ഷീലയുടെ ശാപമോക്ഷം, ജയന്റേയും.

ഫെബ്രുവരി 15-ാം തിയതിയ്ക്ക് ഒരു പ്രത്യേകത ഉണ്ടായിരുന്നു. മലയാള സിനിമയിലെ ജ്വലിക്കുന്ന താരം ജയന്റെ മുഖം ആദ്യമായി വെള്ളിത്തിരയില്‍ തെളിഞ്ഞത് 50 വര്‍ഷങ്ങള്‍ക്ക് മുമ്പ്, അതായത് 1974 ഫെബ്രുവരി 15നു, റിലീസായ ‘ശാപമോക്ഷം’ എന്ന ചിത്രത്തിലായിരുന്നു.. അന്ന് നടന്‍ എന്ന നിലയില്‍ അറിയപ്പെട്ടിരുന്ന ജേസിയുടെ പ്രഥമ സംവിധാന സംരംഭവും കൂടിയായ ശാപമോക്ഷം, ഇന്ന് മലയാള സിനിമയുടെ മുഖം മാറ്റിയവര്‍ എന്ന് ഒരു വിഭാഗം പ്രേക്ഷകര്‍ പട്ടം ചാര്‍ത്തിക്കൊടുത്ത ചില പ്രമുഖ സംവിധായകരുടെ സിനിമകളിലെ ‘വിപ്ലവങ്ങള്‍’ അക്കാലത്തെ പരീക്ഷിച്ച സിനിമ കൂടിയായിരുന്നു..!

‘ഏതൊരു ശപിയ്ക്കപ്പെട്ട മുഹൂര്‍ത്തത്തിലാണ് സ്ത്രീ ജനിച്ചത്.. ! ഇത്രമാത്രം അസ്വതന്ത്രമായ ഒരു ജീവിതം ഭൂമിയിലില്ല.. കാലനങ്ങിയാല്‍ പാദസരം കിലുങ്ങും.. കൈയനങ്ങിയാല്‍ കുപ്പിവളകള്‍ കിലുങ്ങും. രാവിലെ വിരിഞ്ഞാല്‍ സന്ധ്യയ്ക്ക് വാടുന്ന പൂവിനെ പോലെയാണവള്‍ .. ഒരേസമയം പൂജിക്കപ്പെടുകയും പുറത്താക്കപ്പപ്പടുകയും ചെയ്യുന്ന അവളെ പൊട്ടിച്ചെടുത്ത് ആസ്വദിക്കുന്നവന്‍ അല്ല പലപ്പോഴും ഇവിടെ കുറ്റവാളി.. വാടികൊഴിഞ്ഞ പൂവ് ഇപ്പോഴും ചവിട്ടി മെതിയ്ക്കപ്പെടുന്നു.. !”
കഥാനായിക ശാന്ത വിവാഹരാത്രിയില്‍ ഭര്‍ത്താവിന്റെ കാറില്‍ അസ്വസ്ഥമായ ഭാവങ്ങളോടെ സഞ്ചരിക്കുമ്പോള്‍ ഉയരുന്ന, എക്കാലത്തും പ്രസക്തമായ, അശരീരയില്‍ നിന്നാണ് ശാപമോക്ഷം ആരംഭിക്കുന്നത്.. ശാന്തയുടെ (ഷീല) ജീവിതത്തിലേക്ക് കടന്നുവരുന്ന മൂന്നു പുരുഷന്മാരെയും അവരുമായുള്ള ശാന്തയുടെ ഇടപഴകലിനേയും കുറിച്ചാണ് ശാപമോക്ഷം പറയുന്നത്..

കൊച്ചിയിലെ ബിസിനസുകാരനായ സുരേന്ദ്രന്റെ (ജോസ് പ്രകാശ്) കമ്പനിയിലെ സ്റ്റാഫ് ആണ് ശാന്ത.. ആ ഓഫീസില്‍ ജോലി ചെയ്യുന്ന പ്രഭാകരനുമായി (പ്രസാദ്) ശാന്ത പ്രണയത്തിലാണ്. ഒരു രാത്രി സുരേന്ദ്രന് പങ്കാളിത്തമുള്ള ഒരു ഹോട്ടലില്‍ ശാന്തയെയും കൂട്ടി പ്രഭാകരന്‍ എത്തുന്നു. ആ ഹോട്ടലില്‍ സുരേന്ദ്രനും അന്ന് രാത്രി താമസിക്കുന്നുണ്ട്. സ്ത്രീകള്‍ സുരേന്ദ്രന്റെ വീക്നെസാണ്. ഗേള്‍ ഫ്രണ്ട് ആയ ബേബിയുടെ (ശ്രീലത) കൂടെ ആഘോഷിക്കാന്‍ വേണ്ടിയാണ് സുരേന്ദ്രനും അന്നവിടെ താമസിക്കുന്നത്.. സുരേന്ദ്രന്റെ വിശ്വസ്തന്‍ ഗോപിയാണ് (ബഹദൂര്‍) സ്ത്രീവിഷയത്തില്‍ എല്ലാ ഒത്താശകളും സുരേന്ദ്രന് ചെയ്തു കൊടുക്കുന്നത്..

ഹോട്ടലില്‍ പെട്ടെന്ന് പോലീസ് റെയ്ഡ് നടക്കുന്നു. ഹെഡ് കോണ്‍സ്റ്റബിള്‍ ‘മുതല’ മാധവന്‍ നായരാണ് (അടൂര്‍ ഭാസി) വേട്ടയ്ക്ക് നേതൃത്വം കൊടുക്കുന്നത്.. ഈ വിവരമറിഞ്ഞ പ്രഭാകരന്‍ ശാന്തയെ ഉപേക്ഷിച്ച് കടന്നു കളയുന്നു.. ശാന്തയ്ക്ക് രക്ഷപ്പെടാന്‍ കഴിഞ്ഞില്ല. പോലീസ് എത്തിയ കാര്യമറിഞ്ഞ ശാന്ത ബോധമറ്റ് വീണു. തന്റെ ഓഫീസിലെ സ്റ്റാഫിനെ ഹോട്ടല്‍ മുറിയില്‍ അങ്ങനെയൊരു അവസ്ഥയില്‍ കണ്ട സുരേന്ദ്രന്‍ അവളെ തന്റെ മുറിയില്‍ എത്തിച്ചു. ആ ഹോട്ടലില്‍ അനാശാസ്യ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട പലരെയും മുതല മാധവന്‍ നായര്‍ പിടികൂടി.. സുരേന്ദ്രന്റെ മുറിയില്‍ തപ്പാന്‍ എത്തിയെങ്കിലും സുരേന്ദ്രനുമായുള്ള മുന്‍പരിചയം കാരണം ആ മുറിയില്‍ വിശദമായ പരിശോധന നടത്താതെ മുതല പോയി.. ശാന്തയെ ആ രാത്രി ഒറ്റയ്ക്ക് കിട്ടിയ സുരേന്ദ്രന്‍ തന്റെ മോഹം അവളില്‍ സാധിക്കാന്‍ ശ്രമിച്ചെങ്കിലും തന്നെ ചതിയ്ക്കാന്‍ ശ്രമിച്ച പ്രഭാകരനെ കുറിച്ചുള്ള ശാന്തയുടെ കണ്ണീരില്‍ കുതിര്‍ന്ന വാക്കുകള്‍ കേട്ടപ്പോള്‍ ശാന്തയോട് സഹതാപം തോന്നി പിന്മാറി.. അപ്പോഴേക്കും ബേബിയും എത്തിച്ചേര്‍ന്നിരുന്നു..! അന്ന് രാത്രി ശാന്ത ആ ഹോട്ടലില്‍ തങ്ങി.. ബേബിയുമൊത്ത് സുരേന്ദ്രനും അവിടെ തന്നെ കൂടി..

പിറ്റേന്ന് ശാന്തയെ വീട്ടിലേക്ക് അയക്കാന്‍ നേരത്ത് സുരേന്ദ്രനും ശാന്തയും ഒന്നിച്ച് മുതല മാധവന്‍ നായരുടെ കണ്മുന്നില്‍ പെട്ടു. റെയ്ഡില്‍ പിടികൂടിയ സ്ത്രീകളുടെ കൂടെ പൊലീസ് തലപ്പത്തെ ഏമാന്മാരും ഉണ്ടായിരുന്ന കാരണം അവരെ കേസില്‍ നിന്നും ഊരാനും മറ്റും മാധവന്‍ നായര്‍ക്ക് തലേരാത്രി ആ ഹോട്ടലില്‍ തന്നെ നില്‍ക്കേണ്ടി വന്നു. സുരേന്ദ്രന്റെ ഭാര്യയാണ് കൂടെയുള്ളത് എന്ന് മാധവന്‍ നായര്‍ കരുതി. വീട്ടില്‍ മടങ്ങിയെത്തിയ ശാന്ത ആദ്യം കേട്ടത് ഒരു വിവാഹാലോചനയെ കുറിച്ചാണ്.. ശാന്തയുടെ വീട്ടില്‍ അച്ഛനും (വീരന്‍) അമ്മയും (അടൂര്‍ ഭവാനി) പിന്നെ ഇളയ സഹോദരി ഇന്ദിര (സുജാത) എന്നിവരാണുള്ളത്. ഇന്ദിരയുടെ വിവാഹം നേരത്തെതന്നെ മുറച്ചെറുക്കന്‍ രവിയുമായി (പ്രേം പ്രകാശ്) ഉറപ്പിച്ചതാണ്. ശാന്തയുടെ വിവാഹം കഴിയാന്‍ അക്ഷമയോടെ കാത്തിരിക്കുകയാണ് ഇന്ദിരയും രവിയും..

ശാന്തയുടെ വിവാഹം ഉറപ്പിച്ചത് പട്ടണത്തിലുള്ള രാജശേഖരന്‍ (കെ പി ഉമ്മര്‍) സുരേന്ദന്റെ ഉറ്റസുഹൃത്താണ്. എന്നുവച്ചാല്‍ ഒരു പാത്രത്തില്‍ ഉണ്ണുന്നവര്‍.. പെണ്ണ് കേസിന്റെ കാര്യമാണ് പറഞ്ഞത്. സുരേന്ദ്രന്‍ അനുഭവിച്ച ശേഷം ആ പെണ്ണിനെ പിന്നീട് കൊണ്ടുപോകുന്നത് രാജശേഖരനാണ്.. മകന്റെ ഈ വഴിവിട്ട ജീവിതശൈലി കണ്ടു വ്യസനിച്ച അമ്മ (ഫിലോമിന) രാജശേഖരനെ നേര്‍വഴിക്ക് കൊണ്ടുവരാനും കൂടിയാണ് ശാന്തയുമായി വിവാഹം ഉറപ്പിച്ചത്.. തന്റെ ഉറ്റസുഹൃത്തിനെയാണ് ശാന്ത വിവാഹം ചെയ്യാന്‍ പോകുന്നത് എന്നറിഞ്ഞ സുരേന്ദ്രന്‍ അസ്വസ്ഥനായി.. രാജശേഖരന്റെ സ്വഭാവമഹിമ സുരേന്ദ്രന് നന്നായിട്ടറിയാം. അതേക്കുറിച്ച് ശാന്തയോട് പറയാമെന്നു വച്ചാല്‍ ശാന്ത തന്റെ ഓഫീസിലെ മറ്റൊരു സ്റ്റാഫുമായി ഹോട്ടല്‍ മുറിയില്‍ രാത്രി ഒന്നിച്ച് കഴിയാന്‍ തീരുമാനിച്ച് വന്നവളും.. ശാന്ത കുറ്റക്കാരിയല്ല എന്ന് സുരേന്ദ്രന് അറിയാമെങ്കിലും അവളെ പൂര്‍ണ്ണമായി അയാള്‍ വിശ്വസിച്ചതുമില്ല..! അന്ന് നടന്നതൊന്നും തന്റെ ഭാവിവരന്‍ അറിയരുതെന്ന് ശാന്ത കെഞ്ചിപ്പറഞ്ഞപ്പോള്‍ സുരേന്ദ്രന്‍ സമ്മതിച്ചു.. രാജശേഖരനെ പറ്റി ശാന്തയോടും അയാളൊന്നും പറഞ്ഞില്ല..!

ശാന്ത – രാജശേഖരന്‍ വിവാഹം ആര്‍ഭാടമായി നടന്നു. വിവാഹ സല്‍ക്കാരത്തിന് വധൂവരന്മാരെ സുരേന്ദ്രന്‍ തന്റെ ഹോട്ടലില്‍ ക്ഷണിച്ചു. വിരുന്നു ഭംഗിയായി നടക്കവേ അങ്ങോട്ട് ക്ഷണിക്കപ്പെടാത്ത ഒരു അതിഥി കടന്നുവന്നു.. മുതല മാധവന്‍ നായര്‍.. കഴിഞ്ഞ മാസം സുരേന്ദ്രന്റെ കൂടെ താന്‍ കണ്ട സ്ത്രീയെ ഇത്തവണ മറ്റൊരാളിന്റെ കൂടെ കണ്ടപ്പോള്‍ മാധവന്‍ നായര്‍ കാര്യം തിരക്കി. അത് തന്റെ ഭാര്യയാണ് എന്ന് മാധവന്‍ നായരോട് രാജശേഖരന്‍ പറഞ്ഞു.. മുതല മാധവന്‍ നായരേ കണ്ടതും ശാന്ത ഭയന്നുവിറച്ചു.. കഴിഞ്ഞമാസം ഇതേ ഹോട്ടലില്‍ സുരേന്ദ്രന്റെ ഭാര്യയായി ശാന്തയെ താണ കണ്ട കാര്യം രാജശേഖരനോട് മുതല പറഞ്ഞു. അന്നേരം അങ്ങോട്ടേക്ക് വന്ന സുരേന്ദ്രനോട് രാജശേഖരന്‍ കാര്യങ്ങള്‍ തിരക്കിയപ്പോള്‍ വ്യക്തമായ ഉത്തരം പറയാന്‍ കഴിയാതെ സുരേന്ദ്രനും ശാന്തയും പരുങ്ങി..! ആരെ കിട്ടിയാലും ആദ്യം രുചിനോക്കുന്ന സ്വഭാവം സുരേന്ദ്രനുള്ളത് അറിയാവുന്ന രാജശേഖരന്‍, ഈ വിഷയത്തിലും സുരേന്ദ്രന്‍ അതാവര്‍ത്തിച്ചു എന്നുറപ്പിച്ച് അയാളെ പൊതിരെത്തല്ലി..! എന്നാല്‍ സുരേന്ദ്രന്‍ രാജശേഖരനെ തടയാനും ശ്രമിച്ചില്ല..!

ശാന്തയും രാജശേഖരനും വീട്ടില്‍ മടങ്ങിയെത്തി. ശാന്തയുടെ കരഞ്ഞു കലങ്ങിയ മുഖഭാവം കണ്ടപ്പോള്‍ രാജശേഖരന്റെ അമ്മ കാര്യങ്ങള്‍ തിരക്കി. പക്ഷെ അയാളൊന്നും വിട്ടുപറഞ്ഞില്ല. പിറ്റേന്ന് കാലത്ത് തന്നെ ശാന്തയുടെ അച്ഛനെ വിളിച്ചുവരുത്തി മകളെ കൊണ്ടുപോകാന്‍ രാജശേഖരന്‍ ആവശ്യപ്പെട്ടു. തന്റെ മകള്‍ തെറ്റ് ചെയ്യില്ലെന്ന് ഉറപ്പുണ്ടായിട്ടും ശാന്തയുടെ അച്ഛന് മകളെ കൂട്ടി ആ വീട് വിട്ടിറങ്ങേണ്ടി വന്നു. പിന്നാലെ രാജശേഖരന്‍ ഡിവോഴ്സ് നോട്ടീസ് അയച്ചു. സ്വഭാവദൂഷ്യമുള്ള ഒരു ചേച്ചിയുടെ സഹോദരിയെ വിവാഹം ചെയ്യാന്‍ ബുദ്ധിമുട്ടാണ് എന്ന് രവി പറഞ്ഞപ്പോള്‍, ഇന്ദിര തന്റെ ഭാവിവരനോട് അയാളുമൊത്തുള്ള വിവാഹ ജീവിതത്തിനു ഒരു താത്പര്യവുമില്ല എന്ന് പറഞ്ഞുകൊണ്ട് ഇറക്കിവിട്ടു. രാജശേഖരന്റെ സുഹൃത്തായ ജയന്‍ ഈ വിഷയത്തില്‍ ഇടപെടാന്‍ ശ്രമിച്ചെങ്കിലും അയാളതൊന്നും ചെവിക്കൊണ്ടില്ല. തന്റെ ഭാര്യ സുരേന്ദ്രന്റെ വെപ്പാട്ടിയാണ് എന്ന് രാജശേഖരന്‍ കടുപ്പിച്ച് പറഞ്ഞു.

കേസ് കോടതിയില്‍ എത്തി.. രാജശേഖരന് വേണ്ടി വാദിച്ച വക്കീല്‍ (കൊച്ചിന്‍ ഹനീഫ്) ശാന്തയെ മോശക്കാരിയായി ചിത്രീകരിച്ചു. വക്കീലിന്റെ പലചോദ്യങ്ങളും ശാന്തയുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നത് കണ്ടു രാജശേഖരനും ആസ്വദിച്ചു.. സുരേന്ദ്രന്‍ ഇതൊന്നും സഹിക്കാന്‍ കഴിയാതെ മദ്യപാനത്തില്‍ ആശ്രയം കണ്ടെത്തി. ആയിരം രൂപ ശാന്തയ്ക്ക് നല്‍കണം എന്ന വ്യവസ്ഥയില്‍ കോടതി രാജശേഖരന് വിവാഹമോചനം അനുവദിച്ചു. കോടതിയിലെ സംഭവങ്ങള്‍ നാട്ടില്‍ പാട്ടായതോടെ ശാന്തയ്ക്കും അച്ഛനും പുറത്തിറങ്ങി നടക്കാനും പറ്റാത്ത അവസ്ഥയായി. അതുവരെ ശാന്തയുടെ കൂടെനിന്ന അച്ഛനും ഒടുവില്‍ മകളോട് മുഖം കറുപ്പിച്ച് സംസാരിച്ചു.. ഇതിനിടയില്‍ എല്ലാ കുഴപ്പങ്ങള്‍ക്കും കാരണക്കാരനായ പ്രഭാകരന്‍ (ശാന്തയുടെ കാമുകന്‍) അവളെ വിവാഹം ചെയ്യാന്‍ സന്നദ്ധത അറിയിച്ച് സുരേന്ദ്രനെ സമീപിച്ചു. എന്നാല്‍ പ്രഭാകരനെ വിവാഹം കഴിക്കാന്‍ സാധ്യമല്ലെന്ന് ശാന്ത തീര്‍ത്തു പറഞ്ഞു..

ശാന്തയെ താന്‍ തന്നെ വിവാഹം കഴിക്കും എന്ന തീരുമാനം സുരേന്ദ്രന്‍ എടുത്തു.. അക്കാര്യം ശാന്തയുടെ വീട്ടില്‍ ചോദിയ്ക്കാന്‍ സുരേന്ദ്രന്‍ അവിടെയെത്തി. ഇതിനിടയില്‍ സുരേന്ദ്രന്റെ ഗേള്‍ ഫ്രണ്ട് ബേബിയില്‍ നിന്നും അന്ന് രാത്രി ഹോട്ടലില്‍ സംഭവിച്ച കാര്യങ്ങള്‍ രാജശേഖരന്‍ അറിയാന്‍ ഇടവരുന്നു.. ബേബിയുടെ ഒരു ചോദ്യം രാജശേഖരന്റെ നെഞ്ചില്‍ തറച്ചു..

‘നിങ്ങള്‍ എത്രയോ രാത്രികളില്‍ എന്റെ കൂടെ ഉറങ്ങിയിട്ടുണ്ട്..! അങ്ങനെ ഒരുപാടു സ്ത്രീകളുടെ കൂടെ പല ഹോട്ടലിലും നിങ്ങള്‍ കഴിഞ്ഞിട്ടുണ്ട്..! പക്ഷെ നേരം വെളുത്തു കഴിഞ്ഞാല്‍ നിങ്ങള്‍ മാന്യനായി. വയറു വിശന്നപ്പോള്‍ നിങ്ങള്‍ക്കൊപ്പം ഉറങ്ങിയ സ്ത്രീ ഒരു വേശ്യ അല്ലേ..! അഭിമാനത്തെ ഓര്‍ത്ത് ബോധം കെട്ടുവീണ സ്ത്രീയാണ് ശാന്ത.. അവളെപ്പോലൊരു സ്ത്രീ നിങ്ങളെ പോലെ ഒരാളുടെ ജീവിതത്തില്‍ വന്നത് നിങ്ങളുടെ ഭാഗ്യമാണ്.. പക്ഷെ അവളുടെ വില നിങ്ങള്‍ മനസ്സിലാക്കിയില്ല..!’ നിങ്ങള്‍ കാരണം മറ്റൊരു വേശ്യയെ കൂടി സൃഷ്ടിക്കാതിരിക്കുക..!’

ബേബിയില്‍ നിന്നും പിന്നെ ജയന്‍ ശാന്തയെ കുറിച്ച് പറഞ്ഞ കാര്യങ്ങളും മനസ്സിലാക്കിയ രാജശേഖരനും ശാന്തയുടെ വീട്ടിലേക്ക് എത്തുന്നുണ്ട്.. ‘ഞാന്‍ ശാന്തയെ സ്വീകരിക്കാന്‍ തയ്യാറാണ്.. അതിനുള്ള യോഗ്യത തീരെയില്ലാത്ത ഒരാളാണെങ്കിലും..’ എന്ന് സുരേന്ദ്രന്‍ ശാന്തയോടും വീട്ടുകാരോടും പറയുന്ന സമയത്താണ് രാജശേഖരന്റെ വരവ്.. ശാന്തയോട് ചെയ്ത തെറ്റുകള്‍ക്ക് മാപ്പു ചോദിച്ച്, കഴിഞ്ഞതെല്ലാം മറന്നു ശാന്തയെ ഭാര്യയായി തിരികെ കൊണ്ടുപോകാന്‍ വന്നതാണ് എന്ന് രാജശേഖരന്‍ അറിയിച്ചു.. പക്ഷെ ശാന്ത അപ്പോഴേക്കും ഒരു തീരുമാനം എടുത്തു കഴിഞ്ഞിരുന്നു..

‘നിങ്ങള്‍ക്ക് എല്ലാം മറക്കാന്‍ കഴിയും.. നിങ്ങളുടെ ഭാര്യ മരിച്ചു എന്ന് അന്ന് രാത്രിയില്‍ എല്ലാവരുടെയും മുന്നില്‍ വച്ച് നിങ്ങള്‍ പറഞ്ഞു.. എന്നെ സംബന്ധിച്ച് എന്റെ വിവാഹം കഴിഞ്ഞ ആ ദിവസം, നിങ്ങളെന്നെ തള്ളിപ്പറഞ്ഞ ആ രാത്രിയില്‍ എന്റെ ഭര്‍ത്താവും മരിച്ചു കഴിഞ്ഞിരുന്നു..! ഭൂമിയോളം ക്ഷമിയ്ക്കാനേ സ്ത്രീയ്ക്ക് കഴിയൂ.. അതിനപ്പുറം പറ്റില്ല..! നാം തമ്മില്‍ ചേരില്ല.. നിങ്ങളെ സ്‌നേഹിക്കാന്‍ എനിക്ക് കഴിയില്ല.. തെറ്റ് തിരുത്താന്‍ കാണിച്ച സന്മനസ്സിനു നന്ദിയുണ്ട്. ഇനിയൊരു സ്ത്രീയോടും ഇത് ആവര്‍ത്തിക്കരുത് എന്ന് നിങ്ങളോടു ഞാന്‍ അപേക്ഷിക്കുന്നു…’

ശാന്തയുടെ തീരുമാനം അറിഞ്ഞ രാജശേഖരന്‍ തലതാഴ്ത്തി നിന്നപ്പോള്‍ ശാന്ത സുരേന്ദ്രനെ നോക്കിപ്പറഞ്ഞു, ‘എനിയ്ക്ക് ഇദ്ദേഹത്തോടു നന്ദിയും സ്‌നേഹവും കടപ്പാടുമുണ്ട്. എന്റെ നന്മയ്ക്ക് വേണ്ടി അദ്ദേഹം സഹിച്ച ബുദ്ധിമുട്ടുകള്‍ എനിയ്ക്കറിയാം.. അദ്ദേഹം എന്നെ സ്വീകരിക്കയാണെങ്കില്‍ അതെനിയ്ക്ക് സന്തോഷം മാത്രമല്ല അഭിമാനം കൂടിയാണ്..!’ ഇത്രയും കൂടി കേട്ടതോടെ ശാന്തയുടെ വീടുവിട്ട് രാജശേഖരന്‍ ഇറങ്ങി. സുരേന്ദ്രന്‍ നിറഞ്ഞ കണ്ണുകളോടെ അതിലുപരി നിറഞ്ഞ മനസ്സോടെ ശാന്തയെ നോക്കിനിന്നു.. (ശുഭം)

‘ശാപമോക്ഷ’ത്തെ അക്കാലത്തെ മറ്റ് കുടുംബ സിനിമകളില്‍ നിന്നും വേറിട്ട് നിര്‍ത്തുന്നത് ക്ലൈമാക്‌സ് രംഗമാണ്.. ആത്മാഭിമാനം പണയം വയ്ക്കാന്‍ തയ്യാറല്ല എന്ന നിലപാടില്‍ ശാന്ത ഉറച്ച് നില്‍ക്കുമ്പോള്‍ സര്‍വംസഹയായ കുടുംബ നായികമാരില്‍ നിന്നും വളരെ വേറിട്ട, ഉന്നതമായ ഒരു സ്ഥാനം അവള്‍ക്ക് നേടിയെടുക്കാന്‍ കഴിയുന്നു. ഷീലയുടെ ഭര്‍ത്താവ് എന്ന നിലയില്‍ കെ പി ഉമ്മറാണ് ശാപമോക്ഷത്തിലെ കഥാനായകന്‍ എങ്കിലും, ഇത് ജോസ് പ്രകാശിന്റെ ചിത്രം കൂടിയാണ്. സ്ഥിരം വില്ലന്‍ വേഷങ്ങളില്‍ നിന്നും വേറിട്ട സുരേന്ദ്രന്‍ എന്ന കഥാപാത്രം ജോസ് പ്രകാശില്‍ ഒരു നല്ല അഭിനേതാവ് കൂടിയുണ്ട് എന്ന സത്യം ഒരിക്കല്‍ കൂടി തെളിയിച്ചു. ഷീലയുടെ അഭിനയ മികവ് ആദ്യന്തം നിറഞ്ഞുനിന്ന ശാപമോഷം ജോസ് പ്രകാശിലെ അഭിനേതാവിനും ജയന്‍ എന്ന പുതുമുഖത്തിനും കൂടി ശാപമോഷം നല്‍കി.

പി ഭാസ്‌കരന്‍ – ജി ദേവരാജന്‍ ടീം ഒരുക്കിയ മൂന്നു ഗാനങ്ങള്‍ മാത്രമേ ഈ രണ്ടു മണിക്കൂര്‍ നീളമുള്ള സിനിമയിലുള്ളൂ. ഷീല – ഉമ്മര്‍ വിവാഹസല്‍ക്കര വേദിയില്‍ വച്ച് ജയന്‍ പാടുന്ന, ‘ആദ്യത്തെ രാത്രിയെ വരവേല്‍ക്കാന്‍..’, സുജാതയും പ്രേം പ്രകാശും തമ്മിലുള്ള യുഗ്മഗാനം, ‘അല്ലിമലര്‍ തത്തേ..’, ഭര്‍ത്താവിന്റെ വീടുവിട്ടിറങ്ങിയ നിരപരാധിയായ ശാന്തയുടെ ദുഃഖം പശ്ചാത്തലമാക്കുന്ന, ‘കല്യാണിയാകും അഹല്യ..’ എന്നിവയാണ് ശാപമോക്ഷത്തിലെ ഗാനങ്ങള്‍.. ബഹദൂറിന്റെ സഹോദരി ഭര്‍ത്താവിന്റെ വേഷത്തില്‍ കുതിരവട്ടം പപ്പു അവതരിപ്പിച്ച കഥാപാത്രത്തിന്റെ ചില കോമഡി രംഗങ്ങളും ശാന്ത ഒരു ബസില്‍ സഞ്ചരിക്കുന്ന ഭാഗത്ത്, കണ്ടക്ടറുടെ വേഷത്തില്‍ വരുന്ന മണവാളന്‍ ജോസഫും സഹയാത്രികരും ചേര്‍ന്നുണ്ടാകുന്ന ഉടനീളം ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ നിറഞ്ഞ മറ്റൊരു കോമഡി രംഗവുമാണ്, അന്നത്തെ പതിവ് രീതികളില്‍ നിന്നും ‘ശാപമോക്ഷം’ എന്ന സിനിമയ്ക്ക് ‘ശാപമോക്ഷം’ ഒട്ടും കിട്ടാതെ പോയ അനാവശ്യ സംഗതികള്‍..!

ശാപമോക്ഷത്തിന്റെ കഥാകൃത്ത് കാര്‍ത്തികേയന്‍ ആലപ്പുഴയാണ്. സംവിധായകന്‍ ജേസി തിരക്കഥയും സംഭാഷണവും ഒരുക്കി . അനശ്വരയുടെ ബാനറില്‍ കാര്‍ട്ടൂണിസ്റ്റ് തോമസ് നിര്‍മ്മിച്ച ‘ശാപമോക്ഷം’ അന്നത്ര സാമ്പത്തിക വിജയമായില്ലെങ്കിലും ശക്തമായ നായികയുടെ സാന്നിധ്യവും അവളുടെ നിലപാടുകളും കൊണ്ട് എല്ലാക്കാലവും ഓര്‍ത്തിരിക്കേണ്ട ചിത്രം തന്നെയാണ്.. ഈ ചിത്രത്തില്‍ ജയന്‍ ഗാനരംഗത്തില്‍ മാത്രമേയുള്ളൂ എന്ന് പലര്‍ക്കും ധാരണയുണ്ട്.. എന്നാല്‍ ആ ഗാനരംഗം ഉള്‍പ്പടെ അഞ്ച് രംഗങ്ങളില്‍ ജയന്റെ ശ്രദ്ധേയമായ സാന്നിധ്യമുണ്ട്.. ചില രംഗങ്ങളില്‍ ഒറിജിനല്‍ മുടിയും മറ്റു ചിലപ്പോള്‍ വിഗ് ധരിച്ച രൂപവുമായി പ്രത്യക്ഷപ്പെടുന്നു എന്നൊരു ന്യൂനതയെ ഉള്ളൂ.. (ജയന്‍ അഭിനയിച്ച ചില രംഗങ്ങള്‍ ആദ്യ കമന്റില്‍ ചേര്‍ത്തിട്ടുണ്ട്..) ജയന്റെ കരിയറിലെ ആദ്യഗാനം രചിച്ച പി ഭാസ്‌കരന്‍ മാസ്റ്റര്‍ തന്നെ ജയന്റെ അന്ത്യഗാനവും എഴുതി എന്നത് ദൗര്‍ഭാഗ്യകരം..