ശ്രദ്ധിക്കുക- കെ.സ്മാര്‍ട്ട് വരുേേേേന്ന–ഡിസംബര്‍ 27 മുതല്‍ 31 വരെ നഗരസഭാ സേവനങ്ങള്‍ തടസപ്പെടും.
തളിപ്പറമ്പ്: നഗരസഭയിലെ വിവിധ സേവനങ്ങള്‍ ഡിസംബര്‍ 27 മുതല്‍ 5 ദിവസത്തേക്ക് തടസപ്പെടും.

തദ്ദേശ സ്വയംഭരണ വകുപ്പിലെ എല്ലാ സേവനങ്ങളും പൂര്‍ണമായും ഓണ്‍ലൈനിലേക്ക് മാറ്റുന്നതിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ തയ്യാറാക്കിയ K-Smart സോഫ്റ്റ് വെയര്‍ നഗരസഭയില്‍ വിന്യസിച്ച് ഭരണസംവിധാനം 2024 ജനുവരി 1 മുതല്‍ ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായിട്ടാണിത്.
ഇന്ന് നടന്ന നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ നഗരസഭാ സെക്രട്ടെറി കെ.സ്മാര്‍ട്ട് സംബന്ധിച്ച കാര്യങ്ങള്‍ വിശദീകരിച്ചു.
2024 ജനുവരി ഒന്നുമുതല്‍ ഒരാവശ്യങ്ങള്‍ക്കും നഗരസഭാ ഓഫീസില്‍ പോയി അപേക്ഷ നല്‍കേണ്ടതില്ല.
എല്ലാ കാര്യങ്ങളും സ്മാര്‍ട്ട്‌ഫോണ്‍ വഴി ഓണ്‍ലൈനായി ചെയ്യാവുന്നതാണ്.
കെ-സ്മാര്‍ട്ട് ആയതിന്റെ ഭാഗമായി ഡാറ്റാ പോര്‍ട്ടിംഗ് പൂര്‍ത്തീകരിക്കുന്നതിനായി നഗരസഭയില്‍ നിന്നും ലഭിക്കുന്ന വിവിധ സേവനങ്ങള്‍ (ജനന,മരണ-വിവാഹ രജിസ്‌ട്രേഷന്‍, വസ്തുനികുതി, കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ്, പൊതുജന പരാതി പരിഹാരം, വ്യാപാര ലൈസന്‍സ്, അപേക്ഷകള്‍, ബില്ലുകള്‍ മുതലായവ) 27/12/2023 (ബുധന്‍) മുതല്‍ അഞ്ചു ദിവസത്തേക്കാണ് തടസ്സപ്പെടുക.
പൊതു ജനങ്ങള്‍ സഹകരിക്കണമെന്ന് നഗരസഭാ ചെയര്‍പേഴ്‌സന്‍ അഭ്യര്‍ത്ഥിച്ചു.
തെരുവ് നായ ശല്യത്തിന് പരിഹാരം കാണാനായി ഷെല്‍ട്ടറുകള്‍ നിര്‍മ്മിക്കുന്നത് സംബന്ധിച്ച നടപടികള്‍ ത്വരിതപ്പെടുത്താനും ഇതിനായി വിവിധ കക്ഷിനേതാക്കളെ ഉള്‍പ്പെടുത്തി കമ്മറ്റിക്ക് രൂപം നല്‍കാനും യോഗം തീരുമാനിച്ചു.
നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ അമൃത് കുടിവെള്ള കണക്ഷന്‍ നല്‍കുന്നതില്‍ വാട്ടര്‍ അതോറിറ്റി വേണ്ടത്ര ശുഷ്‌ക്കാന്തി കാണിക്കുന്നില്ലെന്ന് കൗണ്‍സിലര്‍മാര്‍ പരാതിപ്പെട്ടു.
കണക്ഷന്‍ നല്‍കിയ ദിവസം തന്നെ പൈപ്പ് ലീക്ക് ചെയ്യുന്ന അവസ്ഥ വരുന്നുണ്ടെന്ന പരാതി വ്യാപകമാണ്.
വാട്ടര്‍ അതോറിറ്റി എ.ഇ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. ചെയര്‍പേഴ്‌സന്‍ മുര്‍ഷിത കൊങ്ങായി അധ്യക്ഷത വഹിച്ചു.
പി.പി.മുഹമ്മദ് നിസാര്‍, ഒ.സുഭാഗ്യം, പി.ഗോപിനാഥ്, എം.കെ.ഷബിത, എം.പി.സജീറ, പി.റജില, നുബ്ല, പി.വി.സുരേഷ്, കെ.വല്‍സരാജന്‍, ഇ.കുഞ്ഞിരാമന്‍, സി.വി.ഗിരീശന്‍, പി.വല്‍സല, ഡി.വനജ, കെ.രമേശന്‍ എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.
