ഇന്ന് കാണുമ്പോഴും ഞെട്ടിക്കും കമലഹാസന്റെ വയനാടന്‍ തമ്പാന്‍.

മലയാളത്തില്‍ ഭീകര സിനിമകള്‍ പൊതുവെ കുറവാണ്. ഭാര്‍വീനിലയം, കള്ളിയങ്കാട്ടു നീലി, ലിസ, ഇന്ദ്രിയം, അഗ്നിവ്യൂഹം, ആരതി, കല്‍പ്പനാഹൗസ് തുടങ്ങിയ സിനിമകളാണ് പെട്ടെന്ന് ഓര്‍മ്മയില്‍ വരിക.

ആ ഗണത്തില്‍ പെടുത്താവുന്ന ഒരു നിത്യവസന്ത ഭീകര സിനിമയാണ് എ.വിന്‍സെന്റ് സംവിധാനം ചെയ്ത വയനാടന്‍ തമ്പാന്‍.

1978 സപ്തംബര്‍-14 ന് 45 വര്‍ഷം മുമ്പാണ് സിനിമ റിലീസ് ചെയ്തത്.

ഇന്ന് കാണുമ്പോഴും ഈ സിനിമയിലെ നടുക്കുന്ന ദൃശ്യങ്ങള്‍ നമ്മെ അലോസരപ്പെടുത്തും വിധം ഭംഗിയാക്കാന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട്.

ശ്രീ വിഘ്‌നേശ്വരാ ഫിലിംസിന്റെ ബാനറില്‍ എസ്.ഹരിഹരന്‍ നിര്‍മ്മിച്ച വയനാടന്‍ തമ്പാന്‍ നിരവധി പ്രത്യേകതകളുള്ള സിനിമയാണ്.

കമലഹാസന്‍ ആറ് വ്യത്യസ്ത വേഷങ്ങളില്‍ പ്രത്യക്ഷപ്പെടുന്നു.

ശശികലാമേനോന്‍ എന്ന വനിതാ ഗാനരചയിതാവിനെ മലയാളത്തിന് പരിചയപ്പെടുത്തി. പാട്ടുകളാവട്ടെ ഇന്നും സൂപ്പര്‍ഹിറ്റുകള്‍.

ലത, മല്ലികാ സുകുമാരന്‍, പി.കെ.ഏബ്രഹാം, നിലമ്പൂര്‍ ബാലന്‍, പഞ്ചാബി, മീന, ചന്ദ്രലേഖ, ഫിലോമിന, കെ.പി.എ.സി.ലളിത, ഗിരിജ ഗുപ്ത, കെ.എ.വാസുദേവന്‍, കുട്ടി പത്മിനി, ജനാര്‍ദ്ദനന്‍, ബാലന്‍.കെ.നായര്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍.

പ്രമുഖ നോവലിസ്റ്റ് വി.ടി.നന്ദകുമാറാണ് കഥ, തിരക്കഥ, സംഭാഷണം എഴുതിയത്.

ക്യാമറ ജയനന്‍ വിന്‍സെന്റ്, ചിത്രസംയോജനം ടി.ആര്‍.ശേഖര്‍, കലാസംവിധാനം മോഹനന്‍, പരസ്യം എസ്.എ.നായര്‍.

കമലഹാസന്റെ ആറ് വ്യത്യസ്ത വേഷങ്ങള്‍ ഒരുക്കിയത് കുപ്പുരാജ് എന്ന കോസ്റ്റിയൂം ഡിസൈനറാണ്.

മേക്കപ്പ് കെ.രാമന്‍. ആര്‍.ആര്‍.ഫിലിംസാണ് വിതരണക്കാര്‍.

കഥാസംഗ്രഹം-

100 വയസു കഴിഞ്ഞ വയനാടന്‍ തമ്പാന്‍ നിത്യയവ്വനം സ്വന്തമാക്കാന്‍ പഴയ താളിയോല ഗ്രന്ഥങ്ങളില്‍ നിന്ന് ലഭിച്ച അറിവുകള്‍ പ്രകാരം കരിമൂര്‍ത്തി എന്ന ദുഷ്ടശക്തിയെ പ്രാര്‍ത്ഥനകൊണ്ട് അധീനതയിലാക്കി. നിത്യയവ്വനം നല്‍കുമ്പോള്‍ വയനാടന്‍ തമ്പാനോട് കരിമൂര്‍ത്തി ആവശ്യപ്പെട്ടത് 18 വയസു തികയാത്ത പെണ്‍കുട്ടികളുടെ ചോരയായിരുന്നു. ഒരു പെണ്‍കുട്ടിയുടെ ചോരയില്‍ 5 വര്‍ഷത്തെ യവ്വനം. ഇതിനുവേണ്ടി
തറയില്‍ തറവാടെന്നറിയപ്പെടുന്ന ഒരു ധനിക നായര്‍ കുടുംബത്തിലെ കൊച്ചമ്മിണിയെന്ന പെണ്‍കുട്ടിയെ അവന്‍ വല വീശി. അവളുടെ വിവാഹത്തിനൊരുക്കങ്ങള്‍ നടക്കവേ തമ്പാന്‍ കൊച്ചമ്മിണിയെ തട്ടിക്കൊണ്ടു പോയി കരിമൂര്‍ത്തിക്ക് സമര്‍പ്പിച്ചു. തമ്പാന്‍ കരിമൂര്‍ത്തിക്ക് കൊച്ചമ്മിണിയെ കാഴ്ച വെച്ച് വീണ്ടെടുത്ത യുവത്വവുമായി വീണ്ടും തന്റെ അടുത്ത ഇരക്ക് വേണ്ടി അന്വേഷണം ആരംഭിച്ചു.കൊച്ചമ്മിണിയുടെ തിരോധാനത്തിനു പ്രതികാരം ചെയ്യുമെന്ന് കുടുംബാഗംഗങ്ങള്‍ പ്രതിജ്ഞയെടുത്തു. അവന്റെ അടുത്ത ഇര നബീസ എന്ന മുസ്ലിം പെണ്‍കുട്ടിയായിരുന്നു. തമ്പാന്റെ മുന്നാമത്തെ ഇര  അന്നമ്മ എന്ന കൃസ്ത്യന്‍ പെണ്‍കുട്ടിയാണ്. തോമസ് എന്ന കോളേജ് അധ്യാപകന്റെ രൂപത്തിലാണു തമ്പാന്‍ ഇക്കുറി ഇറങ്ങിയത്. അന്നമ്മയെ പ്രേമിച്ച് വിവാഹം കഴിക്കാമെന്ന് വാക്കു കൊടുത്ത് അവളുമായി അവന്‍ കരിമൂര്‍ത്തിയുടേ കൂടാരത്തിലെത്തി.പക്ഷേ അന്നമ്മ അവിടെ നിന്ന് കുരിശിന്റെ ശക്തിയില്‍ രക്ഷപെട്ടു. പെണ്‍കുട്ടികളെ തട്ടിയെടുത്ത് കരിമൂര്‍ത്തിക്ക് കാഴ്ച്ചവെച്ച് യവ്വനം നിലനിര്‍ത്തിവന്ന തമ്പാന്‍ വര്‍ഷങ്ങല്‍ക്ക് ശേഷം സുന്ദരിയായ എല്‍സിയെ പ്രണയിക്കുന്നു. ഫ്രാന്‍സിസ് എന്നു പേരു പറഞ്ഞ് അവളോട് അടുത്തു കൂടിയ അവന്‍ അവളെ കരിമൂര്‍ത്തിയുടെ കൂടാരത്തിലേക്ക് കൂട്ടിക്കൊണ്ടു പോയി. പക്ഷെ, വര്‍ഷങ്ങള്‍ക്ക് മുമ്പ് അന്നമ്മയെ വശീകരിച്ച് തന്റെ ഇംഗിതത്തിന് ഉപയോഗപ്പെടുത്തിയപ്പോള്‍ ഉണ്ടായ മകളാണ് എല്‍സിയെന്ന് തമ്പാന്‍ തിരിച്ചറിയുന്നു. തമ്പാന്റെ ക്രൂരതകള്‍ക്കിരയായവരെല്ലാം അയാള്‍ക്കെതിരെ ഒത്തുചേരുകയും രക്തബലി നടത്താന്‍ സാധിക്കാതെ വന്ന തമ്പാന്‍ കരിമൂര്‍ത്തിയുടെ ക്രോധത്തില്‍ വയോവൃദ്ധനായി മാറി ആ പൈശാചികശക്തിയാല്‍ നശിപ്പിക്കപ്പെടുന്നതുമാണ് കഥ. നരബലിയും കന്യാദാനവും രക്തയാഗവും താളിയോലകളില്‍ തുടിച്ചു നില്‍ക്കുന്ന താന്ത്രികവിദ്യയുടെ രഹസ്യങ്ങളും സമന്വയിപ്പിച്ച സിനിമ അധികം ചര്‍ച്ചചെയ്യപ്പെട്ടില്ലെങ്കിലും ഇന്നും ഒരു അല്‍ഭുതമാണ്. പ്രത്യേകിച്ച് വയനാടന്‍ തമ്പാനായി നായകനും വില്ലനുമായി ഒരേസമയം പ്രത്യക്ഷപ്പെടുന്ന കമലഹാസന്റെ പ്രകടനം ഞെട്ടിപ്പിക്കുന്നത് തന്നെയാണ്. (സിനിമ യൂട്യൂബില്‍ ലഭ്യമാണ്).

ഗാനങ്ങള്‍(രചന-ശശികലാമേനോന്‍-സംഗീതം-ദേവരാജന്‍).

1-കരുകൊണ്ടല്‍ നിറമാര്‍ന്ന കരിമൂര്‍ത്തേ-യേശുദാസ്, കാര്‍ത്തികേയന്‍.

2-ചന്ദ്രിക വിതറിയ താഴ്‌വരയില്‍-കാര്‍ത്തികേയന്‍.

3-ഏകാന്ത സ്വപ്‌നത്തിന്‍-പി.സുശീല.

4-ഏഴാമുദയത്തില്‍-യേശുദാസ്.

5-മഞ്ചാടി മണിമാല-കാര്‍ത്തികേയന്‍, മാധുരി.