ജസ്റ്റിസ് നിതിന്‍ ജാംദാറിനെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിച്ചു.

ന്യൂഡല്‍ഹി: ബോംബെ ഹൈക്കോടതിയിലെ ജസ്റ്റിസ് നിതിന്‍ ജാംദാറിനെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിച്ച് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഉള്‍പ്പടെ എട്ട് ഹൈക്കോടതികള്‍ക്ക് കൂടി പുതിയ ചീഫ് ജസ്റ്റിസുമാരെ നിയമിച്ചു.

ജസ്റ്റിസ് നിതിന്‍ ജാംദാര്‍ വൈകാതെ തന്നെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ബോംബെ ഹൈക്കോടതിയില്‍ ചീഫ് ജസ്റ്റിസ് ഡി കെ ഉപാധ്യായ കഴിഞ്ഞാല്‍ ഏറ്റവും സീനിയര്‍ ആയ ജഡ്ജിയാണ് നിതിന്‍ ജാംദാര്‍. ഷോലപുര്‍ സ്വദേശിയായ ജസ്റ്റിസ് നിതിന്‍ ജാംദാര്‍ ബോംബെ ഹൈക്കോടതിയുടെ ആക്ടിങ് ചീഫ് ജസ്റ്റിസായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ബോംബെ ഹൈക്കോടതിയിലെ തന്നെ ജസ്റ്റിസ് കെ ആര്‍ ശ്രീറാമിനെ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിച്ച് കൊണ്ടുള്ള വിജ്ഞാപനവും കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. ജനിച്ചത് മുംബൈയില്‍ ആണെങ്കിലും ജസ്റ്റിസ് കെ ആര്‍ ശ്രീറാമിന്റെ കുടുംബം തൃശൂര്‍ ജില്ലയിലെ വടക്കാഞ്ചേരിയില്‍ നിന്നാണ്.

പ്രമുഖ സീനിയര്‍ അഭിഭാഷകന്‍ എസ് വെങ്കിടേശ്വരന്റെ ജൂനിയറായി 1986-ല്‍ ആണ് കെ ആര്‍ ശ്രീറാം പ്രാക്ടീസ് ആരംഭിക്കുന്നത്. ഷിപ്പിംഗ്, ഇന്റര്‍നാഷണല്‍ ട്രേഡ് ലോ എന്നിവയുമായി ബന്ധപ്പെട്ട സുപ്രധാനമായ പല കേസുകളിലും അഭിഭാഷകനായി ഹാജരായിട്ടുണ്ട്. 2013 ജൂണ്‍ 21-ന് ബോംബെ ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെട്ടു.

 

മറ്റ് ചീഫ് ജസ്റ്റിസുമാര്‍ ഇവര്‍

ജസ്റ്റിസ് മന്‍മോഹന്‍- ദില്ലി ഹൈക്കോടതി

ജസ്റ്റിസ് രാജീവ് ശഖ്ദര്‍- ഹിമാചല്‍ പ്രദേശ് ഹൈക്കോടതി

ജസ്റ്റിസ് സുരേഷ് കുമാര്‍ കെയ്ത് – മധ്യപ്രദേശ് ഹൈക്കോടി

ജസ്റ്റിസ് ഇന്ദ്ര പ്രസന്ന മുഖര്‍ജി – മേഘാലയ ഹൈക്കോടതി

ജസ്റ്റിസ് തഷി റബ്സ്ഥാന്‍ – ജമ്മു ആന്റ് കശ്മീര്‍, ലഡാക്ക് ഹൈക്കോടതി

ജസ്റ്റിസ് എം.എസ് രാമചന്ദ്ര റാവു – ജാര്‍ഖണ്ഡ് ഹൈക്കോടതി