എം.വിജിന്‍ എം.എല്‍.എ രോഗികള്‍ക്ക് നല്‍കിയ വാഗ്ദാനം പാലിച്ചു-12 ഇടങ്ങളില്‍ ഇനി ശുദ്ധജലം ലഭ്യം.

പരിയാരം: വാഗ്ദാനം പാലിച്ച് എം.വിജിന്‍ എം.എല്‍.എ.

ജൂണ്‍ മാസത്തില്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ നടന്ന പരിപാടിയില്‍ കുടിവെള്ളത്തിന്റെ ലഭ്യതക്കുറവ് പരാതികളായി ലഭിച്ചപ്പോള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ എല്ലാനിലകളിലും ഡെന്റല്‍ കോളേജിലുമായി 12 വാട്ടര്‍ പ്യൂരിഫയറുകള്‍ സ്ഥാപിക്കുമെന്ന് എം.എല്‍.എ ഉറപ്പുനല്‍കിയിരുന്നു.

ആസ്തി വികസന ഫണ്ടില്‍ നിന്നുള്ള അഞ്ച് ലക്ഷം രൂപ ചെലവിട്ടാണ് വാഗ്ദാനം പാലിച്ച് 12 വാട്ടര്‍ പ്യൂരിഫെയര്‍ സ്ഥാപിച്ചത്.

ഇതേപോലെ മെഡിക്കല്‍ കോളേജ് ക്യാമ്പസില്‍ ഹൈമാസ്റ്റ്-മിനിമാസ്റ്റ് ലൈറ്റുകളും മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി 35 ലക്ഷം രൂപ ചെലവില്‍ ബസും എം.എല്‍.എയുടെ ഫണ്ടില്‍ ഉള്‍പ്പെടുത്തി എം.വിജിന്‍ സമീപഘട്ടത്തില്‍ അനുവദിച്ചിരുന്നു.

ആശുപത്രിയില്‍ പുതുതായി സ്ഥാപിച്ച 12 നവീന വാട്ടര്‍ പ്യൂരിഫയറുകളുടെ ഉദ്ഘാടനം എം.വിജിന്‍ എം.എല്‍.എ നിര്‍വഹിച്ചു.

മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.ടി.കെ.പ്രേമലത അധ്യക്ഷത വഹിച്ചു.

വൈസ് പ്രിന്‍സിപ്പാള്‍ ഡോ. കെ.പി.ഷീബാ ദാമോദര്‍, ആശുപത്രി സൂപ്രണ്ട് ഡോ.കെ.സുദീപ്, ആര്‍.എം.ഒ ഡോ.എസ്.എം.സരിന്‍, നേഴ്‌സിംഗ് സൂപ്രണ്ട് റോസമ്മ സണ്ണി,

ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ഡോ.എം.വി.ബിന്ദു, അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ കെ.വിനോദ്, മെഡിക്കല്‍ കോളേജ് യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ അഭിറാം എസ്.കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.