ഗുഗ്ഗുലുനാട്ടിലെ അധോലോക പയ്യന്‍-അധ്യായം ഒന്ന്.

    കുറുനരികള്‍ നിര്‍ത്താതെ ഓരിയിടുകയും കാലന്‍കോഴികള്‍ എന്തോ കണ്ട് ഭയപ്പെട്ട് കൂട്ടത്തോടെ കൂവുകയും ചെയ്ത, കനത്ത മഴയുള്ള ഒരു കാളരാത്രിയിലാണ് അധോലോക പയ്യന്‍ ജനിച്ചത്.

അക്കാമ്മയുടെ മൂന്നാമത്തെ പ്രസവമെടുക്കാനെത്തിയ നാടന്‍ പേറ്റിച്ചി നാണിത്തള്ള തന്നെ വിളിക്കാതെത്തിയ രാമനാശാനോട് പറഞ്ഞു. ഇത് രാഹുകാലമാണ്, പോരാതെ കാക്ക കണ്ണുതുറക്കാത്ത മഴയും വളരെ മോശപ്പെട്ട ദിവസം.

രാത്രി ഏറെ വൈകിയാണ് ഓര്‍ക്കാപ്പുറത്ത് അക്കമ്മക്ക് പേറ്റുനോവ് വന്നത് – ഇതിനു മുമ്പ് ഇല്ലാത്ത വിധത്തില്‍ അസ്വസ്ഥതകള്‍ കാണിച്ച അക്കാമ്മ എന്തോ വലിയ ദുരന്തം സംഭവിക്കാനിരിക്കുന്നതു പോലെ ദയനീയമായി തന്നെ നോക്കിയ കാര്യം രാമനാശാന്‍ നാണിത്തള്ളയോട് പറഞ്ഞു.

ഒടുവില്‍ മഴയേയും ഇരുട്ടിനേയും ശപിച്ചു കൊണ്ടാണ് തള്ള ആശാനോടൊപ്പം ഇറങ്ങിയത്. യാത്രക്കിടയില്‍ അവര്‍ മഴയെ ശപിച്ചു കൊണ്ട് പറഞ്ഞു. എന്തൊക്കെയോ ദുരന്തം സംഭവിക്കാന്‍ പോകുന്നു, അതാണ് നിര്‍ത്താതെയുള്ള ഈ പേമഴ.

യാത്രക്കിടയില്‍ ദൂരെനിന്നുള്ള കുറുനരികളുടെ ഓരിയിടല്‍ തങ്ങളോടൊപ്പം പിന്നില്‍ സഞ്ചരിക്കുന്നതായി അവര്‍ക്ക് തോന്നി.

അക്കാമ്മയുടെ അനുജത്തി മുത്തമ്മ മാത്രമേ വീട്ടില്‍ സഹായത്തിന് ഉണ്ടായിരുന്നുള്ളു.

ഗുഗ്ഗുലുവിലേക്ക് കുടിയേറി വന്ന രാമനാശാനും കുടുംബവും ഓലകൊണ്ട് മറച്ചുകെട്ടിയ  ഇറയവും ഒറ്റമുറിയുമുള്ള കുടിലിലാണ് തങ്ങളുടെ ജീവിതം കഴിച്ചുകൂട്ടുന്നത്.

അക്കമ്മയുടെ കിടപ്പ് കണ്ടപ്പോള്‍ തന്നെ നാണിത്തള്ള അപകടം മണത്തു – ഇത് ഞാന്‍ വിചാരിച്ചാല്‍ നടക്കൂല്ല ആശാനേ ആസ്പത്രിയില്‍ പോന്നതാ നല്ലതെന്ന് തള്ള പറഞ്ഞു.

കനത്ത മഴയില്‍ ആ ഒറ്റമുറി കുടില്‍ ഏത് സമയത്തും നിലംപതിപ്പിക്കുമെന്ന് തോന്നുന്ന വിധം കാറ്റ് ചുളമിട്ട് വളയം തീര്‍ക്കുന്നു.

ഈ രാത്രിയില്‍ ഞാനെന്ത് ചെയ്യാനാ നാണിയേടത്തിയെന്ന് ആശാന്‍ തിരിച്ചു ചോദിച്ചു.

ആശാനെ കുടിലിന് വെളിയിലെ ഇറയത്ത് നിര്‍ത്തി തള്ള ഓലക്കുടിലിന്റെ വാതില്‍ ചാരി.

അക്കമ്മയുടെ കരച്ചില്‍ ഉയര്‍ന്നുയര്‍ന്ന് നേര്‍ത്തു വരുന്ന ശബ്ദം മഴയുടെ ശബ്ദത്തെ തോല്‍പ്പിച്ച് രാമനാശാന്റെ കാതിലെത്തി.

പെട്ടെന്ന് ആകാശത്ത് ഒരു വെള്ളിടി വെട്ടി. ഒപ്പം സാധാരണയില്‍ നിന്ന് വ്യത്യസ്തമായി ഒരു കുഞ്ഞിന്റെ കരച്ചില്‍ ഒരു ദുരന്തമുന്നറിയിപ്പ് പോലെ പുറത്തേക്ക് വന്നു.

ഓലക്കുടിലിന്റെ വാതില്‍ തുറന്ന തള്ള ചോരക്കുഞ്ഞിനെ ആശാന് കാണിച്ചു കൊടുത്തു.

ലക്ഷണം കണ്ടിട്ട് ഈ കുഞ്ഞ് നാടിന് ശാപമായി മാറുന്ന ഒരു ജന്മമായിരിക്കുമെന്ന് ആയിരക്കണക്കിന് കുഞ്ഞുങ്ങളുടെ പേറെടുത്ത നാണിത്തള്ളക്ക് തോന്നി.

ചതിയും കള്ളത്തരവും കുതികാല്‍ വെട്ടും പെണ്‍വാണിഭവും കൂട്ടിക്കൊടുപ്പും തൊഴിലാക്കി നാടിനും നാട്ടുകാര്‍ക്കും ഒരുപോലെ ശാപമായി മാറുന്ന ഒരു നീചജന്മമായിരിക്കും ഇതെന്ന് അവര്‍ മനസില്‍ പറഞ്ഞു.

പയ്യനെ പ്രസവിച്ച ഉടനെ കടുത്ത രക്തശ്രാവം മൂലം അക്കമ്മ ഈ ലോകത്തോട് വിട പറഞ്ഞത് അതിന്റെ സൂചനയുമായി.

(തുടരും)