കുറുപ്പിനെ കാത്ത് പ്രേക്ഷകര്‍-12 ന് രാവിലെ എട്ടുമണിക്ക് തളിപ്പറമ്പ് ആലിങ്കീലില്‍ സ്‌പെഷ്യല്‍ഷോ-

തളിപ്പറമ്പ്: നവംബര്‍ 12 ന് പുറത്തിറങ്ങുന്ന ദുല്‍ഖര്‍ സല്‍മാന്‍ നായകനായ കുറുപ്പിനെ കാത്ത് പ്രേക്ഷകര്‍.

തിയേറ്ററുകള്‍ കോവിഡിന് ശേഷം നവംബര്‍ 25 ന് തുറന്നുവെങ്കിലും 28 മുതലാണ് തളിപ്പറമ്പ് ആലിങ്കീലില്‍ പ്രദര്‍ശനം തുടങ്ങിയത്.

തമിഴ് ചിത്രം ഡോക്ടര്‍, മലയാള സിനിമ സ്റ്റാര്‍ എന്നിവയ്‌ക്കൊന്നും കാര്യമായ ചലനങ്ങള്‍ ഉണ്ടാക്കാനായില്ല.

നവംബര്‍ 4 മുതല്‍ രജനീകാന്തിന്റെ അണ്ണാത്ത പ്രദര്‍ശനം തുടങ്ങിയിട്ടും ഉദ്ദേശിച്ചത്ര പ്രേക്ഷകര്‍ എത്തിച്ചേര്‍ന്നില്ല.

കാത്തിരുന്ന മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം ഉള്‍പ്പെടെ നിരവധി സിനിമകള്‍ ഒ ടി ടി പ്ലാറ്റ്‌ഫോമിലേക്ക് പോയതോടെ തിയേറ്റര്‍ വ്യവസായം തന്നെ കടുത്ത വെല്ലുവിളി നേരിടുകയാണ്.

ഈ പ്രതികൂല സാഹചര്യങ്ങള്‍ക്കിടയിലാണ് 40 കോടിക്ക് ഒ ടി ടി യിലേക്ക് കരാറായ കുറുപ്പ് കരാര്‍ റദ്ദാക്കി തിയേറ്ററുകളിലേക്ക് എത്തുന്നത്.

അകന്നുനില്‍ക്കുന്ന പ്രേക്ഷകരെ തിയേറ്ററിലേക്ക് തിരിച്ചെത്തിക്കാന്‍ കുറുപ്പിന് കഴിയുെമന്ന പ്രതീക്ഷയിലാണ് സിനിമാലോകം.

ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത കുറുപ്പ് വിവാദനായകന്‍ സുകുമാരക്കുറുപ്പിനെ കേന്ദ്രീകരിച്ചുള്ള മൂന്നാമത്തെ സിനിമയാണ്.

1984 ല്‍ ബേബി സംവിധാനം ചെയ്ത എന്‍.എച്ച്-47, 2016 ല്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ദിലീപ് നായകനായ പിന്നെയും— എന്നിവയാണ് മറ്റ് രണ്ട് സിനിമകള്‍.