കുറ്റിയാട്ടൂരില്‍ ഗ്രാമസഭകള്‍ പാര്‍ട്ടി ഓഫീസില്‍ നടത്താനുള്ള പഞ്ചായത്ത് തീരുമാനത്തിന് തിരിച്ചടി, പരാതിയെ തുടര്‍ന്ന് വേദി മാറ്റി
കുറ്റിയാട്ടൂര്‍: കുറ്റിയാട്ടൂര്‍ ഗ്രാമപഞ്ചായത്തില്‍ കാര്‍ഷികഗ്രാമസഭ സി പി എം പാര്‍ട്ടി ഓഫീസില്‍ നടത്താനുള്ള പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനത്തിന് തിരിച്ചടി.
വാര്‍ഡ് 6 വടുവന്‍കുളം എ കെ ജി മന്ദിരത്തില്‍ നടത്താന്‍ നിശ്ചയിച്ച ഗ്രാമസഭയാണ് കുറ്റിയാട്ടൂര്‍ സര്‍വ്വീസ് ബാങ്ക് ഹാളിലേക്കും വാര്‍ഡ് 10 കട്ടോളി ഇ എം എസ് മന്ദിരത്തില്‍ നിന്നും കട്ടോളി ജനാര്‍ദ്ദനന്‍ മാസ്റ്ററുടെ വീട്ടിലേക്കും വാര്‍ഡ് 13 നായനാര്‍ മന്ദിരത്തില്‍ നിന്നും കാവുംചാല്‍ അങ്കണവാടിയിലേക്കുമാണ് ഗ്രാമസഭയുടെ വേദി മാറ്റിയത്.
പാര്‍ട്ടി ഓഫീസില്‍ ഗ്രാമസഭ തീരുമാനിച്ച പഞ്ചായത്ത് നടപടിക്കെതിരെ യൂത്ത് കോണ്‍ഗ്രസ്സ് തളിപ്പറമ്പ് നിയോജക മണ്ഡലം പ്രസിഡന്റ് അമല്‍ കുറ്റിയാട്ടൂര്‍ എല്‍.എസ്.ജി.ഡി ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് രേഖാമൂലം പരാതി നല്‍കി.
ഒരു തരത്തിലും പാര്‍ട്ടി ഓഫിസുകളില്‍ ഗ്രാമസഭ നടത്തുന്നത് ശരിയായ പ്രവണതയല്ലെന്ന് മറുപടി ലഭിക്കുകയും എത്രയും പെട്ടെന്ന് തന്നെ അനുയോജ്യമായ മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്നതിന് വേണ്ടിയുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്ന് ജോ.ഡയറക്ടര്‍ പഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.
ഇതിനെ തുടര്‍ന്ന് ഇന്ന് ഗ്രാമസഭയുടെ വേദി മാറ്റി പുനര്‍ നിശ്ചയിക്കുകയാണ് ഉണ്ടായത്.