ഗുഗ്ഗുലുനാട്ടിലെ അധോലോക പയ്യന്-അധ്യായം-മൂന്ന്.
സ്കൂള്‍ ലൈബ്രറിയില്‍ നിന്നും ലഭിച്ച ചില പുസ്തകങ്ങളിലൂടെയും പത്രങ്ങള്‍ വഴിയുമാണ് ഹാജി മസ്താന് എന്ന അധോലോക നായകനെക്കുറിച്ച് മുന്ന ആദ്യമായി അറിയുന്നത്.
വരദരാജ മുതലിയാര്‍, കരീംലാല തുടങ്ങിയ നിരവധി അധോലോക രാജാക്കന്മാര് മുന്നയുടെ ഇഷ്ട റോള്‍മോഡലുകളായി. ഹാജി മസ്താനെപ്പോലെ ഒരാളായി മാറണമെന്നായിരുന്നു മുന്നയുടെ മനസ്സില്‍ വിരിഞ്ഞ സ്വപ്നം.
അതിന് എന്ത് ചെയ്യണമെന്ന ആലോചനയിലാണ് പിന്നീട് പയ്യന് മുഴുകിയത്. സ്വയം ഹാജി മസ്താനെന്ന് സങ്കല്‍പ്പിച്ചായിരുന്നു ഇക്കാലത്ത് മുന്നയുടെ പെരുമാറ്റ രീതികള്‍.
സ്ക്കൂളില്‍ അധ്യാപകന് ആരാവാനാണ് ആഗ്രഹം എന്ന് ചോദിച്ചപ്പോള്‍ തനിക്ക് ഹാജി മസ്താന് ആവണം എന്നായിരുന്നു മുന്നയുടെ മറുപടി.
ഒരു കളിത്തോക്കുമായി സ്ക്കൂളില്‍ വന്ന് മറ്റ് കുട്ടികളെ ഭീഷണിപ്പെടുത്താനും ഇക്കാലത്ത് മുന്ന തയ്യാറായി.
ഒരു ദിവസം മുന്ന രാമനാശാനോട് പറഞ്ഞു. അച്ഛാ എനിക്ക് ബോംബെക്ക് പോകണം. മകന്റെ ആഗ്രഹം കേട്ട് ആശാന് ഞെട്ടി.
ഗുഗ്ഗുലുവിന് പുറത്ത് എവിടെയും പോകാത്ത ആശാന് ബോംബെ എന്ന മഹാനഗരത്തെക്കുറിച്ച് ഓര്‍ക്കാന്‍പോലും സാധിക്കുമായിരുന്നില്ല.
പത്താന് ഗാംഗിന്റെയും കരീംലാലയുടെയും ഹാജിമസ്താന്റെയും വരദരാദ മുതലിയാരുടെയും അതിസാഹസ കഥകള്‍ മുന്ന പറയുന്നത് കേട്ട് ആശാന് ഞെട്ടിത്തരിച്ചിരുന്നു.
ഹാജിമസ്താന്റെ ഗാംഗില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കണം എന്ന ആഗ്രഹം മുന്നയുടെ മനസില്‍ അതിശക്തമായി രൂപപ്പെട്ടുകഴിഞ്ഞു. ഹാജിമസ്താന്‍ സര്‍ക്കാറിലും പോലീസിലും ഉണ്ടാക്കിയ ബന്ധങ്ങളും കരീംലാല, വരദരാജ മുതലിയാര്‍, ഹസന് പട്ടാണി, ശിവസേന നേതാവ് ബാല്‍ താക്കറെ എന്നിവരുമായി ഉണ്ടാക്കിയെടുത്ത സ്നേഹബന്ധങ്ങളും മുന്നയുടെ മനസില്‍ വേരുറപ്പിച്ചിരുന്നു.
ഹാജി മസ്താനും വരദരാജമുതലിയാരും തമിഴ്നാട്ടുകാരായതിനാല്‍ അവരുടെ ജന്മനാടായ രാമനാഥപുരത്തും തൂത്തുക്കുടിയിലും പോകണമെന്നും മുന്നയുടെ മനസില്‍ ആഗ്രഹം പതഞ്ഞുപൊങ്ങി.
ശരിയായ വാഹനസൗകര്യം പോലും ഇല്ലാത്ത ഗുഗ്ഗുലുവില് നിന്നും എങ്ങിനെ ഇവിടങ്ങളിലൊക്കെ പോകും എന്ന ചിന്തയാണ് അവനെ പിന്തിരിപ്പിച്ചത്.
മാത്രമല്ല യാത്രക്ക് നല്ല പണവും വേണം. എങ്ങിനെ ഗുഗ്ഗുലു പോലുള്ള സ്ഥലത്തുനിന്നും പണമുണ്ടാക്കി രാമനാഥപുരത്തും തൂത്തുക്കുടിയിലും ബോംബെയിലുമൊക്കെ പോകും എന്നാണ് മുന്ന ആലോചിച്ചത്.
ഏതുവിധേനയും പണമുണ്ടാക്കിയേ പറ്റൂ എന്ന ചിന്തയിലേക്ക് മുന്നയെ നയിച്ചത് ഈ ആഗ്രഹങ്ങളായിരുന്നു.
അതിനുവേണ്ടിയുള്ള മാര്‍ഗ്ഗങ്ങളിലേക്ക് കടന്ന മുന്നയുടെ മറ്റൊരു മുഖമാണ് ഗുഗ്ഗുലുനാട്ടുകാര് പിന്നീട് കണ്ടത്.
