നക്ഷത്രദീപങ്ങള്‍ തിളങ്ങിയ സംഗീത വഴിയില്‍ ഹൃദയം ദേവാലയമാക്കിയ ജയവിജയ
കരിമ്പം.കെ.പി.രാജീവന്‍
ഇന്ന് രാവിലെ നിര്യാതനായ പ്രശസ്ത സംഗീതജ്ഞന്‍ കെ.ജി.ജയന്‍ (ജയവിജയ)സംഗീതംപകര്‍ന്ന മലയാള സിനിമാഗാഗങ്ങള്‍ പലതും കാലത്തെ അതിജീവിക്കുന്ന ഹിറ്റുകളാണ്.
14 സിനിമകള്‍ക്കായി 52 ഗാനങ്ങള്‍ക്കാണ് ഇവര്‍ ഈണം പകര്‍ന്നത്.
ഇതുവരെ പുറത്തിറങ്ങാത്ത 1979 ലെ തെരുവുഗീതം എന്ന സിനിമയിലെ ആറ് ഗാനങ്ങളും മലയാളികളുടെ മനസില്‍ ഇന്നും മുഴങ്ങിക്കൊണ്ടിരിക്കുന്നുണ്ട്.
ഹൃദയം ദേവാലയം എന്ന യേശുദാസ്പാടിയ ഗാനം പ്രത്യേകിച്ചും.
ഈ സിനിമയിലെ ആടുന്നുണ്ടാടുന്നുണ്ടേ, ദ്വാദശിനാളില്‍, ഈശ്വരനെവിടെ, ജനനം വെറുമൊരു, രാഗമേ അനുഗാഗമേ–എന്നിവ സംഗീതസംവിധായകരായ ജയവിജയന്‍മാര്‍ക്ക് നിത്യസ്മാരകമായി നിലനില്‍ക്കുകയാണ്.
1965 ല്‍ പി.എ.തോമസ് സംവിധാനം ചെയ്ത ഭൂമിയിലെ മാലാഖ എന്ന ചിത്രത്തിലെ വര്‍ഗീസ് വടകര എഴുതിയ മുള്‍മുടി ചൂടിയ നാഥാ എന്ന ഗാനത്തിനാണ് ആദ്യം സംഗീതം പകര്‍ന്നത്.
1969 ലെ കുരുതിക്കളം എന്ന സിനിമക്ക് വേണ്ടി പി.ഭാസ്‌ക്കരന്‍ എഴുതിയ കാലമൊരു കാളവണ്ടിക്കാരന്‍, കഴിഞ്ഞസംഭവങ്ങള്‍, വിരുന്നൊരുക്കി, എന്തറിഞ്ഞു മണിവീണ, എന്നീ ഗാനങ്ങളും ഹിറ്റായി.
കഴിഞ്ഞ സംഭവങ്ങള്‍ എന്ന യേശുദാസ് പാടിയ ഗാനം ദാര്‍ശനിക ഗാനശാഖയില്‍ ഇന്നും മുന്നില്‍ തന്നെയാണ്.
1970 ല്‍ എം.കൃഷ്ണന്‍നായര്‍ സംവിധാനം ചെയ്ത ശബരിമല ശ്രീധര്‍മ്മശാസ്ത എന്ന ചിത്രത്തിലെ 18 ഗാനങ്ങളില്‍ യേശുദാസ് പാടിയ അയ്യപ്പാ ശരണം, ദര്‍ശനം പുണ്യ ദര്‍ശനം എന്നീ ഗാനങ്ങള്‍ക്കാണ് ജയവിജയ സംഗീതം പകര്‍ന്നത്.
ഭക്തിഗാനങ്ങളുടെ ലിസ്റ്റില്‍ ഇവ ഇന്നുംമുന്‍നിരയിലാണ്.
72 ല്‍ റിലീസ് ചെയ്യാത്ത ഭജഗോവിന്ദം എന്ന ചിത്രത്തിനും 5 ഗാനങ്ങളൊരുക്കി.
1977 ലെ നിറകുടം എന്ന ഭീംസിംഗ് ചിത്രത്തിലെ ജീവിതമെന്നൊരു തൂക്കുപാലം, ചിങ്ങവനത്താഴത്തെ കുളിരും, നക്ഷത്രദീപങ്ങള്‍ തിളങ്ങി, സ്വര്‍ണത്തിനെന്തു എന്നീ ഗാനങ്ങള്‍ സൂപ്പര്‍ഹിറ്റുകളായി.
അതേ വര്‍ഷം തന്നെ ഭീംസിംഗ് സംവിധാനം ചെയ്ത സ്‌നേഹത്തിലെ ഈണം പാടി തളര്‍ന്നല്ലോ, കളിയും ചിരിയും, പകല്‍കിളി, സന്ധ്യയിന്നും പുലരിയെതേടി, സ്വര്‍ണം പാകിയ എന്നീ ഗാനങ്ങളും ഹിറ്റുകളായി.
77 ല്‍ തന്നെ സൂര്യകാന്തി എന്ന സിനിമയിലും പാട്ടുകളൊരുക്കി.
78 ല്‍ പി.ഗോപികുമാറിന്റെ പിച്ചിപ്പൂ, ഭീംസിംഗിന്റെ മാറ്റൊലി, ബാലചന്ദ്രമേനോന്റെ പ്രഥമ ചിത്രമായ ഉത്രാടരാത്രി എന്നിവയിലെ ഗാനങ്ങളുമൊരുക്കി.
മാറ്റൊലിയിലെ ആകാശം സ്വര്‍ണം പൂശിയ, കള്ളോളം നല്ല പാനീയം, പല്ലനയാറ്റിന്‍ തീരത്തെ, വന്നാട്ടെ വരിവരി നിന്നാട്ടെ, ഉത്രാടരാത്രിയിലെ ഭ്രമണപഥംവഴി, മഞ്ഞുപൊഴിയുന്നു എന്നീ ഗാനങ്ങളും ഹിറ്റ് ചാര്‍ട്ടിലാണ്.
1983ല്‍ ജയവിജയ പഞ്ചാമൃതം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സ്വന്തമായി നിര്‍മ്മിച്ച സിനിമയായ എനിക്കു വിശക്കുന്നു(സംവിധാനം-പി.ഭാസ്‌ക്കരന്‍) എന്ന ചിത്രത്തിലെ രണ്ട് ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നു.
ഇതില്‍ അന്നേ ഒന്നേ എന്ന ഗാനം പാടിയത് ജയവിജയ തന്നെയാണ്. പകല്‍ക്കിനാവൊരു എന്ന് തുടങ്ങുന്ന ഗാനം യേശുദാസും ആലപിച്ചു.
ഈ സിനിമയുടെ കഥയും ജയവിജയയുടേതാണ്.
1988ല്‍ എന്‍.എസ്.കുമാര്‍ സംവിധാനം ചെയ്ത ആല്‍ഫ എന്ന ചിത്രത്തിലെ ഏഴ് ഗാനങ്ങള്‍ക്ക് അവസാനമായി സംഗീതം പകര്‍ന്നു.
ആലക്കോട്ടമ്പലത്തില്‍ ആനക്ക് പനിപിടിച്ചു എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടുവെങ്കിലും സിനിമ റിലീസ് ചെയ്തില്ല.
ശബരിമല ശ്രീധര്‍മ്മശാസ്താവിലെ നാല് ഗാനങ്ങളും 1972 ല്‍ എം.ബി.ശ്രീനിവാസന്‍ സംഗീതം പകര്‍ന്ന ഇനിയൊരു ജന്‍മം തരു എന്ന സിനിമയിലെ ശബ്ദസാഗരനന്ദിനിമാരെ എന്ന ഗാനവും സിനിമക്ക് വേണ്ടി ആലപിച്ചിട്ടുണ്ട്.