കലോല്‍സവനഗരിയില്‍ നിയമബോധവല്‍ക്കരണ കേന്ദ്രവും

പയ്യന്നൂര്‍:പയ്യന്നൂരില്‍ നടക്കുന്ന ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി ബോധവല്‍ക്കരണ കേന്ദ്രം ആരംഭിച്ചു.

ചെയര്‍മാനും പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജുമായ കെ.ടി.നിസാര്‍ അഹമ്മദിന്റെ നിര്‍ദ്ദേശാനുസരണമാണ് കണ്ണൂര്‍ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ നിയമസേവന ബോധവല്‍ക്കരണ സ്റ്റാള്‍ ആരംഭിച്ചത്.

സ്റ്റാള്‍ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറിയും സബ്ജഡ്ജുമായ പി. മഞ്ജു ഉദ്ഘാടനം ചെയ്തു.

പയ്യന്നൂര്‍ സബ് ജഡ്ജ് എം.എസ്. ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

നിയമ സേവന അതോറിറ്റി നല്‍കുന്ന വിവിധ സേവനങ്ങളെ കുറിച്ചുള്ള ലഘുലേഖകളും പുസ്തകങ്ങളും സ്റ്റാളില്‍ പൊതുജനങ്ങള്‍ക്കായി സജ്ജീകരിച്ചിട്ടുണ്ട്.

സൗജന്യ നിയമസേവനത്തിന് അര്‍ഹതപ്പെട്ടവര്‍ ഈ സ്റ്റാളുമായി ബന്ധപ്പെട്ടാല്‍ സൗജന്യ നിയമസഹായം ലഭിക്കുന്നതാണ്.

സ്ത്രീകള്‍, കുട്ടികള്‍, അംഗ വൈകല്യം സംഭവിച്ചവര്‍, പട്ടികജാതി പട്ടിക വര്‍ഗ്ഗക്കാര്‍, തുടങ്ങിയവര്‍ക്കും പൊതു വിഭാഗത്തില്‍പ്പെട്ട മൂന്നുലക്ഷം രൂപയില്‍ താഴെ വരുമാനം ഉള്ളവര്‍ക്കും തീര്‍ത്തും സൗജന്യമായി നിയമ സേവനം ലഭിക്കുന്നതാണ്.

മേല്‍പ്പറഞ്ഞ സേവനങ്ങള്‍ പൊതുജനങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തണമെന്ന് തളിപ്പറമ്പ് താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി ചെയര്‍മാനും ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജുമായ എം. രാജേഷ് അഭ്യര്‍ത്ഥിച്ചു.

തളിപ്പറമ്പ് താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി സെക്രട്ടറി തുഷാര മോഹന്‍, പാരാ ലീഗല്‍ വളണ്ടിയര്‍മാര്‍ എന്നിവര്‍ സംബന്ധിച്ചു