കാര്‍ഷിക വായ്പക്ക് പ്രോസസിംഗ് ഫീസ്- പകുതി തുക തിരികെ നല്‍കി എസ്.ബി.ഐ.
കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ഇത് സംബന്ധിച്ച് പ്രസിദ്ധീകരിച്ച വാര്‍ത്ത പതിനായിരത്തിലേറെ ആളുകള്‍ കണ്ടിരുന്നു.
തളിപ്പറമ്പ്: വിമര്‍ശനങ്ങള്‍ക്കൊടുവില്‍ എസ്.ബി.ഐക്ക് മനംമാറ്റം. കാര്‍ഷിക വായ്പ പുതുക്കുന്നതിന് 22,000 രൂപ പ്രോസസിംഗ് ഫീസ് വാങ്ങി എസ്.ബി.ഐയുടെ കഴുത്തറുപ്പ് നടത്തിയ എസ്.ബി.ഐ 11,000 രൂപ വായ്പയെടുത്തയാള്‍ക്ക് തിരികെ നല്‍കി.
എന്നാല്‍ പ്രോസസിംഗ് ഫീസ് എന്ന പേരില്‍ ഈടാക്കിയ മുഴുവന്‍ തുകയും തിരിച്ച് കൊടുക്കണമെന്ന നിലപാടിലാണ് കര്‍ഷക സംഘടനകള്‍.
തളിപ്പറമ്പ് എസ്.ബി.ഐയില്‍ നിന്നും 3 ലക്ഷം രൂപയുടെ കാര്‍ഷിക വായ്പയെടുത്ത കേരളാ കോണ്‍ഗ്രസ് തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റും പൊതുപ്രവര്‍ത്തകനുമായ ജെയിംസ് മരുതാനിക്കാടാണ് എസ്.ബി.ഐയുടെ കൊള്ളക്കിരയായത്.
നേരത്തെ എടുത്ത 3 ലക്ഷം രൂപയുടെ കാര്‍ഷികലോണ്‍ പലിശയും മുഴുവന്‍ തുകയും അടച്ച് പുതുക്കിയശേഷം വീണ്ടും എടുത്തപ്പോഴാണ് 22,000 രൂപ പ്രോസസിംഗ് ഫീസ് എന്ന ഇനത്തില്‍ വാങ്ങിയത്.
നേരത്തെ എടുത്ത വായ്പക്ക് അത്തരത്തില്‍ പ്രോസസിംഗ് ഫീസ് വാങ്ങിയിട്ടില്ലെന്നതിനാല്‍ ജയിംസ് ഇത് സംബന്ധിച്ച് തളിപ്പറമ്പ് താലൂക്ക് വികസന സമിതിയിലും മറ്റ് ഉന്നത അധികാരികള്‍ക്കും പരാതി നല്‍കിയിരുന്നു.
പല കര്‍ഷകരും അജ്ഞതമൂലം ബാങ്കിന്റെ ചൂഷണത്തിന് വിധേയരാകുന്നുണ്ടെന്നും, അവര്‍ക്കുവേണ്ടിയാണ് ഇതിനെതിരെ രംഗത്തിറങ്ങിയതെന്നും, ഇക്കാര്യത്തില്‍ ബാങ്ക് അധികൃതര്‍ നടപടിക്രമങ്ങള്‍ പാലിക്കണമെന്നും ജയിംസ് മരുതാനിക്കാട് ആവശ്യപ്പെട്ടു.
ഈ വിഷയത്തില്‍ ബാങ്കിംഗ് ഓംബുഡ്‌സ്മാന്‍ ഉള്‍പ്പെടെയുള്ളവരെ സമീപിക്കാനൊരുങ്ങുകയാണ് അദ്ദേഹം.
കാര്‍ഷിക വായ്പക്ക് ഇത്തരത്തില്‍ പ്രോസസിംഗ് ഫീസ് ഏര്‍പ്പെടുത്തുന്നത് കര്‍ഷകരോട് കാണിക്കുന്ന കൊടിയ അനീതിയാണെന്ന വാദവുമായി കര്‍ഷക സംഘടനകളും രംഗത്തുവന്നിട്ടുണ്ട്.