സംസ്ഥാനത്തെ ആറ് ഡിവൈ.എസ്.പിമാര്‍ നിരീക്ഷണത്തില്‍-

തിരുവനന്തപുരം: സംസ്ഥാന പോലീസില്‍ സുപ്രധാന ചുമതലകളിലുള്ള ആറു ഡിവൈ.എസ്.പിമാര്‍ നിരീക്ഷണത്തില്‍.

പോലീസ് സേനയുടെ താല്‍പര്യങ്ങള്‍ക്കു വിരുദ്ധമായി പ്രവര്‍ത്തിക്കുന്നതിന്റെ പേരിലാണ് ഇവരുടെ സര്‍വീസ് പശ്ചാത്തലവും പൊതുജനങ്ങളോടുള്ള ഇപ്പോഴത്തെ ഇടപെടലും പരിശോധിക്കുന്നത്.

തിരുവനന്തപുരത്തെ രണ്ടും പത്തനംതിട്ട, പാലക്കാട്, റൂറല്‍, തൃശൂര്‍ എന്നിവിടങ്ങളിലെ ഒന്നു വീതവും ഡിവൈ.എസ്.പിമാരാണു നിരീക്ഷണത്തിലുള്ളത്.

പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കലുമായി അനഭിലഷണീയമായ ബന്ധം പു ലര്‍ത്തിയതിന്റെ പേരില്‍ ഐ.ജി. ജി.ലക്ഷ്മണയെ സസ്‌പെന്‍ഡ് ചെയ്തതിനു പുറമേയാണ് പ്രധാന സ്ഥാനങ്ങളിലുള്ള ഉദ്യോഗസ്ഥരുടെ ബന്ധങ്ങള്‍ പരിശോധിക്കുന്നത്.

ഇവര്‍ വ്യക്തിപരമായി ഉപയോഗിക്കുന്ന ഫോണുകളില്‍നിന്നുള്ള കോളുകളുടെ വിശദാംശങ്ങള്‍ ഇനി ശേഖരിക്കും.

ആരോപണവിധേയരാകുന്ന ഡിവൈ.എസ്.പി, എ.സി.പി, സി.ഐ. റാങ്കിലുള്ള ഉദ്യോഗസ്ഥരെ കര്‍ശനമായി നിരീക്ഷിക്കാനാണു തീരുമാനം.

അഴിമതിക്കാരായ ഉദ്യോഗസ്ഥരെ ജനങ്ങളുമായി നേരിട്ടു സമ്പര്‍ക്കമുള്ള ചുമതലകളില്‍ നിയമിക്കരുതെന്ന് സര്‍ക്കാര്‍ ഡി.ജി.പി. അനില്‍കാന്തിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇതിനൊപ്പമാണ് അഴിമതിക്കാരായ ഉദ്യോഗസ്ഥരെ നിരീക്ഷിക്കാനും ആഭ്യന്തരവകുപ്പ് നിര്‍ദേശിച്ചത്.

നേരത്തെ ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇരുപതോളം ഉദ്യോഗസ്ഥരെ നിര്‍ണായക സ്ഥാനങ്ങളില്‍നി മാറ്റി നിയമിച്ചിരുന്നു.