല്‍ കൊല ചെയ്യപ്പെട്ട സി ഐ ഡി മോഹനന്‍ രേഖയുടെ കാമുകനായിരുന്നു.ഈ സത്യം അറിഞ്ഞ നിമിഷം മുതല്‍ രാജശേഖരന്‍ മാനസികമായി ആകെ തളര്‍ന്നു. എങ്ങനെയും താനുള്‍പ്പെട്ട കള്ളക്കടത്തു സംഘത്തെ നശിപ്പിക്കുക എന്നത് അയാളുടെ ജീവിത ലക്ഷ്യമായി മാറി.ജീവന്‍ പണയം വെച്ചും അതിനുള്ള പോരാട്ടമായിരുന്നു പിന്നീട്.

ഗാനങ്ങള്‍(രചന-ശ്രീകുമാരന്‍തമ്പി-സംഗീതം-ദേവരാജന്‍).

1-കാവ്യഭാവനാ മഞ്ജരികള്‍-ജയചന്ദ്രന്‍.

2-ഇണങ്ങിയാലെന്‍ തങ്കം-യേശുദാസ്.

3-അശോകവനത്തില്‍-മാധുരി.

4-അമ്മീണീ എന്റെ അമ്മിണീ-സി.ഒ.ആന്റോ.

5-രോഹിണി നക്ഷത്രം-മാധുരി.