മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എം.ടി. പത്മ നിര്യാതയായി

കോഴിക്കോട്: മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന എം.ടി. പത്മ (81) നിര്യാതയായി.

വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് മുംബൈയിലായിരുന്നു അന്ത്യം.

മുംബൈയില്‍ മകള്‍ക്കൊപ്പമായിരുന്നു ഏറെ നാളായി താമസം.

മൃതദേഹം ബുധനാഴ്ച കോഴിക്കോട്ടെത്തിക്കും.

കോഴിക്കോട് ലോ കോളജില്‍ പഠിക്കുമ്പോള്‍ കെ.എസ്.യുവിലൂടെയാണ് രാഷ്ട്രീയ ജീവിതം തുടങ്ങിയത്.

കെ.എസ്.യു ജില്ല വൈസ് പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

14 വര്‍ഷത്തോളം കോഴിക്കോട് വിവിധ കോടതികളില്‍ അഭിഭാഷക ജീവിതവും നയിച്ചു.

1982-ലാണ് ആദ്യമായി നിയമസഭയിലേക്ക് മത്സരിച്ചത്.

അന്ന് നാദാപുരത്തു നിന്ന് 2000ല്‍ പരം വോട്ടുകള്‍ക്ക് തോറ്റു.

പിന്നീട് 1987ലും 1991ലും കൊയിലാണ്ടിയില്‍ നിന്ന് മത്സരിച്ച് ജയിച്ചു.

1991ല്‍ കെ. കരുണാകരന്‍ -എ.െക. ആന്റണി മന്ത്രിസഭയില്‍ ഫിഷറീസ് ഗ്രാമവികസന മന്ത്രിയായി.

1999ല്‍ പാലക്കാടുനിന്ന് ലോക്സഭയിലേക്ക് മത്സരിച്ച് സി.പി.എമ്മിലെ എന്‍.എന്‍. കൃഷ്ണദാസിനോട് 30,000 വോട്ടുകള്‍ക്ക് തോറ്റു.

2004ല്‍ വടകരയില്‍നിന്ന് മത്സരിച്ചെങ്കിലും 1,30,000 വോട്ടുകള്‍ക്ക് സി.പി.എമ്മിലെ സതീദേവിയോട് തോറ്റു.

കെ. കരുണാകരന്‍ ഡി.ഐ.സി രൂപീകരിച്ചപ്പോള്‍ അതിലേക്കു പോയ പത്മ പിന്നീട് കോണ്‍ഗ്രസില്‍ തിരിച്ചു വന്നു.

2013-ല്‍ കോഴിക്കോട് കോര്‍പറേഷന്‍ കൗണ്‍സിലറും കോര്‍പറേഷനിലെ പ്രതിപക്ഷ നേതാവുമായി.