ശ്രീരാമനവമിരഥയാത്ര മാര്‍ച്ച് 22 ന് കൊല്ലൂരില്‍ നിന്നാരാംഭിക്കും; കണ്ണൂരിലെ ആദ്യത്തെ സ്വീകരണം ചീമേനി അവധൂതാശ്രമത്തില്‍.

തിരുവനന്തപുരം: ചെങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിന്റെ ഈ വര്‍ഷത്തെ 34-ാമത് ശ്രീരാമനവമി രഥയാത്ര മാര്‍ച്ച് 22 ന് കൊല്ലൂര്‍ ശ്രീമൂകാംബിക ക്ഷേത്രസന്നിധിയില്‍ നിന്നും ആരംഭിക്കും.

ഏപ്രില്‍ 17 ന് ശ്രീരാമനവമി പാദുക സമര്‍പ്പണ ശോഭായാത്രയോടെ തിരുവനന്തപുരത്ത് സമാപിക്കും. 22 ന് കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ സ്വാമി ബ്രഹ്‌മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ ഭദ്രദീപപ്രതിഷ്ഠ നടത്തുന്നതോടെ രഥയാത്ര പ്രയാണമാരംഭിക്കും.

കേരളത്തിലും തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലും 27 ദിവസം പരിക്രമണം നടത്തും.

മാര്‍ച്ച് 22 ന് കുന്താപുര, അനേഗുഡെ വിനായകക്ഷേത്രം, ഉഡുപ്പി ശ്രീകൃഷ്ണസ്വാമിക്ഷേത്രം, മംഗലാപുരം, ഉപ്പള എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം കൊണ്ടേവൂര്‍ നിത്യാനന്ദ യോഗാശ്രമത്തില്‍ സമാപിക്കും.

23 ന് വിദ്യാനഗര്‍, കാസര്‍ഗോഡ്, പാലക്കുന്ന്, തൃക്കണ്ണാട്, അരവത്ത്, ബേക്കല്‍ കോട്ട  നിത്യാനന്ദാശ്രമം എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം ആനന്ദാശ്രമത്തില്‍ സമാപിക്കും.

24 ന് കല്യാണ്‍ റോഡ്, ബങ്കളം, നിലേശ്വരം എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം കണ്ണൂര്‍ ജില്ലയിലെ ആദ്യ സ്വീകരണം ചീമേനി അവധൂതാശ്രമത്തില്‍ നടക്കും.

അവധൂതാശ്രമം മഠാധിപതി സ്വാമി സാധു വിനോദന്റെ നേതൃത്വത്തില്‍ രഥയാത്രക്ക് സ്വീകരണമൊരുക്കും.

തുടര്‍ന്ന് പയ്യന്നൂര്‍, അഴീക്കോട് വന്‍കുളത്തുവയല്‍ എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം കണ്ണൂര്‍
സുന്ദരേശ്വരക്ഷേത്രത്തില്‍ സമാപിക്കും.

25 ന് തിരുവങ്ങാട്, തലശേരി, കൂത്തുപറമ്പ്, മട്ടന്നൂര്‍, ഇരിട്ടി, പേരാവൂര്‍ എന്നിവിടങ്ങളിലെ സ്വീകരണശേഷം കൊട്ടിയൂര്‍ ഗണപതി ക്ഷേത്രത്തില്‍ സമാപിക്കും.

26 ന് രഥയാത്ര വയനാട്ടിലേക്ക് പ്രവേശിക്കും.