കാര്‍ത്തിക്കിന്റെ ധീരതക്ക് അഗ്നിരക്ഷാസേനയുടെ പ്രശംസ.

തളിപ്പറമ്പ്: നീന്തല്‍ കുളത്തില്‍ വീണ് മുങ്ങിത്താഴ്ന്ന എല്‍.കെ.ജി  വിദ്യാര്‍ത്ഥിയെ രക്ഷിച്ച എട്ടാംക്ലാസുകാരനെ അഗ്നിശമനസേന സ്‌ക്കൂളിലെത്തി അഭിനന്ദിച്ചു.

തളിപ്പറമ്പ് പുഷ്പഗിരി സെന്റ് ജോസഫ് ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി കാര്‍ത്തിക്കിനെയാണ് തളിപ്പറമ്പ് അഗ്‌നി രക്ഷാസേന സ്‌റ്റേഷന്‍ ഓഫീസര്‍ പ്രേമരാജന്‍ കക്കാടി ഉപഹാരം നല്‍കി അഭിനന്ദിച്ചത്.

കരുവഞ്ചാലില്‍ നീന്തല്‍ കുളത്തില്‍ വീണ ഇതേ സ്‌കൂളിലെ എല്‍.കെ.ജി വിദ്യാര്‍ത്ഥി ശിവദത്തിനെയാണ് സ്‌കൗട്ട് ആന്റ് ഗൈഡിലെ അംഗവും കൂവേരി കൊട്ടക്കാനം കെ.വി.സജിത്ത്- ജിതുപ്രിയ ദമ്പതികളുടെ മകനുമായ കാര്‍ത്തിക്ക് രക്ഷിച്ചത്.

സ്റ്റേഷന്‍ ഓഫീസര്‍ പ്രേമരാജന്‍ കക്കാടിയുടെ നേതൃത്വത്തില്‍ അസി. സ്റ്റേഷന്‍ ഓഫീസര്‍ പി.കെ.ജയരാജന്‍, ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍മാരായ രജീഷ് കുമാര്‍, കിരണ്‍, ഹോം ഗാര്‍ഡ് അനൂപ് എന്നിവരാണ് സ്‌ക്കൂളിലെത്തി കാര്‍ത്തിക്കിനെ അഭിനന്ദിച്ചത്.

കാര്‍ത്തിക് സംഭവം വിശദീകരിച്ച് സംസാരിച്ചു.

സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ മറിയ ടോം സ്വാഗതവും സിസ്റ്റര്‍ നവ്യറോസ് നന്ദിയും പറഞ്ഞു.