മോഹന്‍-46 വര്‍ഷം കൊണ്ട് സംവിധാനം ചെയ്തത് കാലം കയ്യൊപ്പ് ചാര്‍ത്തിയ 23 സിനിമകള്‍.
കരിമ്പം.കെ.പി.രാജീവന്.
സ്വവര്‍ഗാനുരാഗികളുടെ ജീവിതം വിഷയമാക്കി ഭാരതീയഭാഷകളില്‍ രചിക്കപ്പെട്ട ആദ്യത്തെ നോവലായ രണ്ടു പെണ്‍കുട്ടികള്‍ ചലച്ചിത്രമാക്കിക്കൊണ്ടാണ് 1978 ല്‍ മോഹന്‍ എന്ന സംവിധായകന്റെ തുടക്കം.
രണ്ടുപെണ്‍കുട്ടികള്‍ തമ്മിലുള്ള ഊഷ്മള സ്നേഹത്തിന്റെ വികാരവിക്ഷുബ്ധത ആവാഹിച്ച രചന.
ഇഴപിരിയാനാഗ്രഹിക്കാത്ത മട്ടില്‍ പരസ്പരം പ്രണയിച്ച സതീര്‍ത്ഥ്യരുടെ ഹൃദയവികാരങ്ങള്‍ തരളിത ഭാഷയില്‍ കയ്യൊതുക്കത്തോടെയാണ് വി.ടി.നന്ദകുമാര്‍ പകര്‍ത്തിവെച്ചിരുന്നത്.
മലയാളത്തിലെ ആദ്യത്തെ ലസ്ബിയന്‍ നോവലെന്ന് വിശേഷിപ്പിക്കാവുന്ന ഇത് ചലച്ചിത്രമാക്കുമ്പോള്‍ സെക്സിന് ഇഷ്ടം പോലെ അവസരമുണ്ടെങ്കിലും ഈ സിനിമ അത്തരത്തിലൊരു അവസരം സൃഷ്ടിക്കാതെ അതിമനോഹരമായി അവതരിപ്പിക്കാന്‍ കഴിഞ്ഞുവെന്നതാണ് അദ്ദേഹത്തിന്റെ വിജയം.
നാടകകൃത്ത് സുരാസുവിനെക്കൊണ്ടാണ് മോഹന്‍ രണ്ടുപെണ്‍കുട്ടികള്‍ക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയത്.
നോവലിന്റെ ആത്മാവ് ചോരാതെ ക്ലീന്‍ സിനിമയാക്കി മാറ്റുന്ന വിധത്തിലുള്ള തിരക്കഥ വേണമെന്നാണ് അന്ന് മോഹന്‍ ആവശ്യപ്പെട്ടിരുന്നതെന്ന് സുരാസു ഒരഭിമുഖത്തില്‍ പറഞ്ഞിരുന്നു.
അത് നൂറുശതമാനവും വിജയം നേടി. സിനിമയില്‍ അഭിനയിച്ച രണ്ടുപെണ്‍കുട്ടികളില്‍ ഒരാളായ അനുപമയെ മോഹന്‍ ജീവിതസഖിയാക്കുകയും ചെയ്തു.
46 വര്‍ഷത്തിനിടയില്‍ വെറും 23 സിനിമകള്‍ മാത്രമാണ് മോഹന്‍ സംവിധാനം ചെയ്തത്.
തനിക്ക് കൊള്ളാമെന്ന് തോന്നുന്ന വിഷയങ്ങള്‍ മാത്രമേ ചെയ്യൂ എന്ന കടുംപിടുത്തക്കാരനായിരുന്നു അദ്ദേഹം.
1979 ല്‍ വാടകവീട് എന്ന സിനിമക്ക് ശേഷം 1980 ല്‍ പെരുമ്പടവം ശ്രീധരന്റെ ശ്രദ്ധേയമായ നോവല്‍ സൂര്യദാഹവും മോഹന്‍ ചലച്ചിത്രമാക്കി. അതേ വര്‍ഷം തന്നെ പത്മരാജന്റെ തിരക്കഥയില്‍ കൊച്ചു കൊച്ചുതെറ്റുകള്‍ എന്ന ഒരു അഡല്‍സ് ഓണ്‍ലി സിനിമയും മോഹന്‍ സംവിധാനം ചെയ്തു.
പത്മരാജന്റെ തന്നെ തിരക്കഥയില്‍ വന്ന ശാലിനി എന്റെ കൂട്ടുകാരി അന്നത്തെ സൂപ്പര്‍ഹിറ്റ് സിനിമയായി മാറിയതോടെ മോഹന്റെ ശുക്രദശ തെളിഞ്ഞു.
1981 ല്‍ ജോണ്‍പോളിന്റെ തിരക്കഥയില്‍ കഥയറിയാതെയും വിടപറയും മുമ്പേയും സംവിധാനം ചെയ്തു. വിടപറയും മുമ്പേ അന്ന് കളക്ഷനില്‍ റിക്കാര്‍ഡ് നേടിയ സിനിമയായിരുന്നു.
1982 മോഹന്റെ ചലച്ചിത്ര സംവിധാന ജീവിതത്തില്‍ അടയാളപ്പെടുത്തേണ്ട വര്‍ഷമായിരുന്നു.
നാല് സിനിമകളാണ് ആ വര്‍ഷം മോഹന്‍ സംവിധാനം ചെയ്തത്. നെടുമുടി വേണുവിനെ വ്യത്യസ്ത വേഷത്തില്‍ അവതരിപ്പിച്ച ആലോലം(1982), ഇളക്കങ്ങള്‍(1982), പെരുമ്പടവത്തിന്റെ നോവലായ നിറം മാറുന്ന നിമിഷങ്ങള്‍, പത്മരാജന്റെ തിരക്കഥയില്‍ ഇടവേള. നാല് യുവാക്കളുടെ ദുരന്തങ്ങളുടെ കഥ പറഞ്ഞ ഈ സിനിമ പലരുടെയും മനസില്‍ ഒരു വിങ്ങലായി ഇന്നും നിലനില്ക്കുന്നു.
ഈ സിനിമയിലൂടെയാണ് പുതുമുഖനടന് ബാബു ഇടവേള ബാബുവായി മാറിയത്.
നൃത്ത സംവിധായകന് വൈക്കം മൂര്‍ത്തിയുടെ മകള്‍ നളിനിയെ നായികയായി അവതരിപ്പിച്ചതും ഇടവേളയാണ്.
ആന്റണി ഈസ്റ്റ്മാന്റെ കഥക്ക് ജോണ്‍പോള്‍ തിരക്കഥ എഴുതിയ രചന(1983)മറ്റൊരു സൂപ്പര്‍ ഹിറ്റായിരുന്നു.
സംഗീതസംവിധായകന് എം.ബി.ശ്രീനിവാസനും ഇതില്‍ അഭിനയിച്ചു. 1984 ല്‍ മംഗളം നേരുന്നു, 86 ല്‍ ഒരു കഥ ഒരു നുണക്കഥ, 87 ല്‍ ശ്രുതി, തീര്‍ത്ഥം, 1988 ല്‍ ഗുഡ്നൈറ്റ് മോഹന്‍ സിനിമാ നിര്‍മ്മാണത്തിന് തുടക്കംകുറിച്ച ഇസബെല്ലയും സംവിധാനം ചെയ്തു.
അതേ വര്‍ഷം തന്നെ മോഹന്‍ലാലിനെ നായകനാക്കി സസ്പെന്‍സ് ത്രില്ലര്‍ ഗണത്തില്‍ പെട്ട മുഖം എന്ന സിനിമയും പുറത്തുവന്നു.
1994 ല്‍ മോഹന്‍ലാലിനെ തന്നെ നായകനാക്കി പക്ഷെ, 94 ല്‍ മഞ്ജുവാര്യരുടെ ആദ്യസിനിമയായ സാക്ഷ്യം, 1999 ല്‍ നെടുമുടിവേണുവിന്റെ കഥക്ക് ശ്രീനിവാസന് തിരക്കഥയും സംഭാഷണവും രചിച്ച അങ്ങനെ ഒരു അവധിക്കാലത്ത് എന്നീ സിനിമകളും സംവിധാനം ചെയ്തു. മംഗളം നേരുന്നു, മുഖം എന്നീ സിനിമകള്‍ മോഹന്‍ തന്നെ നിര്‍മ്മിക്കുകയായിരുന്നു.
ഇവ രണ്ടും വേണ്ടത്ര സാമ്പത്തിക വിജയം നേടിയില്ല.
പിന്നീട് ആറ് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് 2005 ല്‍ ചെറിയാന് കല്‍പ്പകവാടിയുടെ രചനയില്‍ മഞ്ജുവാര്യരുടെ സഹോദരന് മധുവാര്യരെ നായകനാക്കി യുവാക്കള്‍ക്ക് പ്രാധാന്യം നല്കിയ ദി കാമ്പസ് എന്ന ചിത്രം സംവിധാനം ചെയ്തത്.
ഈ സിനിമയുടെ സാമ്പത്തിക പരാജയം അദ്ദേഹത്തെ തളര്‍ത്തി.
കഴിഞ്ഞ 19 വര്‍ഷമായി സംവിധാന രംഗത്തുനിന്ന് മോഹന്‍ വിട്ടുനില്‍ക്കുകയായിരുന്നുവെങ്കിലും നല്ല സിനിമകള്‍ കണ്ടും പുസ്തകങ്ങള്‍ വായിച്ചും പൊതുപരിപാടികളില്‍ പങ്കെടുത്തും മോഹന്‍ രംഗത്ത് സജീവമായിരുന്നു.